പന്തിഭോജന സ്മൃതി സംഗമ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

0

സഹോദരന്‍ അയ്യപ്പന്റെ സാമൂഹിക ഇടപെടലുകള്‍ നവകേരള നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം പന്തിഭോജന സ്മൃതി സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ ചര്‍ച്ചയാണ് നവോത്ഥാന കേരളത്തിന്റെ ശക്തിസ്രോതസ്സ്. സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ജാതീയതയുടെ അന്ധമായ ഉപകരണങ്ങളാകരുത്. പന്തിഭോജന സ്മൃതിസംഗമം നടക്കുമ്പോള്‍ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഓര്‍മിക്കണം. സാംസ്‌കാരികബോധത്തെ മറ്റേതൊരു കാലഘട്ടത്തെക്കാളും ചോദ്യം ചെയ്യുന്ന കാലഘട്ടമാണിത്. എവിടെയാണ് അപചയം സംഭവിച്ചതെന്ന് ഇത്തരം ഘട്ടങ്ങളിലെങ്കിലും നമ്മള്‍ ആലോചിക്കണം. പുതിയ തലമുറയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളിയായി ഏറ്റെടുക്കണം. ഇന്ത്യന്‍ സാംസ്‌കാരികത മതനിരപേക്ഷതയിലൂന്നിയ ബഹുസ്വരതയില്‍ അധിഷ്ഠിതമാണെന്നും മന്ത്രി പറഞ്ഞു. മതവിഭാഗീയത ചെറുക്കാന്‍ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സാംസ്‌കാരിക പരിപാടികളും സെമിനാറുകളും ജില്ലകള്‍ തോറും സംഘടിപ്പിക്കാന്‍ ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം മുന്‍കൈയെടുക്കും. ഗുരുദര്‍ശനങ്ങള്‍ ശാസ്ത്രീയമായി പഠിക്കാന്‍ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്. ഗുരുസാഹിത്യം ഡിജിറ്റലൈസ് ചെയ്യാന്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സാഹോദര്യ സന്ദേശം നല്‍കി. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എന്‍സൈക്ലോപീഡിക് പബ്‌ളിക്കേഷന്‍ ഡയറക്ടര്‍ ഡോ. എ.ആര്‍. രാജന്‍, അഡ്വ. വി.വി. രാജേഷ്, എന്‍.എം. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എം.ആര്‍. യശോധരന്‍ സ്വാഗതവും സംഘാടകസമിതി സബ് കമ്മിറ്റി കണ്‍വീനര്‍ ചാല സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. നേരത്തെ, പന്തിഭോജനത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് നടന്ന പന്തിഭോജനത്തില്‍ മന്ത്രി എ.കെ. ബാലന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.