ഏണ്‍ ബ്ലെസിംഗ്‌സ്‌ അഥവാ സൈക്കിളെന്ന അനുഗ്രഹം

 ഏണ്‍ ബ്ലെസിംഗ്‌സ്‌ അഥവാ സൈക്കിളെന്ന അനുഗ്രഹം

Saturday October 17, 2015,

2 min Read

പലതുള്ളി പെരുവെള്ളം... പതിരില്ലാത്ത ഈ പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുകയാണ് ഏണ്‍ ബ്ലെസിംഗ്‌സ് എന്ന സൗഹൃദ കൂട്ടായ്മ. സൈക്കിളില്‍ നാടുചുറ്റി ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ചെറിയ സംഭാവനകള്‍ സ്വരൂക്കൂട്ടി നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.

image


പൂനെയിലെ മന്ദാര്‍ ദേവീക്ഷേത്രത്തിന് സമീപത്തുളള ഗ്രാമത്തില്‍ ഏറെ നാള്‍ മഴ പെയ്യാത്തത് അവിടത്തെ ജനങ്ങളെ വറുതിയിലാക്കി. കൃഷിക്കാര്‍ കൂടുതലുള്ള ഇവിടെ മഴ ലഭിക്കാത്തത് കൃഷിയെ സാരമായി ബാധിച്ചു. ഒടുവില്‍ ഗ്രാമവാസികളുടെ ആവശ്യപ്രകാരം സേവാ വര്‍ധിനി എന്ന എന്‍ ജി ഒ അസോസിയേഷന്‍ നാടിന്റെ സഹായത്തിനെത്തി. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ മഴവെള്ള സംഭരണി നിര്‍മ്മാണമെന്ന പരിഹാരമാര്‍ഗമാണ് ഇവര്‍ മുന്നോട്ട് വെച്ചത്. ഏഴ് ലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് ആവശ്യമായിരുന്ന തുക. സംഭാവനകളിലൂടെ ഏറെക്കുറെ സമാഹരിക്കാനായെങ്കിലും ബാക്കി 1.7 ലക്ഷം രൂപയെക്കുറിച്ചായി ഗ്രാമവാസികളുടെ ആവലാതി. ഈ ഘട്ടത്തില്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് സോഹം എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ ഏണ്‍ ബ്ലെസിംഗ്‌സ് എന്ന സംഘം സൈക്കിള്‍ സവാരി തുടങ്ങിയത്. സംഘത്തിന്റെ ആദ്യ യാത്ര വിജയകരമായി. 1.1 ലക്ഷം രൂപ ആ യാത്രയില്‍ സമാഹരിക്കാനായി. പിന്നീടങ്ങോട്ട് തുടര്‍ച്ചയായി യാത്രകള്‍ നടത്തി വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കൈമാറുകയാണ് സംഘം ചെയ്തത്. 2014 മുതല്‍ ഇതുവരെയായി ഏഴ് വ്യത്യസ്ഥ യാത്രകളിലൂടെ നാല് ലക്ഷത്തോളം രൂപയാണ് ഇവര്‍ സമാഹരിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും, എച്ച് ഐ വി ബാധിതരുടെ സഹായത്തിനും കൗമാരപ്രായക്കാര്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികള്‍ക്കും, ജലസേചന പദ്ധതികള്‍ക്കും, കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് പഠനത്തിനുമെല്ലാം ധനസഹായം നല്‍കുകയാണ് ഇന്ന് ഏണ്‍ ബ്ലെസിംഗ്‌സ് എന്ന കൂട്ടായ്മ. ഇതുവരെയുള്ള യാത്രകളില്‍നിന്ന് നാല് ലക്ഷത്തോളം രൂപ സോഹവും സംഘവും സ്വരൂപിച്ചിട്ടുണ്ട്.

ഏണ്‍ ബ്ലെസിംഗ്‌സ് എന്ന പേരുപോലെ തന്നെ സ്വരൂപിക്കുന്ന പണം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതിലൂടെ തങ്ങള്‍ സമൂഹത്തിന്റെ അനുഗ്രഹം നേടുകയാണെന്നാണ് സോഹത്തിന്റെ വാക്കുകള്‍. സൈക്കിള്‍ സവാരിയോടും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമുള്ള സോഹത്തിന്റെ ആഗ്രഹമാണ് ഏണ്‍ ബ്ലെസിംഗ് എന്ന കൂട്ടായ്മയുടെ പിറവിക്ക് കാരണമായത്. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള നിരവധി പേര്‍ സോഹത്തിന്റെ സഹായ പദ്ധതിയില്‍ ഇന്ന് അംഗങ്ങളാണ്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നതും സൈക്കിള്‍ താല്‍പര്യമുള്ളവരുമായവരെ സോഹം തനിക്കൊപ്പം കൂട്ടുന്നു. അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പോടെയായിരിക്കും ഓരോരുത്തരും ഓരോ യാത്രകളും കഴിഞ്ഞ് തിരിച്ചെത്തുന്നതെന്ന് സോഹത്തിന്റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നു.

image


സംഭാവനകള്‍ സ്വീകരിക്കുന്നതിനൊപ്പം സവാരിക്കാന്‍ തങ്ങളുടെ യാത്രകള്‍ പരമാവധി ആസ്വദിക്കണമെന്നും സോഹത്തിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ തന്നെ യാത്രയില്‍ എത്ര പണം സ്വരൂപിക്കണമെന്നതിനെക്കുറിച്ചൊന്നും യാതൊരു നിബന്ധനയുമില്ല. ഓരോരുത്തര്‍ക്കും തങ്ങളാലാകുന്നത് സ്വരൂപിക്കാം. ആഴ്ചയുടെ അവസാന ദിവസങ്ങളിലായിരിക്കും മിക്കവാറും യാത്രകള്‍. 120 മുതല്‍ 150 കിലോമീറ്റര്‍ വരെയൊകും യാത്ര. യാത്രകളില്‍ പണം സ്വരൂപിക്കാനായില്ലെങ്കില്‍ അതിനും സോഹം അനുകൂല മറുപടി കണ്ടെത്തുന്നുണ്ട്. ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടിയതിലൂടെ കൊഴുപ്പ് കുറക്കുന്നതിനും അതിലൂടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സാധിച്ചു. ഇതും സമ്പാദ്യവും അനുഗ്രഹമാണ്.

അംഗങ്ങളുടെ യാത്രക്ക് ഉണ്ടാകുന്ന ചെലവുകള്‍ അവരവര്‍ തന്നെയാണ് നോക്കുന്നത്. സംഭാവന കിട്ടുന്ന തുക അംഗങ്ങളുടെ ചെലവുകള്‍ക്ക് ഉപയോഗിക്കില്ല. സവാരിക്കാര്‍ക്ക് ഇതില്‍നിന്ന് സാമ്പത്തിക ലാഭങ്ങളുമില്ല. യാത്രയില്‍ തങ്ങള്‍ക്ക് കിട്ടുന്ന സംഭാവനകളെല്ലാം മൊത്തമായി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ എന്‍ ജി ഒകളെ ഏല്‍പിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. ഇതില്‍നിന്ന് കിട്ടുന്ന അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളുമാണ് ഇവരുടെ സമ്പാദ്യം. കൂടുതല്‍ ചെറുപ്പക്കാര്‍ തങ്ങളുടെ കൂട്ടായ്മയിലേക്ക് എത്തണമെന്ന ആഗ്രഹം മാത്രമാണ് സോഹം പങ്കുവെക്കുന്നത്.