മഞ്ജുഭാവങ്ങളില്‍ ഉദിച്ച് സൂര്യനൃത്തവേദി

5

സൂര്യയുടെ നൃത്തവേദിയില്‍ ഭക്തിയുടെ ഭാവമുദ്രകള്‍ വിരിയിച്ച് മഞ്ജുവാര്യര്‍ നടനവിസ്മയമായി. ചുവടുകളിലും ചലനങ്ങളിലും പകരംവയ്ക്കാനില്ലാത്ത മുദ്രകള്‍ തീര്‍ത്താണ് മഞ്ജുവിന്റെ കുച്ചുപ്പുടി മലയാളത്തിന്റെ പ്രൗഢവേദിയെ ജ്വലിപ്പിച്ചത്.

ടാഗോര്‍തീയറ്ററില്‍ നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി ഗണേശസ്തുതിയോടെയാണ് മഞ്ജു തുടങ്ങിയത്. 'ആനന്ദനടനം ആടും വിനായകര്‍' എന്ന മധുരൈ ആര്‍ മുരളീധരന്റെ രചനയ്ക്കൊപ്പമുള്ള നര്‍ത്തനമികവ് വിഘ്നേശ്വരവര്‍ണനകളുടെ വിസ്മയലോകങ്ങളിലേക്ക് ആസ്വാദകരെ നയിച്ചു. ഗൗളരാഗത്തില്‍ ആദിതാളത്തിലുള്ള ആദ്യ ഇനം അവസാനിക്കുമ്പോള്‍ സദസ്സ് കരഘോഷത്തോടെ മഞ്ജുവിന് പ്രശംസയേകി.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഇനങ്ങളിലേക്കാണ് പിന്നീട് മലയാളത്തിന്റെ പ്രിയതാരം ചുവടുവച്ചത്. കൃഷ്ണഭക്തിയുടെ വൃന്ദാവനങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്. 18ാം നൂറ്റാണ്ടിലെ വാഗേയകാരന്‍ ഊത്തുക്കാട് വെങ്കടസുബ്ബയ്യരുടെ 'അതി നിരുപമ സുന്ദരാകര..'എന്നുതുടങ്ങുന്ന കൃതിയില്‍ കൃഷ്ണരൂപം വിരിഞ്ഞു. പന്തുവരാളി രാഗത്തില്‍ ആദിതാളത്തിലുള്ള ഇതില്‍ സത്യഭാമയുടെയും രുഗ്മിണിയുടെയും കൃഷ്ണന്റെയും നാരദന്റെയും വിവിധ നിമിഷങ്ങളാണ് വര്‍ണിക്കുന്നത്. ഭാവങ്ങളുടെ അതിവേഗമുള്ള കൂടുമാറ്റം കൊണ്ട് മഞ്ജു സദസ്സിനെ അതിശയിപ്പിച്ചു.അതില്‍ നിന്ന് വീണ്ടും കൃഷ്ണലീലകളിലേക്ക് മടങ്ങാന്‍ മഞ്ജുവിന് അധികനേരം വേണ്ടിവന്നില്ല. മൂന്നാമത്തെ ഇനം ജയദേവ കവിയുടെ വിഖ്യാതമായ അഷ്ടപദിയായിരുന്നു. വിരഹിണിരാധയുടെ വിഹ്വലതകളിലേക്ക് മഞ്ജു അനായാസം പടര്‍ന്നുകയറി.

അതിലോലചലനങ്ങളുടെ നിര്‍മലതയില്‍നിന്ന് ശൈവഭക്തിയുടെ തീക്ഷ്ണതയിലേക്കുള്ള പകര്‍ന്നാട്ടമായിരുന്നു അടുത്ത ഇനം. 'ആനന്ദനടനം ആടുവര്‍ തില്ലൈ' എന്ന കീര്‍ത്തനം നടരാജന്റെ സര്‍വംമറന്നുള്ള നര്‍ത്തനത്തെയാണ് കാണികളിലെത്തിച്ചത്. പൂര്‍വികല്യാണി രാഗത്തിലും രൂപകതാളത്തിലുമായി നീലകണ്ഠശിവന്‍ ചിട്ടപ്പെടുത്തിയ ഈ കൃതി ചടുലതയുടെ സംഭ്രമനിമിഷങ്ങളില്‍ പൂര്‍ണമായി.

തില്ലാനയായിരുന്നു അവസാന ഇനം. മുരുകഭഗവാന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ആരവങ്ങളാണ് ഖാമാസ് രാഗത്തിലും ആദിതാളത്തിലും ലാല്‍ഗുഡി എസ്.ജയരാമന്‍ ചിട്ടപ്പെട്ടപ്പെടുത്തിയ കൃതിയിലുണ്ടായിരുന്നത്. രണ്ടുമണിക്കൂറോളം സൂര്യനൃത്തവേദിയെ സമ്മോഹനമാക്കിയ പരിപാടി അതിന്റെ എല്ലാവിധ ആവേശത്തോടെയും പെയ്തു തോരുകയായിരുന്നു അതില്‍.ഗീത പത്മകുമാര്‍ ആയിരുന്നു കോറിയോഗ്രഫിയും നട്ടുവാങ്കവും. ബ്രിജേഷ് കൃഷ്ണ (വോക്കല്‍)സുരേഷ് നമ്പൂതിരി (വയലിന്‍) കലാമണ്ഡലം ചാരുദത്ത്(മൃദംഗം), മുരളീകൃഷ്ണ(വീണ),വിവേക് ഷേണായി(പുല്ലാങ്കുഴല്‍)എന്നിവരായിരുന്നു പിന്നണിയില്‍.