‘ശമ്പളവും പെൻഷനും മുഴുവൻ പിൻവലിക്കാൻ അനുവദിക്കണം’: ഡോ. തോമസ് ഐസക്‌  

0

സംസ്ഥാനസർക്കാരിലെയും പൊതുമേഖലയിലെയും മുഴുവൻ ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനും പൂർണ്ണമായി കൈപ്പറ്റാൻ അനുവദിക്കണമെന്നും അതിനായി നിലവിലെ നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്നും സംസ്ഥാനസർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്ക് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. ശമ്പളബിൽ ഒന്നിച്ചു മാറ്റി ജീവനക്കാർക്കു നേരിട്ടു വിതരണം ചെയ്യുന്ന ഓഫീസുകൾക്കു നൽകാൻ മതിയായ പണം മുൻകൂർ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശമ്പളവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കത്തിൽ വിശദീകരിച്ചിട്ടുണ്ട്. മൂന്നു തരത്തിലാണു ശമ്പളം നൽകുന്നത്. അഞ്ചരലക്ഷത്തോളം പേർക്കു നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു നൽകും. നാലരലക്ഷത്തോളം പേർക്കു നേരിട്ട് ട്രഷറി അക്കൗണ്ടിലേക്കും നൽകും. ശേഷിച്ച ഏതാണ്ട് 50,000 പേർക്ക് ഓഫീസിലെ ഡ്രോയിങ് ആൻഡ് ഡിസ്‌ബേഴ്സിങ് ഓഫീസർ ബില്ലു മാറ്റി നേരിട്ടു വിതരണം ചെയ്യുകയാണു ചെയ്യുന്നത്. ഒരാഴ്ചകൊണ്ടാണ് ഇതു പൂർത്തിയാകുക. ഒന്നാം ദിവസം മുതൽ യഥാക്രമം 750, 700, 450, 400, 300, 250, 250 കോടി രൂപവീതം ആകെ 3100 കോടി രൂപ ഇതിനു ചെലവാകും.

ക്ലാസ് 3, 4 വിഭാഗത്തിൽപ്പെട്ട ജീവനക്കാരും വലിയവിഭാഗം പെൻഷൻകാരും മുൻമാസത്തെ ചെലവുകൾ നടത്തിയതിന്റെ കടബാദ്ധ്യത അടുത്തമാസത്തെ ആദ്യരണ്ടാഴ്ചയിലാണു തീർക്കുന്നത്. അതുകൊണ്ട് ആ ദിവസങ്ങളിൽ പണം ചെലവാക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതു തടസപ്പെട്ടാൽ അവരുടെ കടക്കാരായ ആളുകളും കടുത്ത ദുരിതത്തിലാകും.

അതുകൊണ്ട് 24,000 രൂപമാത്രമേ പിൻവലിക്കാൻ അനുവദിക്കൂ എന്ന നിയന്ത്രണം ആദ്യ രണ്ടാഴ്ചത്തേക്ക് ജീവനക്കാർക്ക് ഇളവു ചെയ്യണം. മുഴുവൻ ശമ്പളത്തെയും പെൻഷനെക്കാളും അധികമല്ലാത്ത തുക  ബാങ്കുകളിലും ട്രഷറികളിലുംനിന്നു പണമായി പിൻവലിക്കാൻ ആദ്യ പത്തുദിവസം അനുവദിക്കണം. ശമ്പളം പണമായി വിതരണം ചെയ്യുന്ന ഓഫീസുകളിലേക്കു മാറ്റിനൽകാൻ ട്രഷറി ഡയറക്ടർ ആവശ്യപ്പെടുന്ന ധനം മുൻകൂർ നൽകാൻ റിസർവ്വ് ബാങ്കിനു നിർദ്ദേശം നൽകണം. ജീവനക്കാരെയും പെൻഷൻകാരെയും ക്ഷ്ടപ്പെടുത്താത്ത തരത്തിൽ നോട്ടുനിരോധനവിജ്ഞാപത്തിൽ ഭേദഗതി വരുത്തണമെന്നും തോമസ് ഐസക്ക് കത്തിൽ ആവശ്യപ്പെട്ടു.