എം പവര്‍ പദ്ധതിക്ക് തുടക്കമായി

എം പവര്‍ പദ്ധതിക്ക് തുടക്കമായി

Monday January 30, 2017,

1 min Read

കഴിവുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ പ്രകടിപ്പിക്കാന്‍ ഭിന്നശേഷി എന്നത് പരിമിതിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ സാമൂഹ്യ നീതി വകുപ്പിനു വേണ്ടി കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, സ്‌റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ്, മാജിക് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം-പവര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

image


കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തുവരാനുള്ള അവസരമൊരുങ്ങണം.അതിനുള്ള പ്രവര്‍ത്തനം നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഭിന്നശേഷി എന്നതു തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ കഴിവുകള്‍ എന്നാണര്‍ഥം. അതിന്റെ പൂര്‍ണതലത്തില്‍ പ്രത്യേക കഴിവുകളുള്ള കുട്ടികള്‍ക്ക് വളര്‍ന്നു വരാനുള്ള അവസരം ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ഭിന്നലിംഗത്തില്‍ പെട്ടവരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളാണ് സാമൂഹ്യനീതി വകുപ്പ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.ഇത്തരത്തില്‍ വ്യത്യസ്ത ശേഷിയുള്ള കുട്ടികളുടെ സമഗ്ര വികാസത്തിന് വകുപ്പിന് ഉത്തരവാദിത്തമുണ്ടെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

മാജിക് സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള ഉപകരണമാക്കാന്‍ മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കും അതുവഴി കുട്ടികളുടെ ശാക്തീകരണത്തിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യനീതി വകുപ്പ് സെപ്ഷ്യല്‍ സെക്രട്ടറി മിനി ആന്റണി, ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാകോശി, പ്ലാനിംഗ് ബോര്‍ഡംഗം മൃദുല്‍ ഈപ്പന്‍, കൗണ്‍സിലര്‍ ബിന്ദു, ഡിപിഐ മോഹന്‍കുമാര്‍, ഗോപിനാഥ് മുതുകാട്, എസ്‌ഐഡി പ്രോജക്റ്റ് ഡയറക്ടര്‍ ഡോ.ബി.മുഹമ്മദ് അഷീല്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെറിഷിംഗ് ചൈല്‍ഡ് ക്രിയേറ്റിവിറ്റി (എം-പവര്‍) എന്ന പേരില്‍ തുടക്കം കുറിച്ച പദ്ധതിയില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 20 വ്യത്യസ്ത ശേഷിയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ഇന്ദ്രജാല വിദ്യാഭ്യാസം നല്‍കും.ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന പഠനത്തിനു ശേഷം ജൂണ്‍ ഏഴിന് സാമൂഹ്യ-രാഷ്ട്രീയ-സാഹിത്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ ഇവര്‍ അരങ്ങേറ്റം നടത്തും. ഇതു തുടര്‍ പദ്ധതിയായി മുന്നോട്ട് കൊണ്ടുപോകാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.