പൊതുജനങ്ങള്‍ക്ക് ഇന്ന് വിഴിഞ്ഞത്ത് നേവി കപ്പലില്‍ കയറാം  

0

നാവികസേനാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് എത്തിയ കൊച്ചി ദക്ഷിണ മേഖല നാവികസേനയുടെ പടക്കപ്പല്‍ ഐഎന്‍എസ് കാബ്ര ഇന്ന് (ഡിസം 30) പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് സന്ദര്‍ശനാനുമതി.കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കമാന്‍ഡര്‍ ധര്‍മേന്ദ്ര സിംഗ് ബരത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി സംവദിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട് .നാവികസേനയുടെ 12 പുതുതലമുറ വാട്ടര്‍ ജറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകളില്‍ എട്ടാമത്തെതാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്ന ഐഎന്‍എസ് കാബ്ര(ടി-76).കൊല്‍ക്കൊത്ത ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് ആണ് ഇത് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചത്.

കടല്‍ പെട്രോളിംഗ്, തിരച്ചില്‍-രക്ഷാ ദൗത്യങ്ങള്‍ക്കും കടല്‍ക്കൊള്ളക്കാര്‍ക്കെതിരേയുള്ള നടപടികള്‍ക്കുമാണ് കാബ്ര പ്രധാനമായും ഉപയോഗിക്കുന്നത്. 30 എംഎം സിആര്‍എന്‍-91 ഗണ്‍, മെഷീന്‍ ഗണ്ണുകള്‍, മിസൈലുകള്‍ എന്നിവയാണ് കാബ്രയിലെ പ്രധാന ആയുധ ശേഖരം.കേരളതീരത്തോടൊപ്പം ലക്ഷദ്വീപ് മിനിക്കോയി ദ്വീപ സമൂഹങ്ങളുടെ കോസ്റ്റല്‍ പെട്രോളിംഗ് കൂടി ഐഎന്‍എസ് കാബ്രയുടെ ചുമതലയാണ്.