തെരുവുനായ ശല്യം: കരുംകുളത്തും സമീപ പഞ്ചായത്തുകളിലും നായ വന്ധ്യംകരണം നടത്തും

0

തെരുവുനായ ശല്യം രൂക്ഷമായ കരുംകുളം പഞ്ചായത്തില്‍ രണ്ടാഴ്ച നായകളെ വന്ധ്യംകരണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമീപ പഞ്ചായത്തുകളായ പൂവാര്‍, കോട്ടുകാല്‍, കാഞ്ഞിരംകുളം എന്നിവിടങ്ങളിലും തുടര്‍ന്ന് ഒരാഴ്ച വീതം നായ വന്ധ്യംകരണം നടത്തും. കഴിഞ്ഞദിവസം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ നായകളുടെ കടിയേറ്റ് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തിന്‍േറതാണ് തീരുമാനം. ഇതിനായി നായപിടുത്തത്തില്‍ പരിശീലനം നേടിയവരുടെ സഹായം ഉപയോഗപ്പെടുത്തും. 

തദ്ദേശസ്ഥാപനങ്ങള്‍ നായകളെ പിടിച്ചെത്തിക്കാന്‍ നേതൃത്വം നല്‍കണം. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ നാലോളം സംഘങ്ങളായാണ് നായ വന്ധ്യംകരണപ്രക്രിയ നടപ്പാക്കുക. തീരമേഖലയില്‍ മാംസാവശിഷ്ടം തളളുന്നത് ഒഴിവാക്കാനും കരുംകുളം പഞ്ചായത്തില്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുമായി മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കാന്‍ തത്വത്തില്‍ ധാരണയായി. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ പ്ലാന്റ് സ്ഥാപിക്കാനാണ് ആലോചന. പ്ലാന്റ് വന്നാല്‍ അവശിഷ്ടങ്ങള്‍ തേടിയെത്തുന്ന നായകള്‍ പെരുകുന്നത് തടയാനാകും. ഇതിനായി സ്ഥലം കണ്ടെത്തി നല്‍കാമെന്ന് സ്ഥലം എം.എല്‍.എയും പഞ്ചായത്ത് പ്രതിനിധികളും സമ്മതിച്ചതായി മന്ത്രി അറിയിച്ചു. തെരുവുനായ ശല്യം സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസില്‍ നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഡീഷണല്‍ അഫിഡവിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. നായയുടെ ആക്രമണത്തില്‍ മരിച്ചയാളിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ച് അറിയിക്കും. ഇതിനുപുറമേ, ജില്ലാ പഞ്ചായത്തിന്റെ ഫാമിലെ രണ്ടേക്കര്‍ സ്ഥലം ഉപയോഗിച്ച് തെരുവുനായകളെ സംരക്ഷിക്കാന്‍ 'ഡോഗ് സൂ' തുടങ്ങുന്നതിന് സാധ്യത പരിശോധിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മേഖലയിലെ മാലിന്യം അടിയന്തരമായി നീക്കാനും കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നേരത്തെ, നടന്ന യോഗത്തില്‍ എം. വിന്‍സന്റ് എം.എല്‍.എ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, ജില്ലാ കളക്ടര്‍ എസ്. വെങ്കിടേശപതി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കരുംകുളം പഞ്ചായത്ത് അധികൃതര്‍, സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു