കേക്കുകളും പേസ്ട്രികളമായി വിനേശ് ജോണിയുടെ ലവോനി

കേക്കുകളും പേസ്ട്രികളമായി വിനേശ് ജോണിയുടെ ലവോനി

Saturday March 26, 2016,

2 min Read


പേസ്ട്രികളും കേക്കുകളും എല്ലാവര്‍ക്കും ഇഷ്ടമാണ്. വിശേഷ വേളകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയായി ഇവ മാറിക്കഴിഞ്ഞു. ചിലര്‍ക്ക് ഇവ കാണുമ്പോള്‍ തന്നെ ഒന്നു രുചിച്ചു നോക്കാന്‍ തോന്നും. മറ്റു ചിലര്‍ക്ക് ഇതെങ്ങനെയാവും തയാറാക്കിയിട്ടുണ്ടാവുക എന്നായിരിക്കും ചിന്ത. ഇങ്ങനെ ഉള്ളവര്‍ക്കുള്ള സ്ഥാപനമാണ് വിനേശ് ജോണിയുടെ ലവോനി. പ്രൊഫഷനല്‍ ബേക്കറായ വിനേശ് ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ലവോനി തുടങ്ങിയത്. പല തരത്തിലുള്ള കേക്കുകളും പേസ്ട്രികളും തയാറാക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കുന്ന സ്ഥാപനമാണിത്.

image


ലോകമെമ്പാടുമുള്ള പല വ്യത്യസ്ത തരത്തിലുള്ള പേസ്ട്രികളും കേക്കുകളും ഉണ്ടാക്കുന്നതെങ്ങനെയെന്നു ഈ സ്ഥാപനത്തില്‍ പഠിപ്പിക്കുന്നു. 2016 ലെ ഏഷ്യയില്‍ നിന്നുള്ള ഫോബ്‌സ് 30 അണ്ടര്‍ 30 പട്ടികയില്‍ വിനേശും ഇടംനേടി. മാത്രമല്ല 2016 ലെ ടൈംസ് ഫുഡ് അവാര്‍ഡ് നേടി.

2012 ല്‍ 24 വയസ്സുള്ളപ്പോഴാണ് വിനേശ് ലവോനി തുടങ്ങിയത്. അവിന്‍ തലിയത്, ലിജോ ഈപ്പന്‍ എന്നിവര്‍ക്കൊപ്പം ബെംഗളൂരുവിലാണ് ലവോനി തുടങ്ങിയത്. ക്രൈസ്റ്റ് കോളജില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം ചെയ്യുന്ന സമയത്താണ് ഇന്ത്യയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ബേക്കിങ് സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഈ ആശയം തന്റെ പ്രൊഫസറായ അവിനുമായും ഒപ്പം പഠിക്കുന്ന ലിജോയുമായും പങ്കുവച്ചു. അവരും ഇതിനോട് യോജിച്ചു.

ബിരുദ പഠനത്തിനുശേഷം ഒബിറോയ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, സ്റ്റാര്‍വുഡ് ഹോട്ടല്‍സ്, വിവിധ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ വിനേശ് ജോലി ചെയ്തു. മലേഷ്യയിലെ ഫീവ്‌സ് ഡി ചോക്കോ അക്കാദമിയില്‍ നിന്നും ഷുഗര്‍ ആര്‍ട് ആന്‍ഡ് വെഡ്ഡിങ് കേക്ക് ഡെക്കറേഷനില്‍ ഡിപ്ലോമ നേടി.

2008 ല്‍ വിദ്യാര്‍ഥിയായിരിക്കെ ബേക്കിങ്ങില്‍ ഉന്നതപഠനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അനുയോജ്യമായ ഒരു കോഴ്‌സും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. അതിനായി ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് പോകണമായിരുന്നു. അപ്പോഴാണ് ഇന്ത്യയില്‍ ഇത്തരം ഒരു കോഴ്‌സിന്റെ സാധ്യത മനസ്സിലാക്കിയത്. പേസ്ട്രി നിര്‍മാണത്തിലും ബേക്കിങ് മേഖലയില്‍ ഉന്നത കോഴ്‌സുകള്‍ ചെയ്യുന്നതിനും നിരവധി പേര്‍ എത്തുന്നുണ്ടെന്നും മനസ്സിലായി വിനേശ് പറഞ്ഞു.

