പൂര്‍ണചന്ദ്രനായി മാറിയ അമാവാസി

0

അമാവാസി എന്ന നാടോടി ബാലന്‍ പൂര്‍ണചന്ദ്രനായതിന് പിന്നില്‍ കരളലിയിക്കുന്ന ഒരു കഥയുണ്ട്. അമാവാസി എന്ന് അച്ഛനമ്മമാര്‍ തനിക്ക് നല്‍കിയ പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു അമാവാസിയുടെ ബാല്യം. എന്നാല്‍ തന്റെ കഴിവുകളിലൂടെ അമാവാസി ഇപ്പോള്‍ പൂര്‍ണചന്ദ്രനാണ്. ഇന്ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ എല്‍ ഡി ക്ലാര്‍ക്ക് ആയി ജോലി നോക്കുകയാണ് പൂര്‍ണചന്ദ്രന്‍.

1998ല്‍ കണ്ണൂരിലുണ്ടായ ഒരു ബോംബ് സ്‌ഫോടനം കവര്‍ന്നത് അമാവാസിയുടെ ഒരു കണ്ണും കൈയുമാണ്. മെലിഞ്ഞുണങ്ങി എല്ലുംതോലുമായി വസ്ത്രം പോലും ധരിക്കാനില്ലാതെ തോളില്‍ ചാക്കുമായി ആക്രി സാധനങ്ങള്‍ പെറുക്കി നടന്ന ഒരു ഏഴുവയസുകാരന്‍ നാടോടി പയ്യന്റെ മുഖം ഇന്നും കണ്ണൂരുകാരുടെ മനസില്‍ തെളിയുന്നുണ്ട്. അന്നും പതിവ് പോലെ ആക്രി പറക്കാനാറിങ്ങിയതായിരുന്നു അമാവാസി. വഴിയില്‍വെച്ച് ഒരു ഇരുമ്പ് സാധനം അമാവാസിക്ക് കിട്ടി. സാധനവുമായി എന്നും രാത്രി അന്തിയുറങ്ങാറുള്ള കടത്തിണ്ണയില്‍ എത്തി.

കിട്ടിയ സാധനം അമ്മ കാളിയമ്മയെ ഏല്‍പിച്ചെങ്കിലും അവര്‍ക്കും അത് തുറക്കാന്‍ സാധിച്ചില്ല. ഒടുവില്‍ അമാവാസി തന്നെ ഒരു ചുറ്റിക സംഘടിപ്പിച്ച് സാധനം തല്ലിപ്പൊട്ടിച്ചു. നാടന്‍ ബോംബിന്റെ ഒരു ഉഗ്രസ്‌ഫോടനം കേട്ടത് മാത്രമാണ് അമാവാസിയുടെ ഓര്‍മയിലുള്ളത്. ബോംബ് അപഹരിച്ചത് അമാവാസിയുടെ ഒരു കണ്ണും കയ്യുമായിരുന്നു.

കണ്ണില്‍ ഇരുട്ട് നിറഞ്ഞതോടെ അമാവാസി എന്ന് അച്ഛനമ്മമാര്‍ നല്‍കിയ പേര് തികച്ചും അന്വര്‍ത്ഥമാകുന്ന തരത്തിലായിരുന്നു പിന്നീടുള്ള ജീവിതം. ബോംബ് സ്‌ഫോടനത്തിന്റെ കഥ കേട്ടറിഞ്ഞ് പലരും കണ്ണൂരിലേക്കെത്തി. ഇതിനിടെ ചികിത്സയിലൂടെ അമാവാസിക്ക് ഒരു കണ്ണ് തിരിച്ചുകിട്ടി. ബോംബ് കവര്‍ന്നെടുത്ത കൈ തിരിച്ച് നല്‍കാന്‍ ചികിത്സക്കായില്ല.

അമാവാസിയുടെ ജീവിതം പൂര്‍ണചന്ദ്രനിലേക്ക് മാറാന്‍ തുടങ്ങിയത് ഇതിന് ശേഷമാണ്. അമാവാസിയുടെ കഥ കേട്ടറിഞ്ഞ സത്യസായി ട്രസ്റ്റ് അമാവാസിയെ ദത്തെടുത്തു. കൊല്ലം സായി ഭവനില്‍ എത്തിയ അമാവാസി ക്രമേണെ അക്ഷരലോകത്തേക്ക് ചുവടുവെക്കാന്‍ തുടങ്ങി.

സായി ഗ്രാമം നടത്തുന്ന രണ്ടുമാസത്തെ മധ്യവേനലവധിക്കാലത്തെ വേനല്‍മഴ ക്യാമ്പില്‍ പങ്കെടുക്കവേയാണ് അമാവാസിയില്‍ ഒരു പൂര്‍ണചന്ദ്രന്‍ ഉണ്ടെന്ന് കണ്ടെത്തിയത്. കുട്ടികളുടെ കലാപരിപാടികള്‍ക്കിടയില്‍ സത്യസായി ട്രസ്റ്റ് ഡയറക്ടറായ ആനന്ദ്കുമാര്‍ സാറിനോട് അമാവാസി പറഞ്ഞു. എനിക്കും ഒരുപാട്ടു പാടണം. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ തുള്ളാതെ തുള്ളും എന്ന പാട്ടിലൂടെ താന്‍ പൂര്‍ണചന്ദ്രനാകാന്‍ പോകുകയാണെന്ന് അമാവാസി വിളിച്ചുപറഞ്ഞു.

