റബ്ബര്‍ പ്രതിസന്ധി: സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

റബ്ബര്‍ പ്രതിസന്ധി: സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

Wednesday May 31, 2017,

2 min Read

കേരളത്തിലെ റബ്ബര്‍ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനു ബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

image


കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടി കൊടുത്തിരുന്ന റബ്ബര്‍ കൃഷി ഇന്ന് നേരിടുന്ന പ്രതിസന്ധി പ്രധാനമന്ത്രിയെ ധരിപ്പിക്കും. വിലത്തകര്‍ച്ചയെത്തുടര്‍ന്ന് കര്‍ഷകര്‍ ഈ മേഖലയില്‍ തുടരാനാകാത്ത അവസ്ഥയിലാണ്. റബ്ബര്‍ ഉല്പാദനവും വരുമാനവും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഈ മേഖ ലയുടെ സുസ്ഥിര പരിരക്ഷയ്ക്കുളള നടപടികള്‍ പ്രധാനമന്ത്രിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തും. റബ്ബര്‍ മേഖലയുടെ സംരക്ഷണത്തിനുളള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ കോട്ടയത്ത് ഒരു റബ്ബര്‍ അധിഷ്ടിത അഗ്രോ പാര്‍ക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തിലുളള റബ്ബര്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മറ്റ് വിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുളള സംവിധാനങ്ങളും മെച്ചപ്പെടുത്തും. ഉല്പന്നങ്ങളുടെ ലഭ്യത, ഉല്പാദന ക്ഷമത എന്നിവ സംബന്ധിച്ച് പഠനം നടത്തി കൂടുതല്‍ ചിട്ടപ്പെടുത്തിയ മാര്‍ക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താനും നടപടി ഉണ്ടാകും. കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുന്നതിനുളള പരിമിതികള്‍ മറികടക്കുന്നതിനുളള നയങ്ങളും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിലും മൂല്യ വര്‍ദ്ധിത ഉല്പന്ന യൂണിറ്റ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഷിക നഷ്ട പരിഹാരം നല്‍കുന്നതിനുളള സ്‌കീമില്‍ വരുത്തിയിട്ടുളള മാറ്റമനുസരിച്ച് കര്‍ഷകര്‍ക്ക് നിലവിലെ നിരക്കിന്റെ 13 ഇരട്ടി വരെ നഷ്ടപരിഹാരം ലഭിക്കും. 'ഓണത്തിന് ഒരുമുറം പച്ചക്കറി എന്റെ വീട്ടില്‍' എന്ന മുദ്രാവാക്യത്തോടെ 68 ലക്ഷം കൂടുംബങ്ങളില്‍ പച്ചക്കറി വിത്ത് ലഭ്യമാക്കുന്നതോടൊയുളള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാലയങ്ങളുടെയും സഹകരണത്തോടെ ഉടന്‍ ആരംഭിക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു. മണ്ണിലും ചെളിയിലും ഇറങ്ങുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ രീതിക്ക് ഊന്നല്‍ നല്‍കുമെന്നും കൃഷി പഠിക്കാതെ പത്താംക്ലാസ് പാസാകാന്‍ ആരേയും അനുവദിക്കുകയില്ലെന്നും ചടങ്ങില്‍ പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി പ്രൊഫി. സി. രവീന്ദ്രനാഥ് പറഞ്ഞു. ഹരിത കേരളം പച്ചക്കറി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും 2016-17 ല്‍ പച്ചക്കറി കൃഷി ചെയ്ത മികച്ച സ്‌കൂളുകള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. മികച്ച സ്‌കൂളിനുളള അവാര്‍ഡ് ചാമംപതാല്‍ ഹോളി ഫാമിലി ഇന്റര്‍നാഷണല്‍ സ്‌കൂളും മികച്ച പൊതു സ്ഥാപനത്തിനുളള അവാര്‍ഡ് വൈക്കം ഗവ. വെസ്റ്റ് വി.എച്ച്.എസും മികച്ച സ്വകാര്യ സ്ഥാപനത്തിനുളള അവാര്‍ഡ് പാലപ്ര ഗദ്‌സമേന്‍ ആശ്രമവും മികച്ച പ്രധാന അദ്ധ്യാപകനുളള അവാര്‍ഡ് വൈക്കം ഗവ. വെസ്റ്റ് വി.എച്ച്.എസിലെ പ്രധാന അദ്ധ്യാപിക കെ.കെ ചന്ദ്രമതിയും മികച്ച അദ്ധ്യാപകനുളള അവാര്‍ഡ് കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഫാദര്‍ ജോയി കട്ടിയാക്കലും മികച്ച വിദ്യാര്‍ത്ഥിക്കുളള അവാര്‍ഡ് കല്ലറ സെന്റ തോമസ് എച്ച്.എസിലെ ഹരിപ്രസാദും മികച്ച കര്‍ഷകനുളള അവാര്‍ഡ് ശ്രീകുമാര്‍ പന്തപ്ലാക്കലും മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്കുളള അവാര്‍ഡ് മാഗി മെറീനയും (മാടപ്പള്ളി), മികച്ച കൃഷി ഓഫീസര്‍ക്കുളള അവാര്‍ഡ് റീന കുര്യനും (മരങ്ങാട്ടുപ്പള്ളി), മികച്ച കൃഷി അസിസ്റ്റന്റിനുളള അവാര്‍ഡ് മജ്ജു പുരുഷോത്തമനും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. സി.കെ ആശ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആത്മപദ്ധതികളുടെ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത പദ്ധതി വിശദീകരിച്ചു. കാര്‍ഷിക കേരളം-ഭാവിയും വെല്ലുവിളിയും എന്ന വിഷയത്തിലുളള സെമിനാറില്‍ കുട്ടനാട് കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. ഡോ.കെ.ജി പത്മകുമാര്‍ വിഷയാവതരണം നടത്തി. ജില്ലാ കളക്ടര്‍ സി.എ ലത സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വികസന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ജില്ലയില്‍ നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.