വേണ്ടത് സാധാരണക്കാരന് പ്രയോജനകരമാകുന്ന സാമ്പത്തിക വികാസം: ഗവര്‍ണര്‍

വേണ്ടത് സാധാരണക്കാരന് പ്രയോജനകരമാകുന്ന സാമ്പത്തിക വികാസം: ഗവര്‍ണര്‍

Sunday July 30, 2017,

2 min Read

വ്യവസായങ്ങള്‍ക്ക് മാത്രമല്ല കര്‍ഷകരും, തൊഴിലാളികളും, ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ സാധാരണക്കാര്‍ക്കും ഗുണകരമാകുന്ന സാങ്കേതിക വികസനത്തിന് എഞ്ചിനീയര്‍മാരുള്‍പ്പെടെയുള്ളവരുടെ ശ്രമങ്ങളുണ്ടാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായി സ്റ്റാര്‍ട്ട് അപ്പ് സംസ്‌കാരത്തില്‍ ഊന്നല്‍ നല്‍കി നടത്തിയ 'സാങ്കേതപ്രവേശം 2017' എന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

image


സാമൂഹികമാറ്റമുണ്ടാക്കാനാവുംവിധം നിങ്ങളില്‍ ശാക്തീകരണമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് സമൂഹത്തിന്റെ മൂലധനം നിങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസം നേടുന്നവരില്‍നിന്ന് സമൂഹത്തിനുള്ള പ്രതീക്ഷ വലുതാണ്. ജോലി ലഭിക്കുക മാത്രമാകരുത് പഠനലക്ഷ്യം, നൂതനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമങ്ങളുണ്ടാകണം.

ഇത്തരം പുത്തന്‍ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ് സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍. സംരംഭകത്വം എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ പാഠ്യവിഷയമാകണം. നൂതന ആശയങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് ബിസിനസ് ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ കൂടി ലഭ്യമാകണം. സാങ്കേതികവികാസത്തിലൂടെ ആഗോളഗ്രാമമെന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാകണം.

രാജ്യത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗത്തെ പഠിച്ചിറങ്ങുന്ന 80 ശതമാനത്തോളം വിദ്യാര്‍ഥികള്‍ ജോലി നേടാന്‍ യോഗ്യരല്ലാതെ വരുന്ന സാഹചര്യത്തിലാണെന്ന പഠനങ്ങളും നാം ഗൗരവമായി കാണണം. അതേസമയം, കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ജോലിക്ക് പരിഗണിക്കാനുള്ള യോഗ്യതയുടെ കാര്യത്തില്‍ വളരെ മുന്നിലാണെന്നത് അഭിമാനകരമാണ്. സാങ്കേതികത വളരുമ്പോള്‍ അത് മാനവികതയെ മറികടക്കാതെ നോക്കണം.

കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവിലുള്ള കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാകാന്‍ പുത്തന്‍ എഞ്ചിനീയര്‍മാര്‍ പരിശ്രമിക്കണം. ഊര്‍ജസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ ഊര്‍ജോത്പാദനത്തിനും സ്റ്റാര്‍ട്ട് അപ്പുകള്‍ മുന്നോട്ടുവരണം. മാലിന്യസംരക്ഷണത്തിനും പുത്തന്‍ സാധ്യതകള്‍ തേടണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തോടുള്ള പ്രതിബദ്ധതയോടെ കാര്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമ്പോഴാണ് നമ്മുടെ കഴിവുകള്‍ വികസിക്കുന്നതെന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാനാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈദഗ്ധ്യം ഉപയോഗിക്കാതിരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. സമൂഹത്തോടുള്ള പ്രതിബദ്ധതയോടെ കാര്യങ്ങള്‍ നിറവേറ്റുന്നതിലാണ് ഇ. ശ്രീധരനെപ്പോലുള്ളവര്‍ എപ്പോഴും അംഗീകരിക്കപ്പെടുന്നത്.

ലോകത്തില്‍ ഏത് സാങ്കേതിക മികവിന്റെ കേന്ദ്രങ്ങളിലും ചെറിയ തോതിലെങ്കിലും മലയാളി സാന്നിധ്യമുണ്ട്. ഇവിടെ പഠിച്ചുവരുന്നവര്‍ക്ക് ഇവിടെത്തന്നെ അവസരങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നല്ലരീതിയില്‍ ശേഷി ഉപയോഗിച്ചാല്‍ അത്തരം ലക്ഷ്യം നേടാനാകും. പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക് ഇക്കാര്യത്തില്‍ നല്ല പങ്ക് വഹിക്കാനാകും. ആധുനികകാലത്തിനനുസൃതമായ വളര്‍ച്ചയുണ്ടാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ പ്രതീക്ഷകളും പ്രശ്‌നങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കാവുന്ന എഞ്ചിനീയര്‍മാരാകാനാണ് ശ്രമമുണ്ടാകേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അറിവും സമ്പത്തും വളരുമ്പോഴും ദാരിദ്ര്യവും ജീവിതപ്രശ്‌നങ്ങളും കുറയാത്ത അവസ്ഥ സമൂഹത്തിലുണ്ട്. ഇതില്ലാതാക്കാന്‍ പരിശ്രമിക്കണം. പരീക്ഷയിലെ എ പ്ലസ് ജീവിതത്തിലെ എ പ്ലസാക്കാനാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എഞ്ചിനീയര്‍മാര്‍ കൃത്യനിഷ്ഠയും സ്വഭാവദാര്‍ഢ്യവും തൊഴില്‍പരമായ മല്‍സരക്ഷമതയും സാമൂഹിക ഉത്തരവാദിത്വവുമുള്ളവരാകണമെന്ന് ചടങ്ങില്‍ തൊഴില്‍മൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തിയ ഡി.എം.ആര്‍.സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. ഇ. ശ്രീധരന്‍ പറഞ്ഞു. എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ ഡോ. അനില്‍ സഹസ്രബുദ്ധെ, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചെയര്‍മാന്‍ ഡോ. കുഞ്ചെറിയാ പി. ഐസക്, ഐ.ടി. വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരള സാങ്കേതിക സര്‍വകലാശാലയുടേയും സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

    Share on
    close