രജതജൂബിലിയുടെ നിറവില്‍ 'തെയോസ'

0

കാലാകാലങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളുടെ സര്‍ഗ്ഗസമ്പത്തിന്റേയും അക്കാഡമിക്ക് മികവിന്റേയും, തലമുറകള്‍ക്കപ്പുറം നീളുന്ന ആത്മബന്ധങ്ങളുടേയും സൗഹൃദങ്ങളുടേയും തിളക്കമുള്ള അടയാളങ്ങളാണ്. ക്ലാസ്മുറികള്‍ക്കും, പുറത്തും തങ്ങള്‍ അനുഭവിച്ച സാംശീകരിച്ച യൗവനകാലാനുഭവങ്ങളുടെ ഒളി മങ്ങാത്ത ഓര്‍മ്മകളുടെ നിറം മങ്ങാത്ത ചിത്രങ്ങള്‍ക്ക് പുതുജീവന്‍ പകരുവാനും, പുതിയ കാലഘട്ടത്തില്‍ കൂട്ടായ്മയുടെ അനുഭവങ്ങള്‍ തീര്‍ക്കുന്നതുമാണ് ഓരോ കലാലയത്തിലേയും പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി തിരുവനന്തപുരത്ത് വളരെ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയാണ് മാര്‍ തെയോഫിലസ് ട്രെയിനിംഗ് കോളേജിലെ 'തെയോസ' (Theophilus Old Students Association THEOSA) 1956 ജൂലൈ മൂന്നിന് അന്തരിച്ച തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി തുടങ്ങിയ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ ക്ഷേത്രമാണ് മാര്‍ തെയോഫിലസ്സ് ട്രെയിനിംഗ് കോളേജ്. മാര്‍ ഇവാനിയോസ് കോളേജിന്റെ ഇന്നത്തെ ഇംഗ്ലീഷ് വിഭാഗം നില്‍ക്കുന്ന കെട്ടിട സമുച്ഛയത്തിലായിരൂന്നു ആദ്യകാലങ്ങളില്‍ ഈ കോളേജ് നടന്നുവന്നിരുന്നത്. കേരള സംസ്ഥാനത്ത് രൂപം കൊണ്ട ആദ്യത്തെ ഈ പ്രൈവറ്റ്‌ എയ്ഡഡ് ട്രെയിനിംഗ് കോളേജിന് മുമ്പ് തിരുവനന്തപുരം, തലശ്ശേരി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവര്‍മെന്റ് ട്രെയിനിംഗ് കോളേജുകള്‍ മാത്രമായിരുന്നു അധ്യാപന പരിശീലന രംഗത്തുണ്ടായിരുന്നത്. മഹാരഥന്മാരായ തമ്പി ഹാരിസ്സ്, ഫാ. ജോസ് മാത്യു, ഫാ. ജോര്‍ജ് മൂത്തേരില്‍ എന്നീ ആദ്യകാല പ്രിന്‍സിപ്പല്‍മാരുടെ ദാര്‍ശനിക നേതൃത്വം കലാലയത്തിന്റെ അസ്ഥിവാരമുറപ്പിച്ചു. സിസ്റ്റര്‍ സ്‌റ്റെനിസ്ലാവൂസ്, പ്രൊഫ. സൂസന്‍ ജോസഫ് എന്നിവരെ തുടര്‍ന്ന് പ്രൊഫ. മേരി മാത്യുവിന്റെ നേതൃത്വത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന തെയോസ ആരംഭിച്ചത്. ഡോ.സിസ്റ്റര്‍ സ്ബീഹാ, ഫാ. ജോസ്സ് കോന്നാത്ത്, സി. മേഴ്‌സിക്കുട്ടി, ഡോ. എസ്ത്തര്‍ ഗ്ലാഡിസ്സ് എന്നിവരും തുടര്‍ന്ന് നേതൃത്വം നല്കി. ഫാ. ജോസ്സ് കോന്നാത്ത്, ഈ കലാലയത്തിന് (NAAC) (നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍) മാര്‍ഗ്ഗ നിര്‍ദേശമനുസരിച്ച് ഇന്ന് കാണുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് അടിത്തറപാകിയ നേതൃത്വമാണ് നല്‍കിയത്.

