ഒഴുകുന്ന ജീവിതങ്ങളുമായി ബംഗ്ലാ സിനിമ

0

ബംഗ്ലാദേശി ജീവിതത്തിന്റെ മതപരവും സാമൂഹ്യവും രാഷ്ട്രീയപരവുമായ കാപട്യങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ് 'ജലാല്‍സ് സ്റ്റോറി' എന്ന ബംഗ്ലാദേശി സിനിമ. ബംഗ്ലാദേശിലെ നവാഗത സംവിധായകനായ അബു ഷാഹേദ് ഇമോന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഒരു നദിയുടെ കരയില്‍ രൂപപ്പെടുന്ന ജീവിതങ്ങളിലൂടെയാണ് കടന്നു പോകുന്നുത്. ഇരുപതാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചലച്ചിത്രം ബംഗ്ലാദേശി ജീവിതത്തെ അടുത്തറിയാന്‍ അവസരമൊരുക്കുന്നു.

നദിയിലൂടെ ഒഴുകി വരവേ മൂന്നു പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ കുട്ടിയാണ് ജലാല്‍. ജനിച്ചു വീണതുമുതല്‍ നദിയില്‍ ഒഴുകി നടക്കാന്‍ വിധിക്കപ്പെട്ട കുട്ടി. നൈല്‍ നദിയില്‍ നിന്ന് മോസസിനെ കണ്ടെത്തുന്നതു പോലെയാണ് ജലാലിനെയും കണ്ടെത്തുന്നത്. പിറന്നു വീണതു മുതല്‍ നദിയില്‍ ഒഴുകി നടന്ന ജലാലിന്റെ സംഭവ ബഹുലമായ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആധുനിക കാലത്തും ബംഗ്ലാദേശി ജീവിതം എത്രത്തോളം യാഥാസ്ഥിതികവും പാരമ്പര്യ മാമൂലുകള് പേറുന്നതുമാണെന്ന് മനസ്സിലാകുന്നു ചിത്രത്തിലൂടെ. ബംഗ്ലാദേശികള്‍ ഇസ്ലാമിക ജീവിതമാണ് പിന്തുടരുന്നതെങ്കിലും ബ്ലാക് മാജിക്കും ദൈവത്തിന്റെ പേരിലെ തട്ടിപ്പും കൂടോത്രവുമെല്ലാം ബംഗ്ലാദേശി ജനതയുടെ ജീവിതത്തെയും ബാധിച്ചിരിക്കുതെങ്ങനെയെന്ന് സിനിമ കാട്ടിത്തരുന്നുണ്ട്. വളരെ രസകരമായാണ് അതെല്ലാം ജലാല്‍സ് സ്റ്റോറിയില്‍ പറഞ്ഞു വയ്ക്കുത്.

നദിയില്‍നിന്ന് കുട്ടിയെ മിരാജ് എന്നയാള്‍ക്ക് കിട്ടിക്കഴിയുമ്പോള്‍ നദിയില്‍ ധാരാളമായി മീന്‍ വന്നു നിറയുന്നത് കുട്ടി കൊണ്ടു വന്ന ഭാഗ്യമായി കരുതപ്പെടുന്നു. കുട്ടിക്ക് ദിവ്യശക്തിയുണ്ടെും കുട്ടിയുടെ കാലുകഴുകിയ വെള്ളം വിശുദ്ധ വെള്ളമാണെന്നും പ്രചരിപ്പിച്ച് അതുവിറ്റ് പണമുണ്ടാക്കുകയാണ് മിരാജ്. എന്നാല്‍ പണത്തിന്റെ പങ്കു കിട്ടാത്തവര്‍ മിരാജിന്റെത് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച് സമരത്തിനിറങ്ങുന്നു. ഒടുവില്‍ ഗ്രാമസഭ ചേര്‍ന്ന് വഴക്കിന് കാരണക്കാരനായ കുട്ടിയെ നദിയില്‍ തന്നെ ഒഴുക്കിക്കളയാന്‍ തീരുമാനിക്കുന്നു. നദിയിലൂടെ ഒഴുകു കുട്ടി പിന്നീടെത്തുന്നത് കരീം എന്നയാളുടെ കൈകളിലാണ്. കുട്ടികളുണ്ടാകാത്തതിനു കരീം ഒരു മന്ത്രവാദിയെ സമീപിച്ച് മന്ത്രവാദം നടത്തുന്ന കാഴ്ചകളാണ് പിന്നീട്. മന്ത്രവാദി തന്നെ കരീമിന്റെ ഭാര്യയെ പ്രാപിക്കുന്നത് ഒളിച്ചുനിന്നു കാണുന്ന ജലാലിനെ ഒഴിവാക്കാന്‍ ഒഴുകി വന്ന കുട്ടിയാണ് എല്ലാ ദോഷത്തിനും കാരണക്കാരനെന്ന് കരീമിനെ ധരിപ്പിക്കുകയും ദോഷം മാറ്റാന്‍ ജലാലിനെ ചാക്കില്‍ കെട്ടി ചങ്ങാടത്തില്‍ വച്ച് നദിയിലൊഴുക്കുകയും ചെയ്യുന്നു.

ജലാല്‍ വീണ്ടും ഒഴുകിയെത്തുന്നത് സജീബ് എന്ന സ്ഥിരംകുറ്റവാളിയുടെ കൈകളിലാണ്. സജീബ് തന്റെ ഗുണ്ടാപണിക്കും കൊള്ളക്കുമെല്ലാം കൂട്ടാളിയാക്കുകയാണ് ജലാലിനെ. അങ്ങനെയൊക്കെ ചെയ്യുമ്പോളും ജലാലിന്റെ നിഷ്‌കളങ്കത നഷ്ടമാകുന്നതേയില്ല. നിഷ്‌കളങ്കതയും കൊള്ള സംഘാംഗമെന്ന നിലയിലെ പരിമിതികളില്ലാത്ത ക്രൂരതയും ജലാലിന്റെ ജീവിതത്തിന്റെ ഇരുവശങ്ങളായി രൂപപ്പെടുന്നു. അന്ധവിശ്വാസങ്ങളും ക്രിമിനല്‍ സ്വഭാവും ബാധിച്ച ഒരു സമൂഹത്തിന്റെ ചലച്ചിത്രാവിഷ്‌കരണമാണീ ചിത്രം.

ജലാലിന്റെ നദിയിലൂടെയുള്ള ഒഴുകി വരവിന്റെ ഇടവേളകളെ ഉപയോഗപ്പെടുത്തി ചിത്രത്തെ മൂന്നായി വിഭജിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്. വളരെ രസകരമായി കണ്ടു തീര്‍ക്കാവുന്നതും പലപ്പോഴും നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ തന്നെ സംഭവിക്കുന്ന കഥയാണെന്ന് വിശ്വസിച്ചു കൊണ്ടു കാണാവുന്നതുമാണ് 'ജലാല്‍സ് സ്റ്റോറി'. അബു ഷാഹേദ് ഇമോന്റെ ആദ്യ ചലച്ചിത്ര സംരംഭം എന്ന നിലയില്‍ പ്രശംസനീയമാണിത്.