ലവോനി നിരവധി കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. ഡിപ്ലോമ കോഴ്‌സുകളും ഹോബി എന്ന നിലയില്‍ ബേക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി വാരാന്ത്യ ക്ലാസുകളും നല്‍കുന്നു. രാജ്യാന്തര തലത്തിലുള്ള ഷെഫുകളാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

image


വിദ്യാര്‍ഥികളെ സംരംഭകരായി വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. വിവാഹവേളകള്‍ക്കായുള്ള പ്രത്യേക കേക്കുകളും മറ്റു വ്യത്യസ്ത തരത്തിലുള്ള പേസ്ട്രികളും തയാറാക്കുന്നതിനുള്ള പരിശീലനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. ഒരു സ്റ്റാര്‍ട്ടപ് തുടങ്ങുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് വര്‍ക്‌ഷോപ്പുകള്‍ നല്‍കുന്നു വിനേശ് പറഞ്ഞു.

ലവോനിയിലെ വിദ്യാര്‍ഥികള്‍ക്ക് ഇവിടത്തെ പഠനം അവരുടെ ജീവിതത്തിലെ മുന്നോട്ടുള്ള വഴികളില്‍ പ്രയോജനകരമായിരിക്കുമെന്നും വിനേശ് പറയുന്നു. ഡിപ്ലോമ പഠനത്തിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ് നല്‍കും. അതുകഴിഞ്ഞ ഉടന്‍ വിവിധ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ അവര്‍ക്ക് ജോലിയും നല്‍കും..

പല വിദ്യാര്‍ഥികളും അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ് ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. അതു കഴിഞ്ഞാല്‍ ചിലര്‍ സ്വന്തമായി ബിസിനസ് തുടങ്ങുന്നു. വളരെ കുറച്ചുപേര്‍ മാത്രമാണ് ബേക്കിങ് കരിയറായി കൊണ്ടുപോകുന്നത് വിനേശ് പറഞ്ഞു.

വെല്ലുവിളി

സ്റ്റാര്‍ട്ടപ് തുടങ്ങാന്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങളിലാരും തന്നെ ബിസിനസ് പശ്ചാത്തലമുള്ളവരല്ല. അതിനാല്‍ തന്നെ ഒരു ബിസിനസ് തുടങ്ങുമ്പോള്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നു അറിയില്ലായിരുന്നു. സ്ഥാപനം തുടങ്ങാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന്റെ തലേ ദിവസം ഞങ്ങള്‍ക്ക് ആ സ്ഥലം ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. അതുകഴിഞ്ഞ് മൂന്നും നാലും മാസം തിരഞ്ഞിട്ടും അനുയോജ്യമായ സ്ഥലം ലഭിച്ചില്ല. ഒടുവില്‍ അനുയോജ്യമായി സ്ഥലം കണ്ടെത്തി.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കേക്കുകവോ പേസ്ട്രിയോ നിര്‍മിക്കാനാവില്ല. അതിനു കൃത്യമായ പാചകരീതി പിന്തുടരണം. ബേക്കിങ്ങിന് അതിന്റേതായ ചില കെമിസ്ട്രിയുണ്ട്. ഞാനത് ശരിക്കും ആസ്വദിക്കുന്നു. കൃത്യമായ പാചകരീതി പിന്തുടര്‍ന്നു പോയാല്‍ മധുരമൂറുന്ന പല വിഭവങ്ങളും നിര്‍മിക്കാം. ഇഷ്ടത്തോടെ മാത്രമേ ഇതു ചെയ്യാവൂ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വിനേശ് പറയുന്നു.

image


ഭാവി പദ്ധതികള്‍

ലണ്ടനിലെ സിറ്റി ആന്‍ഡ് ഗില്‍ഡ്‌സ് ലവോനിക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് കൂടുതല്‍ വിദ്യാര്‍ഥികളും ലവോനിയില്‍ പഠിക്കാനെത്തുന്നത്. സ്ഥാപനത്തിനു പുറമെ ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ റസ്റ്ററന്റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ചുമതല നല്‍കി അവരെ കൂടുതല്‍ മികവുറ്റരാക്കുകയാണ് ലക്ഷ്യം. മാത്രമല്ല രാജ്യാന്തര തലത്തിലേക്ക് സ്ഥാപനം വളര്‍ത്തിയെടുക്കാനും അടുത്ത വര്‍ഷം മുതല്‍ നിക്ഷേപങ്ങള്‍ നേടിയെടുക്കാനും പദ്ധതിയുണ്ട്.