അഫ്‌സ്പയുടെ നേര്‍ക്കാഴ്ചയുമായി മൂന്ന് യുവാക്കള്‍

0

മകനോ ഭര്‍ത്താവോ സഹോദരനോ പുറത്തു പോയാല്‍ തിരിച്ചെത്തുന്നത് ഒരു വെള്ളത്തുണിക്കെട്ടായിട്ടായിരിക്കാം. മണിപ്പൂരിലെ സ്ത്രീകള്‍ക്ക് എന്നും ഇതൊരു പെടി സ്വപ്നമായി അവശേഷിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ തുടരുന്ന അഫ്‌സ്പ നിയമത്തിന്റെ ദുരിതം പേറി മനസിനെ കല്ലാക്കി ഇവര്‍ ജിവിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇവരുടെ പച്ചയായ ജീവിതത്തിന്റെ നേര്‍ക്കാഴ്ച ജനങ്ങളിലെത്തിക്കുകയായിരുന്നു മലയാളികളായ ആ മൂന്ന് യുവാക്കളുടെ ലക്ഷ്യം.

അഫ്‌സ്പയ്‌ക്കെതിരെ ഇറോംശര്‍മിളയുടെ നിരാഹാരം ആരംഭിച്ചിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. അവരുടെ ജീവിതത്തിലൂടെ അഫ്‌സ്പയുടെ കഥപറയാനാണ് അവര്‍ ശ്രമിച്ചത്. അതിനായി തിരുവനന്തപുരം സ്വദേശികളായ അഷ്‌കറും യൂസഫ് സലീമും ദാവൂതും മണിപ്പൂരിലേക്ക് വണ്ടികയറി. അവിടെ എത്തിയപ്പോഴാണ് അവരുടെ സമാന ചിന്താഗതിക്കാരിയായ ഒരു കൂട്ടുകാരിയെക്കൂടി ലഭിച്ചത്. മണിപ്പൂര്‍ സ്വദേശി രഞ്ചിത.

മണിപ്പൂരില്‍ പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമം പൂര്‍ണമായും പിന്‍വലിക്കണമൊവശ്യപ്പെട്ട് വര്‍ഷങ്ങളായി നിരാഹാര സമരം നടത്തുന്ന ഇറോം ചാനു ശര്‍മ്മിളയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്ന സാഹചര്യത്തിലാണ് ഡോക്യുമെന്ററിയെന്ന ആശയം ഈ യുവാക്കള്‍ ആലോചിക്കുന്നത്.

ഇന്ത്യയുടെ ഏഴ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ 1958ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അഫ്‌സ്പ നടപ്പിലാക്കിയത്. സൈനത്തിന്റെ അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്ന നിയമത്തില്‍ ബലിയാടാകുന്നത് അവിടത്തെ സ്ത്രീ ജനങ്ങളാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതമാണ് ഡോക്യുമെന്ററിയുലടനീളം.

ശുഭാപ്തി വിശ്വാസത്തോടെയാണ് മണിപ്പൂരിലേക്ക് തിരിച്ചതെങ്കിലും ഇവര്‍ക്ക് പട്ടാളക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബസില്‍ യാത്ര ചെയ്യുമ്പോള്‍ മിക്കപ്പോഴും വാഹനം തടഞ്ഞ് ബാഗ് പരിശോധിക്കുമായിരുന്നു. ക്യാമറയും അനുബന്ധ സാമഗ്രികളും ഒളിപ്പിച്ചാണ് യാത്ര ചെയ്തിരുന്നത്. ത്രിപുരയിലെ ആര്‍മി ഓഫീസ് രഹസ്യമായി ചിത്രീകരിക്കാന്‍ സാധിച്ചതിലാണ് ഇവര്‍ ഏറെ സന്തോഷിക്കുന്നത്.

നിരന്തരമായ വിലക്കയറ്റവും ജീവിത സാഹചര്യങ്ങളും ജനങ്ങളെ വലയ്ക്കുന്നു. കുറ്റകൃത്യം നടന്നാല്‍ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ അഫ്‌സ്പാ തയ്യാറാകാത്തതില്‍ ജനങ്ങള്‍ രോഷത്തിലാണ്. എന്നാല്‍ ഒന്നിനും പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവിടുത്തെ ജനങ്ങള്‍.

2013ലാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചത്. അസാം, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം ചെയ്ത 'ബോഡി വിതൗട്ട് സോള്‍' എന്ന ഡോക്യുമെന്ററി അടുത്തവര്‍ഷം ആദ്യവാരം പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍. ഒരു ലക്ഷം രൂപയാണ് ഇതിന്റെ ആകെ ചിലവ്. ഇറോം ശര്‍മിളയുടെ സഹോദരനും കുടുംബവും ഡോക്യുമെന്ററി പ്രദര്‍ശനത്തിനോടനുബന്ധിച്ച് തലസ്ഥാനത്തെത്തുമെന്ന് ഇവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.