കേരളം ജൈവ കൃഷിയിലേക്കുള്ള പാത സ്വീകരിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  

0

കേരളം ജൈവ കൃഷിയിലേക്കുള്ള പാത സ്വീകരിക്കണമെന്ന് സഹകരണ-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ വഞ്ചിയൂര്‍ ഗവ.എച്ച്എസില്‍ ആരംഭിച്ച സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളീകരണത്തിന്റെ ഭാഗമായുള്ള ഉപഭോഗ സംസ്‌ക്കാരത്തിന്റെ ഉല്‍പന്നമായി മാറിയിരിക്കുകയാണ് കേരളീയര്‍. വീടുകളില്‍ അടുക്കള പൂട്ടി ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തിലേക്ക് മനുഷ്യന്‍ മാറിയിരിക്കുന്നു.കാര്‍ഷിക സംസ്‌ക്കാരത്തില്‍ നിന്നും മാറിയതിനാല്‍ ഇതു ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം അപകടങ്ങലില്‍ നിന്നും കേരളത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമൂഹത്തിന്റെ പുനരുദ്ധാരണത്തിനുള്ള നടപടിയുടെ ഭാഗമായി ജൈവ കൃഷിയിലേക്കുള്ള മടയാത്രയുടെ പാതയിലാണ് കേരളം.വിദ്യാര്‍ഥികള്‍ക്കാണ് ഇതില്‍ പ്രധാന പങ്കു വഹിക്കാന്‍ കഴിയുന്നത്.ഓരോരുത്തരും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനം നടത്തണം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സര്‍വതല സ്പര്‍ശിയായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കേരളത്തിന് കഴിയണം.അതിനുള്ള ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങാന്‍ വ്യക്തിത്വ വികാസത്തിലൂടെ സാധിക്കും.ചുറ്റുപാടുമുള്ളവയെ ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയെന്നതിലൂടെ ഇതിന് സാധിക്കും.സമൂഹത്തിന് വ്യക്തിയെന്ന നിലയില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന കാഴ്ചപ്പാട് ഓരോരുത്തര്‍ക്കുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കൗണ്‍സിലര്‍ ആര്‍.സതീഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു.തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ വഞ്ചിയൂര്‍ പി.ബാബു,അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, പ്രഫ.ജയസുധ,സ്റ്റാന്‍ലി ജെയിന്‍ റിച്ചാര്‍ഡ്, സി.ഗീത, വിനിതാ ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.