സത്യസായി ട്രസ്റ്റിന്റെ അന്നത്തെ പരിപാടിയില്‍ അതിഥികളായി എത്തിയത് ഏ കെ ആന്റണി, ലളിതാംബിക ഐ എ എസ്, പി ഗോവിന്ദപിള്ള എന്നിവരായിരുന്നു. പ്രാര്‍ത്ഥനാഗാനം പാടിയ അമാവാസിയുടെ ശ്രുതിയില്‍ ലയിച്ച ലളിതാംബിക ഐ എ എസ് പറഞ്ഞു ഇവനിനി അമാവാസിയല്ല, പൂര്‍ണചന്ദ്രനാണ്. ലളിതാംബിംക ഐ എ എസ് നിര്‍ദ്ദേശിച്ച പേര് ചൊല്ലി പി ജി അവനെ വിളിച്ചു.

പൂര്‍ണചന്ദ്രനിലെ ഗായകനെ തിരിച്ചറിഞ്ഞ് അവനെ സംഗീത പഠനത്തിന് വിടാന്‍ സായിഗ്രാമം ട്രസ്റ്റ് തയ്യാറായി. കൊല്ലത്തായിരുന്നപ്പോള്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ കീഴിലായിരുന്നു സംഗീതപഠനം. ഒരിക്കല്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ എസ് പി ബാലസുബ്രമണ്യവും പൂര്‍ണചന്ദ്രന്റെ പ്രാര്‍ത്ഥനാ ഗാനം കേട്ട് ആകൃഷ്ടനായി പൂര്‍ണചന്ദ്രനെ സംഗീതത്തില്‍ ഉപരിപഠനത്തിന് വിടണമെന്ന് നിര്‍ദ്ദേശിച്ചു.

ശേഷം കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തെ സായി ഗ്രാമത്തിലേക്ക് പൂര്‍ണചന്ദ്രനെത്തി. അഞ്ചാം ക്ലാസു മുതല്‍ തിരുവന്തപുരത്തായിരുന്നു പഠനം. പ്ലസ്ടൂ കഴിഞ്ഞ് സംഗീത കോളജില്‍ പഠിക്കാനെത്തി. എന്നാല്‍ അവിടെ വീണ, മൃദംഗം, വയലിന്‍ എന്നിവയില്‍ ഒരെണ്ണം നിര്‍ബന്ധമായും പഠിക്കണം. പക്ഷേ ഇവ അഭ്യസിക്കണമെങ്കില്‍ രണ്ട് കൈകളും വേണം. വിധി കവര്‍ന്നെടുത്ത ഒരു കൈക്ക് ഒന്നും പകരം വെക്കാനില്ലാതെ പലരെയും കണ്ട് നല്കിയ നിവേദനത്തിനൊടുവില്‍ പൂര്‍ണചന്ദ്രന് ഒരു വര്‍ഷത്തെ പരീക്ഷ പോലും എഴുതാനായില്ല. മലയാളം കൃതികള്‍ എന്ന ഒരു പേപ്പര്‍ പൂര്‍ണചന്ദ്രനെപ്പോലെയുള്ളവര്‍ക്കായി മാറ്റി നല്‍കാന്‍ അവസാനം യൂണിവേഴ്‌സിറ്റി തയാറായി.

ശ്രീ സത്യസായി ബാബ സമാധിയായതിനെ തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനായഞ്ജത്തില്‍ മൂന്നു ദിവസവും ഭജന് നേതൃത്വം നല്കിയത് പൂര്‍ണചന്ദ്രനായിരുന്നു. സമാധിയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഒരു മണിക്കൂറോളം നേരം പൂര്‍ണചന്ദ്രന്റെ ഭജന്‍ കേട്ടിരുന്നു. പൂര്‍ണചന്ദ്രനെക്കുറിച്ച് അറിഞ്ഞ ഉമ്മന്‍ ചാണ്ടി അന്ന് പൂര്‍ണചന്ദ്രന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു. അങ്ങനെയാണ് 23കാരനായ പൂര്‍ണചന്ദ്രന്‍ സംഗീത കോളജില്‍ എല്‍ ഡി ക്ലാര്‍ക്ക് ആയത്.

പൂര്‍ണചന്ദ്രന്‍ തനിക്ക് ലഭിച്ച ആദ്യം ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് സംഭാവന ചെയ്തു. രണ്ടാമത്തെ ശമ്പളം സത്യസായി ട്രസ്റ്റിനു നല്‍കി. ഇപ്പോഴും തോന്നക്കലിലെ സത്യസായി ട്രസ്റ്റിലാണ് പൂര്‍ണചന്ദ്രന്‍ താമസിക്കുന്നത്. ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സ് കിട്ടിയെങ്കിലും തന്റെ പ്രിയപ്പെട്ടവരോടൊപ്പം സായിഗ്രാമത്തില്‍ ചെലവഴിക്കാന്‍ തന്നെ പൂര്‍ണചന്ദ്രനിഷ്ടം.