1990-91ല്‍ രൂപം കൊണ്ട തെയോസ കലാലത്തിന്റെ പൈതൃകവും ആഴത്തിലുള്ള സാംസ്‌കാരിക സുഹൃത്ത് ബന്ധങ്ങളും നിലനിര്‍ത്തുന്നതിനും, കലാലയത്തിനുപുറത്തേക്ക് സൗഹൃദങ്ങളുടെ നന്മകള്‍ പ്രസരിപ്പിക്കുന്നതിനും തെയോസയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യശ:ശ്ശരീരനായ മണ്ണന്തല വേലായുധന്‍ നായറായിരുന്നു ആദ്യകാല പ്രസിഡന്റ്. തുടര്‍ന്ന് കെ. ഒ. തോമസ്സ്, ഡോ. കെ. ശിവദാസന്‍പിള്ള എന്നിവര്‍ പ്രസിഡന്റുമാരായിരുന്നു. എബ്രഹാം മാത്യു, അലക്സ്സ് കളീലഴികം, ഡോ. കെ. വൈ. ബനഡിക്റ്റ്, ഷിബു ആറാലുംമൂട്, ലാല്‍ എം. തോമസ്സ്, ജയിംസ് കോശി, മാത്യൂ വര്‍ഗീസ്സ് എന്നിവര്‍ ആദ്യകാല ജനറല്‍ സെക്രട്ട് റിമാരായിരുന്നു. പ്രൊഫ. മേരി മാത്യൂവാണ് ഇപ്പോഴത്തെ പ്രസിഡന്റ്, ആംബ്രോസ് കുന്നില്‍ ആക്ടിംഗ് പ്രസിഡന്റും. പ്രൊഫ. പ്രകാശ് ജി.ടി. ജനറല്‍ സെക്രട്ടറിയും, ഡോ. ജിബി ഗീവറുഗ്ഗീസ് സ്റ്റാഫ് സെക്രട്ടറിയുമായി തുടരുന്നു. കോളേജ് ബര്‍സാര്‍ ഫാദര്‍ തോമസ്സ് കയ്യാലയ്ക്കല്‍ തെയോസയ്ക്ക് ശക്തമായ പിന്തുണ നല്‍കി വരുന്നു. തെയോസ വോയിസ് എന്ന വാര്‍ഷിക പതിപ്പ് സംഘടനയുടെ ഔദ്യോഗിക ജിഹ്വയാണ് . 'വോയിസ്സ് ഓഫ് തെയോസ. ബ്ലോഗ്‌സ്‌പോട്ട്.ഇന്‍' എന്ന ബ്ലോഗ് തെയോസയുടെ ഡിജിറ്റല്‍ സാന്നിദ്ധ്യത്തിന് ഉദാഹരണമാണ്. വാര്‍ഷിക ടൂര്‍, ആശുപത്രികള്‍ക്കുള്ള ഉപകരണ വിതരണം, അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി, എന്നിവ മറ്റ് പ്രവര്‍ത്തന മേഖലകളാണ്. സാഹിത്യ കലാ സാംസ്‌കാരിക മാധ്യമ രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രത്യേക കൂട്ടായ്മയും സന്നദ്ധസേനയും രജതജൂബിലി ജൂബിലി വര്‍ഷത്തെ പുതിയ കാല്‍ വയ്പ്പുകളാണ്. 2016 ജനൂവരി 9ന് നടക്കുന്ന മുഴുനീളദിന സമാപന പരിപാടികളില്‍ കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറും. ഗുരുവന്ദനവും, അവാര്‍ഡ് ദാനവും, പ്രതിഭാ സംഗമവും മറ്റുമാണ് തെയോസ ജൂബിലി ഫെസ്റ്റ് 2016 ന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഗള്‍ഫ്, യൂറോപ്പ്, അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, മാലിദ്വീപുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തെയോസ ഗ്ലോബല്‍ ചാപ്റ്ററുകള്‍ രൂപീകരിക്കാനൂള്ള ഒരുക്കങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. വൈ. ബനഡിക്റ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. മാര്‍ തെയോഫിലസ്സ് ട്രെയിനിംഗ് കോളേജിന്റെ രക്ഷാധികാരിയും, സി.ബി.സി.ഐ. പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവായുടെ ശ്രേഷ്ഠമായ അജപാലന ശുശ്രൂഷയുടെ ഉദാഹരണമായി 'തെയോസ' ഇനിയും ഉന്നതങ്ങളിലേക്ക് വളരും എന്നതിന് സംശയമില്ല. നാഷനല്‍ അസ്സസ്സ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) റീഅക്രഡിറ്റേഷനില്‍ വീണ്ടും 'A' ഗ്രേഡ് നിലനിര്‍ത്തുന്നതില്‍ 'തെയോസ' വഹിച്ച പങ്ക് നിസ്തുലമാണ്. അതെ ഒരു കലാലയത്തിന്റെ ഏറ്റവും വലിയ സ്വത്ത് അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.