കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ നേതൃത്വം; സച്ചിനൊപ്പം ദക്ഷിണേന്ത്യയിലെ മിന്നും താരങ്ങളും

0

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമിന് പിന്തുണയുമായി ദക്ഷിണേന്ത്യന്‍ താരങ്ങള്‍ കൂടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സില്‍ സഹ ഉടമകളായാണ് ദക്ഷിണേന്ത്യയിലെ മിന്നും താരങ്ങെളെത്തിയത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ചിഞ്ജീവിയും നാഗാര്‍ജ്ജുനയും അല്ലു അരവിന്ദും വ്യവസായികളായ പ്രസാദ് ഗ്രൂപ്പുമാണ് സച്ചിനുമായി കൈകോര്‍ക്കുന്നത്. 

ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സച്ചിന് പുറമേ നാല് ഉടമകള്‍ കൂടിയായി. പുതിയ പങ്കാളിത്തത്തോടെ ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണിലെ മികച്ച ടീമായി അണിനിരത്താനാണ് സച്ചിനും സഹ ഉടമകളും തീരുമാനിച്ചിട്ടുള്ളത്. ഹൈദ്രാബാദ് ആസ്ഥാനമായ പി വി പി ഗ്രൂപ്പിന് എണ്‍പതും സച്ചിന് ഇരുപതും ശതമാനം ഓഹരികളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഫ്രാഞ്ചൈസി രൂപീകരിച്ചത്. 

എന്നാല്‍ പിന്നീട് പി വി പിയുടെ കൂടുതല്‍ ഓഹരികള്‍ സച്ചിന് കൈമാറിയതോടെ സച്ചിന് 40 ശതമാനം ഓഹരിയാണുള്ളത്. ഐ എസ് എല്ലിന്റെ ആദ്യ സീസണല്‍ തന്നെ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ വര്‍ഷം അവസാന പകുതിയിലേക്ക് പിന്തള്ളപ്പെട്ടിരുന്നു. തുടര്‍ന്നാണ് സാമ്പത്തിക ഭദ്രതയുള്ള നിക്ഷേപ പങ്കാളികളുമായി ചേര്‍ന്ന് ബലപ്പെടുത്തണമെന്ന നയം സച്ചിന്‍ സ്വീകരിച്ചത്.

പുതിയ നിക്ഷേപകരുമായി സച്ചിന് തിരുപ്പതിയില് കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം സീസണിലെ മാറ്റങ്ങളെ കുറിച്ചും സച്ചിന് വെളിപ്പെടുത്തി. ബ്ലാസ്‌റ്റേഴ്‌സില്‍ സച്ചിന് 40 ശതമാനം ഓഹരിയാണുള്ളത്. ബാക്കി ഓഹരികള്‍ കൈവശമുണ്ടായിരുന്ന പി വി പി ഗ്രൂപ്പ് ആദ്യ സീസണ് ശേഷം തന്നെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഒഴിവുവരുന്ന 60 ശതമാനം ഓഹരികളാണ് താരങ്ങള്‍ വാങ്ങുക.

താരങ്ങളുമായി ചേര്‍ന്ന് കൊമ്പന്മാര്‍ ആദ്യ സീസണിലെപ്പോലെ മിന്നും പ്രകടനം കാഴ്ച വെക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ സീസണ്‍ മുതലേ ആരാധകരുടെ മനസില്‍ ഇടം നേടിയ ടീമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ പിന്നിലായിട്ടും ക്രൗഡ് റേറ്റിംഗില്‍ ലോകത്തിലെ മുന്‍നിര മത്സരങ്ങള്‍ക്കു പിന്നില്‍ ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. 

രണ്ടു വര്‍ഷം മുമ്പ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയപ്പോള്‍ കൊച്ചി ടീമിനെ സ്വന്തമാക്കിയത് ഹൈദ്രാബാദ് ആസ്ഥാനമായ പി വി പി വെന്‍ച്വേഴ്‌സ് ആയിരുന്നു. സച്ചിന്‍ സഹ ഉടമകളില്‍ ഒരാളായാണ് രംഗത്തു വന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് പി വി പി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം പിന്നോട്ട് പോയപ്പോള്‍ സിനിമാ നിര്‍മ്മാതാക്കള്‍ കൂടിയായ ആര്‍ എല്‍ വി പ്രസാദ് നിക്ഷേപവുമായി എത്തി. കേരളത്തില്‍ നിന്നും മുത്തൂറ്റ് ഗ്രൂപ്പും ടീമില്‍ പണം മുടക്കി. എന്നാല്‍ മികച്ച താരങ്ങളില്ലാത്തതിനാല്‍ ആദ്യ വര്‍ഷത്തെപ്പോലെ തിളങ്ങാന്‍ ടീമിനായില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിക്ഷേപകരെ ഉള്‍പ്പെടുത്തി ടീമിനെ മികച്ചതാക്കാന്‍ സച്ചിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയത്.