ഇഴഞ്ഞുനീങ്ങുന്ന ജലസേചനപദ്ധതികള്‍: പഠനത്തിന് വിദഗ്ധ സമിതി  

0

സംസ്ഥാനത്തെ കാര്‍ഷികപുരോഗതി ലക്ഷ്യമാക്കി രൂപം നല്‍കിയ നാലു ബൃഹത് ജലസേചനപദ്ധതികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ സമഗ്രമായ വിദഗ്ധ പഠനം നടത്തി മാറ്റങ്ങളോടെ നടപ്പാക്കുന്നതിന് തീരുമാനിച്ചതായി ജലവിഭവവകുപ്പുമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ഈ പദ്ധതികളുടെ പേരില്‍ ഇതുവരെ കോടികളാണ് ചെലവഴിച്ചത്. ഈ സ്ഥിതിക്കു മാറ്റം വരുത്താനാണ് ആസൂത്രണബോര്‍ഡിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുന്നതിനു മുന്‍കൈയെടുത്തതെന്നും മന്ത്രി അറിയിച്ചു. ബാണാസുരസാഗര്‍, കാരാപ്പുഴ, ഇടമലയാര്‍, മൂവാറ്റുപുഴ എന്നീ ജലസേചനപദ്ധതികള്‍ യഥാക്രമം 1971, 1978, 1981, 1983 വര്‍ഷങ്ങളിലാണ് ആരംഭിച്ചത്. 

ഓരോ പദ്ധതിയുടെയും പ്രാരംഭ എസ്റ്റിമേറ്റ് ബാണാസുരസാഗര്‍- 11.37 കോടി, കാരാപ്പുഴ- 7.6 കോടി, ഇടമലയാര്‍- 17.07 കോടി, മൂവാറ്റുപുഴ 48.08 കോടി എന്നിങ്ങനെയായിരുന്നു. എന്നാല്‍ പദ്ധതിയും ഒരിക്കലും പണിതീരാത്ത പദ്ധതികളായി പതിറ്റാണ്ടുകള്‍ പിന്നിട്ടതോടെ എസ്റ്റിമേറ്റു തുകയില്‍ വന്‍ വര്‍ധനവുണ്ടായി. ബാണാസുരസാഗര്‍ പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 185 കോടിയായി പുനര്‍നിര്‍ണയിച്ചു, 53.81 കോടി ചെലവഴിച്ചു. കാരാപ്പുഴ 560 കോടി (315.3 കോടി), ഇടമലയാര്‍ 1661 കോടി (428.66 കോടി), മൂവാറ്റുപുഴ 945 കോടി (920 കോടി) എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ച എസ്റ്റിമേറ്റു തുകകള്‍. (ബ്രാക്കറ്റില്‍ ചെലവഴിച്ച തുകകള്‍). ഇതുപ്രകാരം വിദഗ്ധ പഠനം നടത്തി പദ്ധതികളിലെ ഘടകങ്ങളെ മൂന്നായി തിരിക്കും. ഭീമമായ തുക ചെലവഴിച്ച സ്ഥിതിക്ക് അല്‍പ്പംകൂടി ചെലവഴിച്ച് പ്രയോജനകരമായ ഘട്ടത്തിലെത്തിക്കാന്‍ കഴിയുന്നവ, ഇപ്പോഴത്തെ സ്ഥിതിയില്‍ മിനുക്കുപണികളോടെ പ്രയോജനമുണ്ടാക്കാന്‍ കഴിയുന്നവ, പൂര്‍ണമായി തുടര്‍ജോലികള്‍ നിര്‍ത്തിവയ്‌ക്കേണ്ടവ എന്നിങ്ങനെ. പഠനത്തിനായി വിദഗ്ധസമിതിയെ ഉടന്‍ നിയമിക്കാനും സമയബന്ധിതമായി പഠനം പൂര്‍ത്തീകരിക്കാനുമാണ് നിര്‍ദ്ദേശം.കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കബനീ ബേസിനില്‍ നിന്നും 21 ടി.എം.സി വെള്ളം സംസ്ഥാനത്തിനു ലഭ്യമാക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ആസൂത്രണബോര്‍ഡ് യോഗത്തില്‍ ജലവിഭവമന്ത്രിയെക്കൂടാതെ ധനകാര്യ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ. രാമചന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി വി. എസ്. സെന്തില്‍, ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആസൂത്രണബോര്‍ഡ് അംഗങ്ങളായ ടി. ജയരാമന്‍, ആര്‍ രാംകുമാര്‍, ജയന്‍ ജോസ് തോമസ്, കെ.എന്‍ ഹരിലാല്‍ എന്നിവരും ജലവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു