പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറില്‍ പുതിയ ജെട്ടി നിര്‍മ്മിക്കുന്നതിന് 14.24 കോടി രൂപ

0

കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറില്‍ 200 മീറ്റര്‍ ജെട്ടി നിര്‍മ്മിക്കുന്നതിനും നിലവിലുളളതിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ (ആര്‍.കെ.വി.വൈ) 14.24 കോടി അനുവദിക്കാന്‍ ജൂണ്‍ 28ന് ചീഫ് സെക്രട്ടറിയുടെ ചേമ്പറില്‍ നടന്ന സ്റ്റേറ്റ് ലെവല്‍ എംപവര്‍മെന്റ് കമ്മിറ്റി തീരുമാനിച്ചു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാരും 50 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കും. ജെട്ടിയിലുളള അപ്രോച്ച് റോഡ്, ഹാര്‍ബറിലെ വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളും ഇതില്‍പെടും. എട്ടു മുതല്‍ 10 മീറ്റര്‍ വരെ നീളമുളള മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറില്‍ അടുത്ത് മത്സ്യ വിപണനം നടത്തുന്നതരത്തിലാണ് ഇപ്പോഴത്തെ ഡിസൈന്‍. എന്നാല്‍ 18 മുതല്‍ 25 മീറ്റര്‍ വരെ വലിപ്പമുളള ബോട്ടുകളാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. നിലവിലുളള ജെട്ടിയുടെ നീളവും, ഉയരവും വലിയ ബോട്ടുകള്‍ക്ക് ഹാര്‍ബറില്‍ അടുത്ത് മത്സ്യം ഇറക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിലവിലുളളതിനെക്കാള്‍ ഉയരമുളളതും 100 മീറ്റര്‍ നീളത്തിലുമുളള രണ്ട് ജെട്ടികള്‍ കൂടി പുതിയാപ്പ ഹാര്‍ബറില്‍ നിര്‍മ്മിക്കുമ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ ഫെബ്രുവരി ഏഴിന് പുതിയാപ്പ സന്ദര്‍ശിച്ചപ്പോള്‍ ഹാര്‍ബറിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് തയ്യാറാക്കിയ പദ്ധതിക്കാണ് ആര്‍.കെ.വി.വൈ സ്‌കീമില്‍ അംഗീകാരം ലഭിച്ചത്. പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് 527 ലക്ഷം രൂപയ്ക്ക് 1988 ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ചിരുന്നു. ഹാര്‍ബര്‍ 1996 ല്‍ കമ്മീഷന്‍ ചെയ്ത് മത്സ്യ ബന്ധനത്തിനായി തുറന്നു നല്‍കി. നിലവില്‍ 275 മീറ്റര്‍ കീവാള്‍, 2044 ച.മീ ലേലപ്പുര, 400 ച.മീറ്റര്‍ ഗിയര്‍ഷെഡ് ലോക്കര്‍ മുറികള്‍, കാന്റീന്‍, ഇന്റേണല്‍ റോഡ്, പാര്‍ക്കിംഗ് ഏരിയാ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട്.