വെള്ളായണിയില്‍ തേനിന്റെ ഗുണമേന്‍മാ പരിശോധനാ കേന്ദ്രം

0

തേനിന്റെ ഗുണനിലവാര പരിശോധനക്കായി രാജ്യത്താദ്യമായി ഒരു പരിശോധനാ കേന്ദ്രം വരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജ് ക്യാമ്പസിലാണ് കേന്ദ്രം ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് 4.5 കോടി രൂപയാണ് ചെലവ്. വെള്ളായണി തേനീച്ച പരാഗണ ഗവേഷണം കേന്ദ്രം മേധാവി ഡോ. എസ് ദേവനേശന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതും കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തുടനീളമുള്ള തേന്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതീയിലാണ് നടപ്പാക്കുക.

എന്‍ എ ബി എല്‍ അക്രഡിറ്റേഷന്‍ ഉള്ള ലാബില്‍ തേനിന്റെ എന്‍സൈം ലെവല്‍ മുതലുള്ള ഗുണനിലവാരം പരിശോധിക്കാന്‍ സൗകര്യം ഒരുക്കുന്നുണ്ട്. ഇതിനായി അത്യാധുനിക രീതീയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് ഡോ. എസ് ദേവനേശന്‍ പറഞ്ഞു. ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ വിദേശത്തുനിന്നുമാണ് എത്തിക്കുന്നത്. കെട്ടിട നിര്‍മാണത്തിനായി ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാല എന്‍ജിനിയംറിഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. 1.8 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിക്കായുള്ള പ്രൊപ്പോസല്‍ നല്‍കിയതെന്ന് എസ് ദേവനേശന്‍ പറഞ്ഞു. വളരെക്കാലമായുള്ള തേന്‍ കര്‍ഷകരുടെ ആവശ്യങ്ങളിലൊന്നായിരുന്നു പദ്ധതി. തേന്‍ ഗുണനിലവാര പരിശോധനക്ക് ഫലപ്രദമായ സംവിധാനങ്ങളൊന്നും നിലവിലില്ല. ആയുര്‍വേദ മരുന്ന്, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനുള്‍പ്പെടെ തേന്‍ ഉപയോഗിക്കുന്നുണ്ട്. മായം ചേര്‍ത്ത തേന്‍ ഉപയോഗിച്ച് മരുന്ന് നിര്‍മിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഇവ ഒഴിവാക്കാന്‍ പുതിയ സംവിധാനം സഹായകമാകും.

40,000 ടണ്‍ തേന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതയുള്ള കേരളത്തിന്റെ ഇപ്പോഴത്തെ തേനുത്പാദനം 10,000 ടണ്ണില്‍ താഴെയാണ്. വ്യാജ തേന്‍ നിര്‍മാണം വര്‍ധിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. തേന്‍ ഗുണനിലവാര പരിശോധന കേന്ദ്രം ആരംഭിക്കുന്നതോടെ വ്യാജനെ തടഞ്ഞ് തേന്‍ ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. തേനീച്ച വളര്‍ത്തല്‍ മേഖല നിലവില്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമാകാന്‍ തേന്‍ ടെസ്റ്റിംഗ് ലബോറട്ടറി സഹായകമാകും.