പാചകത്തിന്റെ കൈപ്പുണ്യം ലോകത്തിന് നല്‍കി കുടുംബശ്രീ

0


രുചിയുടെ ലോകം തുറന്നിട്ട് കുടുംബശ്രീ, പുതിയ വനിതാ സംരഭകരെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുമ്പോള്‍ അത് സ്ത്രീശാക്തീകരണത്തിന്റെ മാതൃക കൂടിയാകുന്നു. വ്യത്യസ്ത സാഹചര്യങ്ങളിലെത്തിയ നൂര്‍ജഹാനും, ജയക്കും പറയാനുള്ളത് വേറിട്ട അനുഭവങ്ങളാണെങ്കിലും ഇരുവരുടേയും പാത ഒരിടത്തേക്കുള്ളതാണ്. ആത്മവിശ്വാസത്തോടെ ജീവിത വിജയത്തിലേക്കുള്ള പാതയാണിവര്‍ സ്വന്തം പ്രയത്‌നത്തിലൂടെ വെട്ടിത്തെളിക്കുന്നത്.

പുറംലോകം കാണാത്ത ഒരു സ്ത്രീയുടെ വിജയഗാഥയായിരുന്നു കോഴിക്കോട് കൊടുവള്ളി സ്വദേശി നൂര്‍ജഹാന് യുവര്‍ സ്റ്റോറിയോട് പറയാനുണ്ടായിരുന്നത്. ഭര്‍തത്താവിനൊപ്പം മാത്രം വീടിനു പുറത്തുപോകുകയും തിരിച്ചെത്തുകയു ചെയ്തിരുന്ന നബര്‍ജഹാന്‍ തന്റെ തട്ടം നേരെയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞത് കുടുംബശ്രീ അടുക്കളിയിലേക്കെത്തിയ സ്വന്തം കഥയാണ്. മുളയരി, ഞവര അരി, കൂവപ്പൊടി എന്നിങ്ങനെ പരമ്പരാഗത സാധനങ്ങള്‍ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തിയിരുന്ന നൂര്‍ജഹാനെ കുടംബശ്രീ തേടിയെത്തിയതും ഈതേ കാരണം കൊണ്ടുതന്നെ ആയിരുന്നു. പാക്കിംഗ് കവറില്‍ കണ്ട നമ്പര്‍ നോക്കിയാണ് അവര്‍ നൂര്‍ജഹാനെ കുടുംബശ്രീ വിളിച്ചത്. കുടുംബശ്രീയുടെ വാര്‍ഷികത്തില്‍ നൂര്‍ജഹാന്റെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു ക്ഷണം. കുടുംബശ്രീയുടെ നിര്‍ബന്ധ പ്രകാരം തന്നെ അന്ന് അവിടെ നടന്ന മീറ്റിംഗിലും പങ്കെടുക്കേണ്ടി വന്നു.അധികം ലഭിക്കാനിടയില്ലാത്ത അപൂര്‍വയിനം ഉത്പന്നങ്ങള്‍ മാത്രമായിരുന്നില്ല കുടുംബശ്രീക്ക് വേണ്ടിയിരുന്നത്. ഈ ഉത്പന്നങ്ങള്‍ കൊണ്ടുള്ള പാചകങ്ങളും അവര്‍ നൂര്‍ജഹാനില്‍ നിന്നും പ്രതീക്ഷിച്ചു. താത്പര്യമുണ്ടായിരുന്നെങ്കിലും യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച നൂര്‍ജഹാന്റെ കുടുംബം ആദ്യമൊന്നും ഇതിനനുവദിച്ചിരുന്നില്ല. പിന്നീട് ഭര്‍ത്താവ് സമ്മതംമൂളിയതോടെ ഭര്‍ത്താവിന്റെ വീട്ടുകാരം അനുവാദം നല്‍കുകയായിരുന്നു.

