ആവിഷ്‌കാരസ്വാതന്ത്ര്യത്തോടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ ഒരുക്കും: മുഖ്യമന്ത്രി 

0

ചലച്ചിത്രകാരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ പരമാവധി അവസരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക മാധ്യമമെന്ന നിലയില്‍ സിനിമകള്‍ക്ക് സമൂഹത്തില്‍ പുരോഗമനമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ ഉദ്ഘാടനം കൈരളി തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവിഷ്‌കാരസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ക്കും ഇടം നല്‍കുകയും ചെയ്യും. സ്ത്രീകളുള്‍പ്പെടെ എല്ലാവര്‍ക്കും സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ തുല്യസാഹചര്യം ഉറപ്പാക്കും. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത് ഇതിനാലാണ്. മതേതര ജനാധിപത്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറിയ കാലഘട്ടത്തില്‍ ജീവിതയഥാര്‍ഥങ്ങള്‍ വരച്ചുകാട്ടാന്‍ കഴിയുന്ന പ്രിയപ്പെട്ട മാധ്യമമായി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും മാറിയിരിക്കുകയാണ്. തിരക്കഥ പോലുമില്ലാതെ നിര്‍മിക്കപ്പെടുന്ന ഡോക്യുമെന്ററികളും ഇക്കാലത്തുണ്ട്. വന്‍ മുതല്‍മുടക്കില്ലാതെ ചലച്ചിത്രാവിഷ്‌കാരത്തിന് ഡോക്യുമെന്ററി പോലുള്ള വേദികള്‍ ഫലപ്രദമാണ്. ഡിജിറ്റല്‍ കാമറകള്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍ വരെ ഇക്കാര്യത്തിന് ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാലത്ത് മുതല്‍മുടക്കിനെക്കുറിച്ച് ആശങ്കപ്പെട്ട് സര്‍ഗാത്മകതയില്‍ വിട്ടുവീഴ്ച നടത്തേണ്ട ആവശ്യം വരുന്നില്ല. സാങ്കേതിക വളര്‍ച്ച ഉപയോഗപ്പെടുത്തി യൂട്യൂബ് പോലുള്ള മാധ്യമങ്ങള്‍ വഴി കൂടുതല്‍ വേദി കണ്ടെത്താനും കഴിയുന്നുണ്ട്. ചലച്ചിത്രമേളയില്‍ വിലക്കപ്പെട്ടെങ്കിലും സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതല്‍ കാഴ്ചക്കാരിലെത്താന്‍ കഴിയുമെന്ന് പ്രദര്‍ശനവിലക്കുള്ള ഹ്രസ്വചിത്രങ്ങളുടെ നിര്‍മാതാക്കളെ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മൂന്നു ഹ്രസ്വചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച വിഷയത്തില്‍ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരുമെന്ന് അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. ഈ സിനിമകളുടെ നിര്‍മാതാക്കള്‍ ഇവ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയില്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമി കേസില്‍ കക്ഷി ചേര്‍ന്നില്ല എന്ന സാങ്കേതിക പ്രശ്‌നം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആ പ്രശ്‌നം പരിഹരിക്കാനാണ് അക്കാദമിക്ക് വേണ്ടി സര്‍ക്കാര്‍ കക്ഷിചേരുന്നത്. സാംസ്‌കാരിക മേഖലയിലൂടെയുള്ള പ്രതിരോധത്തിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്ന കാലഘട്ടമാണിത്. വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ കൂടുകയാണ്. രാജ്യത്തെ സംഘര്‍ഷപ്രദേശങ്ങളെക്കുറിച്ചും ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചും സിനിമയെടുക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളല്ല. സമഗ്രാധിപത്യ ഭരണകൂടത്തിന്റെ കലാ സാംസ്‌കാരികരംഗത്തെ ഇടപെടല്‍ അനുവദിക്കാനാവില്ല. അനാരോഗ്യകരമായ ഇത്തരം ഇടപെടലുകളെ അതിജീവിച്ച ചരിത്രമാണ് സാംസ്‌കാരിക മേഖലയ്ക്കുള്ളത്. സാംസ്‌കാരികരംഗത്തെ ഈ നടപടികളെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മന്ത്രി പറഞ്ഞു. കിരണ്‍ കാര്‍ണിക് മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ജൂറി അംഗങ്ങളായ റിതു സറിന്‍, ആന്‍ഡ്രൂ വയല്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു. റോജര്‍ റോസ് വില്യംസിന്റെ''ലൈഫ് അനിമേറ്റഡ്', റോട്ടര്‍ഡാം മേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ പ്രാന്തിക് ബസുവിന്റെ 'സഖിസോണ' എന്നിവ ഉദ്ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചു. കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 210 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ 77 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനിമേഷന്‍, ക്യാമ്പസ് ഫിലിം, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളാണ് മത്സരയിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.