സ്റ്റാര്‍ട്ട് അപ് ഇന്ത്യക്ക് ജനുവരി 16ന് നരേന്ദ്ര മോദി തിരി തെളിയിക്കും

സ്റ്റാര്‍ട്ട് അപ് ഇന്ത്യക്ക് ജനുവരി 16ന് നരേന്ദ്ര മോദി തിരി തെളിയിക്കും

Wednesday January 06, 2016,

2 min Read

ഭാരത സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ട്ട് അപ് ഇന്ത്യക്ക് ജനുവരി 16ന് ഡല്‍ഹിയില്‍ തുടക്കമാകുമ്പോള്‍ തീര്‍ത്തും അഭിമാനപൂര്‍വ്വം യുവര്‍ സ്‌റ്റോറിയും പദ്ധതിയുമായി കൈകോര്‍ക്കുകയാണ്. രാജ്യത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ സംരംഭക ഉണര്‍വ് ഉണ്ടാക്കുന്നതിനായി തുടങ്ങുന്ന പദ്ധതിയില്‍ യുവാക്കളും 1500ഓളം സ്റ്റാര്‍ട്ട് അപ് കമ്പനികളുടെ സി ഇ ഓമാരും സ്ഥാപകരും പങ്കെടുക്കും. സമാപന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. 16ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. പദ്ധതിയുടെ സ്റ്റാര്‍ട്ട് അപ് ആക്ഷന്‍ പ്ലാനും പ്രധാനമന്ത്രി ചടങ്ങില്‍ പുറത്തിറക്കും. പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഗോള ശില്‍പ്പശാല കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാവിലെ 9.30ന് വിജ്ഞാന്‍ ഭവനില്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യാതിഥിയായിരിക്കും.

image


സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെക്കുറിച്ചുള്ള ആഗോള വര്‍ക്ക്‌ഷോപ്പില്‍ വിഷയങ്ങളില്‍ ഊന്നിയുള്ള പാനല്‍ ചര്‍ച്ചയും ഉണ്ടാകും. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചക്കും വികാസത്തിനുമായി എന്തു ചെയ്യണമെന്ന വിഷയത്തിലൂന്നിയാകും ചര്‍ച്ച. ക്രിയാത്മക വനിതാ സംരംഭകരുടെ കഥകള്‍ ചര്‍ച്ചയില്‍ പങ്കു വെക്കും. ഡിജിറ്റല്‍വത്കരണം ഇന്ത്യയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കും എന്നതും ആരോഗ്യ രംഗത്തെ കുതിച്ചു ചാട്ടത്തെക്കുറിച്ചും സാമ്പത്തിക രംഗത്തെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും ശില്‍പ്പശാല ചര്‍ച്ച ചെയ്യും.

ഒരു സംരംഭക സംവിധാനത്തില്‍ എപ്രകാരം ധനസമാഹരണം നടത്തണമെന്നും മുന്നേറണമെന്നുമുള്ള പാനല്‍ ചര്‍ച്ച ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ നയിക്കും. നയരൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്ന സെക്രട്ടറി തല ഉദ്യോഗസ്ഥരുമായി മുഖാമുഖ ചോദ്യോത്തര സെഷനും പരിപാടിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫേസ് ടു ഫേസ് വിത്ത് പോളിസി മേക്കേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന സെഷനില്‍ ചോദ്യകര്‍ത്താക്കളുടെ സംശയങ്ങള്‍ക്ക് വിവിധ വകുപ്പുകളിലേയും മന്ത്രാലയങ്ങളിലേയും സെക്രട്ടറി തല ഉദ്യോഗസ്ഥര്‍ മറുപടി നല്‍കും.

സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ വളര്‍ച്ച ഉറപ്പാക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശമാകും പാനല്‍ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുക. റവന്യൂ, മനുഷ്യവിഭവശേഷി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, ധനകാര്യ സേവന വകുപ്പ്, എക്കണോമിക് അഫയേഴ്‌സ് വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ് , ബയോടെക്‌നോളജി വകുപ്പ്, ഇലക്ട്രോണിക്‌സ് ആന്റ് ഐ ടി വകുപ്പ്, മൈക്രോ, ചെറുകിട-ഇടത്തരം എന്റര്‍പ്രൈസ്, ഗുണനിലവാര വികസന വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ പാനല്‍ ചര്‍ച്ചയില്‍ അണിനിരക്കും. ഇതു കൂടാതെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(സിഡ്ബി) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

image


അന്നേദിവസം ആഗോള നേതാക്കളുമായും വെഞ്ചര്‍ ക്യാപിറ്റലിസ്റ്റുകളുമായി ചര്‍ച്ചയുണ്ടാകും. സോഫ്റ്റ് ബാങ്ക് സ്ഥാപകന്‍ മസയോഷി സണ്‍, യൂബര്‍ സ്ഥാപകന്‍ ട്രാവിസ് കലാനിക്, വി വര്‍ക്ക് സ്ഥാപകന്‍ ആഡം ന്യൂമാന്‍ തുടങ്ങിയവരുമായി മുഖാമുഖം സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും 40 സ്റ്റാര്‍ട്ട് അപ് കമ്പനികളുടെ സി ഇ ഒമാര്‍ പങ്കെടുക്കും. ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ എന്ന പേരില്‍ ഗൂഗിള്‍ ഒരു സെഷന്‍ സംഘടിപ്പിക്കും. സ്റ്റാര്‍ട്ട് അപ് ഫണ്ടിംഗിനെക്കുറിച്ച് സോഫ്റ്റ് ബാങ്ക് പ്രസിഡന്റ് നികേഷ് അറോറ ക്ലാസുകള്‍ എടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ മന്‍കീ ബാത്തില്‍ സൂചിപ്പിച്ചതു പോലെ പദ്ധതിയുടെ സമ്പൂര്‍ണ ആക്ഷന്‍ പ്ലാന്‍ ചടങ്ങില്‍ വെച്ച് പുറത്തിറക്കും. സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അടങ്ങുന്നതാകും ആക്ഷന്‍ പ്ലാന്‍. ഈ ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്ത് രാജ്യത്തെ ഐ ഐ ഐടികള്‍ ഐ ഐ എമ്മുകള്‍, എന്‍ ഐ ടികള്‍, കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി രാജ്യത്തെ യുവഗ്രൂപ്പുകള്‍ അടങ്ങുന്ന കേന്ദ്രങ്ങളില്‍ പരിപാടി തത്സമയ സംപ്രേക്ഷണം ചെയ്യും. സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്കായി വ്യവസായ നയ വികസന വകുപ്പുമായി യുവര്‍ സ്‌റ്റോറിയെ കൂടാതെ ഐ സ്പിരിറ്റ്, നാസ്‌കോം, ഷി ദി പീപ്പിള്‍. ടി വി, കൈറോസ് സൊസൈറ്റി എന്നിവരും എഫ് ഐ സി സി ഐയുടേയും സി ഐ ഐയുടേയും യൂത്ത് വിംഗും സഹകരിക്കുന്നുണ്ട്.