ഒടുവില്‍ താന്‍ എങ്ങോട്ടാണ് പോകുന്നത് എന്നറിയാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മേളിലെത്തിയതും യൂണിഫോമിലായിരുന്ന തന്നെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാതിരുന്നതും പുഞ്ചിരിയോടെ നൂര്‍ജഹാന്‍ ഓര്‍ക്കുന്നു. അവിടെ മറ്റ് സ്ത്രീകള്‍ക്കൊപ്പം താനും യൂനിഫോമൊക്കെ ധരിച്ച് ജോലി ചെയ്യുന്നത് കണ്ടപ്പോള്‍ ഇത് കുഴപ്പം പിടിച്ച സ്ഥലമൊന്നുമല്ലെന്നും സുരക്ഷിതമാണെന്നും അവര്‍ക്ക് മനസിലായി . എന്തായാലും ആദ്യത്തെ ഭക്ഷ്യമേളയില്‍ പങ്കെടുത്തതോടെ തന്നെ നൂര്‍ജഹാന്‍ ഉഷാറായി. കൂടുതല്‍ ആളുകളുമായി സഹകരിക്കാനും സംസാരിക്കാനും സാധിക്കുന്നതില്‍ ഏറെ സന്തോഷം. ഇപ്പോള്‍ തിരക്കോട് തിരക്കാണ് ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫുഡ് ഫെയറില്‍ പങ്കെടുത്തശേഷം അവിടെനിന്നായിരുന്നു അനന്തപുരിയിലേക്കുള്ള യാത്ര. നാല് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബം എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. വീട്ടില്‍ നിന്നും മാറി നില്‍ക്കാത്ത നൂര്‍ജഹാനിന്ന് മാസങ്ങള്‍ കഴിഞ്ഞാണ് വീട്ടിലെത്തുന്നത്. നാലു മക്കളുടെ അമ്മയായ നൂര്‍ജഹാന് കുടുംബ്തിന്റെ പിന്തുണ ധാരാളം ഉണ്ട്. ചട്ടിപ്പത്തിരി, ഉന്നക്കായ, കടുക്ക നിറച്ചത്, പുയ്യാപ്ല കോഴി തുടങ്ങിയ ഇനങ്ങളാണ് നൂര്‍ജഹാന്റെ മാസ്റ്റര്‍ പീസുകള്‍.

കൈപ്പുണ്യത്തിന്റെ വി'ജയ'കഥ

എരിവും പുളിയും ഏറി നില്‍ക്കുമെങ്കിലും ജയയുടെ ഷാപ്പ് മീന്‍കറി കഴിച്ചവരുടെ നാവില്‍ നിന്നും ആ രുചി ഒരിക്കലും മായില്ല. കുടുംബശ്രീ കഫേ പ്രവര്‍ത്തകയായ ജയയുടെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ് ഷാപ്പ് മീന്‍കറി. കൂടാതെ കുമരകം താറവുകറി, കരിമീന്‍ പോള്ളിച്ചത്, കക്കയിറച്ചി, കണവ റോസ്റ്റ്, ചെമ്മീന്‍പുട്ട്, കമവപ്പുട്ട്, കുമരകം താറാവു കറി തുടങ്ങി നിരവധി വിഭവങ്ങളാണ് ജയയുടെ കൈതൊട്ടാല്‍ കൈപുണ്യം തുളുമ്പുന്നത്.

പാചകവുമായുള്ള ജയയുടെ യാത്ര ആരംഭിച്ചിട്ട് ഇത് നാല് വര്‍ഷം. ആലപ്പുഴ കൊമ്മാടി സ്വദേശിയായ ജയ എട്ട് വര്‍ഷമായി കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണാണ്. നാട്ടില്‍ തന്നെ ചില സ്ത്രീകളെ സംഘടിപ്പിച്ച് കല്യാണത്തിലും നുലുകെട്ടിനും നിശ്ചയത്തിനും അടിയന്തരത്തിനുമൊക്കെ പാചകം നടത്തിയിരുന്ന ജയയുടെ കൈപുണ്യം തന്നെയാണ് കുടുംബശ്രീയിലേക്കെത്തിച്ചിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ജയയുടെ കുടുംബത്തിന് കഴിഞ്ഞ കുറച്ചു നാളത്തെ നീക്കിയിരിപ്പ് ഒന്നര ലക്ഷം രൂപയാണ്. തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന വീടില്ലാത്ത ഹേമ എന്ന പെണ്‍കുട്ടി ഇപ്പോള്‍ വീട് നിര്‍മിച്ചതുപോലും കുടുംബശ്രീയില്‍ നിന്നും ലഭിച്ച ലാഭ വിഹിതം ഉപയോഗിച്ചാണെന്ന് ജയ പറയുന്നു. സാമ്പത്തിക ലാഭത്തിന് പുറമെ തങ്ങളുടെ കുടുംബശ്രീ സംഘമായ ഫൈവ് സ്റ്റാര്‍ ഏത് ജില്ലയില്‍ മത്സരിച്ചാലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു എന്ന് പറയുമ്പോള്‍ ജയയുടെ മുഖത്ത് അഭിമാനത്തോടെയുള്ള പുഞ്ചിരി.

കുടുംബശ്രീക്കായി തങ്ങള്‍ക്ക് ലഭിച്ച പരിശീലനം വ്യക്തിത്വം വികസിപ്പിക്കുകയും ജീവിതത്തെ തന്നെ മാറ്റി മറിച്ചതായും ജയ പറയുന്നു. സുഖമില്ലാത്ത അമ്മയും രണ്ട മക്കളും ഭര്‍ത്താവുമാണ് വീട്ടിലുള്ളത്. താന്‍ മേളകള്‍ക്കായി പോകുമ്പോഴും ഇവരുടെയെല്ലാവരുടേയും പൂര്‍ണ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്നതാണ് ജീവിതത്തതിലെ ഏറ്റവും വലിയ വിജയം എന്നും ജയ പറയുന്നു