ടൂറിസം മേഖല ഹര്‍ത്താല്‍ വിമുക്തമാകണം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം മേഖല ഹര്‍ത്താല്‍ വിമുക്തമാകണം
: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Friday December 30, 2016,

1 min Read

വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നതാണ് സര്‍ക്കാരിന്റെ വ്യക്തമായ കാഴ്ചപ്പാടെന്നും ഇതാണ് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ പ്രതിഫലിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചു.

image


ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കായി ശ്രീകാര്യം മരിയ റാണി സെന്ററില്‍ നടക്കുന്ന ദ്വിദിന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം ഡയറക്ടര്‍ യു.വി.ജോസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

കാഴ്ചയുടെ നവ്യാനുഭവങ്ങള്‍ മാത്രമല്ല സുരക്ഷിതത്വവും വൃത്തിയും വെടിപ്പും ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമെല്ലാം ഉറപ്പാക്കിയാല്‍ മാത്രമേ കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നു പറയാനാകൂ എന്നും അതിനു വേണ്ടിയുള്ള കേരള ടൂറിസത്തിന്റെ ചുവടുവയ്പ്പാണെന്ന് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാരമേഖലയിലെ ഉദ്യോഗസ്ഥര്‍ യാന്ത്രികമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കേണ്ടവരല്ലെന്നും സ്വന്തം ഉത്തരവാദിത്തങ്ങളോട് സ്വപ്നസമാനമായ സങ്കല്‍പ്പങ്ങള്‍ ചേര്‍ത്തു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമായി ഒതുങ്ങാതെ കേരളത്തിലെ ടൂറിസം പ്രവര്‍ത്തന മേഖല വിപുലീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരി കിഷോര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ കെ. വാസുകി, ഗ്രീന്‍ വില്ലേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.സുഗതന്‍, ഹാബിറ്റാറ്റ് ഡയറക്ടര്‍ ജി.ശങ്കര്‍, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, രാജ്ഭവന്‍ പിആര്‍ഒ എസ്.ഡി.പ്രിന്‍സ്, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, പ്രഫ. രഘുനന്ദന്‍(ഐആര്‍ടിസി), ഗോപകുമാര്‍ എന്നിവര്‍ ക്ലാസുകളെടുത്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ടി.വി.പ്രശാന്ത് നന്ദി പറഞ്ഞു. ജി.കെ.എസ്.എഫ്. കോര്‍ഡിനേറ്റര്‍ . മധു കല്ലേരിയും സന്നിഹിതനായിരുന്നു. ശില്‍പ്പശാല വെള്ളിയാഴ്ച സമാപിക്കും.