പ്ലാസ്റ്റിക് മുക്ത പത്തനംതിട്ടയ്ക്ക് പിന്തുണയേറുന്നു

0

പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരിമിതമാക്കി മലിനീകരണം പരമാവധി കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഹരിതമാര്‍ഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മത-സാമുദായിക നേതാക്കളുടെയും കാറ്ററിംഗ് സ്ഥാപന ഉടമകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.

ഹരിതമാര്‍ഗരേഖ നടപ്പാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മത-സാമുദായിക നേതാക്കളും കാറ്ററിംഗ് സ്ഥാപന ഉടമകളും പൂര്‍ണ പിന്തുണ അറിയിച്ചു. പരിസ്ഥിതിയെ മലിനമാക്കുന്ന വസ്തുക്കള്‍ കുറച്ചു കൊണ്ടുവന്ന് മലിനീകരണം പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടര്‍ പറഞ്ഞു.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കണം. പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. ഇതിനുള്ളില്‍ പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ളതിനാല്‍ ആരോഗ്യത്തിന് ദോഷകരമാണ്.

ഇവ മണ്ണില്‍ അഴുകി ചേരുകയുമില്ല. ഭക്ഷണശാലകളില്‍ ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറില്‍ ഒഴിച്ച് നല്‍കുന്നത് ആരോഗ്യത്തിന് ദോഷകരമായതിനാല്‍ ഒഴിവാക്കണം. ഹരിതമാര്‍ഗരേഖ പാലിക്കുന്നെന്ന് എല്ലാവരും സ്വയം ഉറപ്പാക്കണം. ഇതുസംബന്ധിച്ച സന്ദേശം മത-സാമുദായിക നേതാക്കള്‍ താഴെത്തട്ടില്‍ എത്തിക്കണം.

സദ്യകള്‍ നടത്തുന്നത് ഹരിതമാര്‍ഗരേഖ പാലിച്ചാണെന്ന് കാറ്ററിംഗ് സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണം. എല്ലാ സദ്യാലയങ്ങളിലും മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കണം. തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇക്കാര്യം ഉറപ്പാക്കണം. ജൈവ അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കുകയും ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യണം.

പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം തുണി സഞ്ചി, പേപ്പര്‍ ബാഗ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. മതസ്ഥാപനങ്ങളുടെ ചടങ്ങുകളില്‍ ഹരിതമാര്‍ഗരേഖ പാലിക്കുന്നെന്ന് ഉറപ്പാക്കണം. സപ്താഹയജ്ഞം, ഉത്സവം, പെരുനാള്‍, ഘോഷയാത്ര, കണ്‍വന്‍ഷനുകള്‍ തുടങ്ങിയവ ഹരിതമാര്‍ഗരേഖ പാലിച്ച് നടത്താന്‍ മത-സാമുദായിക നേതാക്കള്‍ ശ്രദ്ധിക്കണം. പദയാത്രയിലോ ഘോഷയാത്രയിലോ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കുന്നത് പൂര്‍ണമായും പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലായിരിക്കണം.

ഹരിതമാര്‍ഗരേഖ പാലിച്ച് വിവാഹ ചടങ്ങ് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കണം. ഇതിനായി സമ്മാനമോ സര്‍ട്ടിഫിക്കറ്റോ നല്‍കാവുന്നതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശം ജില്ലാശുചിത്വമിഷനുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഫ്ളക്സ്, ബാനര്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. പകരം തുണി, പേപ്പര്‍ എന്നിവ ഉപയോഗിക്കണം.

ഇങ്ങനെ വയ്ക്കുന്ന ബോര്‍ഡുകളും ബാനറുകളും ബന്ധപ്പെട്ട പരിപാടി കഴിയുമ്പോള്‍ സംഘാടകര്‍ തന്നെ നീക്കം ചെയ്യണം. ബോധവത്കരണത്തിന്റെ ഫലമായി ശബരിമലയിലെ മലിനീകരണം കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദ് ഇമാം എ. അബ്ദുള്‍ ഷുക്കൂര്‍ മൗലവി, പൂവത്തൂര്‍ സെന്റ് ജോസഫ് സിഎസ്ഐ പള്ളിയിലെ ഫാ. ബിനോയ് പി. ജോസഫ്, എന്‍എസ്എസ് അടൂര്‍ യൂണിയന്‍ പ്രസിഡന്റ് കലഞ്ഞൂര്‍ മധു, എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, കുലശേഖരപതി ജുമാ മസ്ജിദ് ഇമാം മഹമൂദ് ദാരിം, കെപിഎംഎസ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. രാജന്‍ തോട്ടപ്പുഴ, കെഎസ്എസ് ജില്ലാ സെക്രട്ടറി പി.എന്‍. പുരുഷോത്തമന്‍, എകെപിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ വലഞ്ചുഴി, അയ്യപ്പസേവാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. രാജഗോപാല്‍, കാറ്ററിംഗ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മനോജ് മാധവശേരില്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വിനോദ്കുമാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.