നമ്മുടെ സ്ത്രീകള്‍ എവിടെപ്പോയി?

0

തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഏഴു സിനിമകള്‍ സ്ത്രീകളെക്കുറിച്ചുള്ളതും സ്ത്രീകള്‍തന്നെ നിര്‍മിച്ചതുമാണെന്ന് ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തക പാറ്റ് മിഷെല്‍ പറഞ്ഞപ്പോള്‍ സദസില്‍ കൗതുകവും ജിജ്ഞാസയും വളര്‍ന്നു. തൊട്ടുപിന്നാലെയെത്തിയ പ്രശസ്ത സംവിധായക അഞ്ജലി മേനോന്‍ കാതലായ ഒരു ചോദ്യം ഉന്നയിച്ചു. നമ്മുടെ സ്ത്രീകള്‍ എവിടെപ്പോയി? പ്രശസ്ത യുവനടി പാര്‍വതിയും പ്രമുഖ മാധ്യമപ്രവര്‍ത്തക പമേല ഫിലിപ്പോസും അഞ്ജലിക്കൊപ്പം ചേര്‍ന്നു. സ്ത്രീകള്‍ എങ്ങനെയിരിക്കണമെന്ന് ലോകത്തെ കാണിച്ചുകൊടുക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീകള്‍ മാധ്യമലോകത്തെത്തണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജെന്‍ഡര്‍ പാര്‍ക്ക് കോവളത്ത് സംഘടിപ്പിച്ച പ്രഥമ ലിംഗ സമത്വ രാജ്യാന്തര സമ്മേളനത്തില്‍ സ്ത്രീകളും മാധ്യമങ്ങളും എന്ന സെഷനില്‍ പങ്കെടുക്കുകയായിരുന്നു ഇവര്‍.

ലോകത്തിലെ ആദ്യ ടിവി അവതാരകരിലൊരാളും അമേരിക്കയിലെ പ്രമുഖ മാധ്യമ ശൃംഖലയായ പി ബി എസിന്റെ മുന്‍ സി ഇ ഒ യുമാണ് പാറ്റ് മിഷെല്‍. അവിടെ മാധ്യമങ്ങളിലെ സ്ത്രീകളുടെ ചിത്രം മിഷെല്‍ വരച്ചുകാണിച്ചപ്പോള്‍ ഇന്ത്യയിലെ ദയനീയസ്ഥിതിയാണ് മറ്റുള്ളവര്‍ വിവരിച്ചത്.

വലിയ കാര്യങ്ങളിലേക്ക് പോകുന്നതിനുമുമ്പുതന്നെ പാര്‍വതിയും അഞ്ജലിയും ഇവിടെ സിനിമകളില്‍ സ്ത്രീകളെ ചിത്രീകരിക്കപ്പെടുന്നതും സിനിമ ആസ്വദിക്കുന്നതിന്റെ രീതികളും വിശദീകരിക്കുകയായിരുന്നു. ഇന്ത്യയില്‍ സിനിമയിലെ സ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ ലൈംഗികതയും അവരുടെ സ്തനങ്ങളും സിനിമയുടെ പിന്നണിയില്‍ എന്തുനടക്കുന്നു എന്നതും മറ്റുമാണ് ചര്‍ച്ചാവിഷയമാകുന്നതെന്ന് പാര്‍വതി പറഞ്ഞു.

ലിംഗഭേദത്തെക്കുറിച്ച് പറയുമ്പോള്‍ ലൈംഗികതയെന്നാണ് താന്‍ കരുതിയിരുന്നത്. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും അവരുടെ ഭാവപ്രകടനങ്ങളുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ഗൂഗിളില്‍നിന്നാണ് മനസിലായത്. എന്റെ മാതാപിതാക്കള്‍ പുരോഗമനസ്വഭാവക്കാരായത് എന്റെ ഭാഗ്യം. പക്ഷേ എന്റെ ഏഴു സുഹൃത്തുക്കളില്‍ അഞ്ചു പേരും ഗാര്‍ഹികപീഡനം അനുഭവിക്കുന്നവരാണ്. സമൂഹം പഠിപ്പിച്ച കാര്യങ്ങളില്‍ നിന്ന് മോചനം നേടാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പാര്‍വതി പറഞ്ഞു.

സിനിമയില്‍ തനിക്കും ചുറ്റും പുരുഷന്‍മാര്‍ നിറയുമ്പോള്‍ നമ്മുടെ എഴുത്തുകാരികള്‍ എവിടെപ്പോയെന്ന് താന്‍ അത്ഭുതപ്പെടാറുണ്ടെന്ന് അഞ്ജലി പറഞ്ഞു. നഗരങ്ങളില്‍പോലും മാധ്യമങ്ങളില്‍ സ്ത്രീകള്‍ അഞ്ചിലൊന്ന് മാത്രമാണെന്ന് പ്രമുഖ ദേശീയ മാധ്യമപ്രവര്‍ത്തക പമേല ഫിലിപ്പോസ് അപ്പോള്‍ കണക്കുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.

വാണിജ്യസിനിമകളില്‍ സ്ത്രീകളെ എങ്ങനെ ചിത്രീകരിക്കുന്നു എന്നുമാത്രമല്ല നോക്കേണ്ടത്, പുരുഷന്‍മാരുടെ കാര്യവും പരിശോധിക്കണമെന്ന് അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ സ്ത്രീകളെ എങ്ങനെയാണ് കാണേണ്ടതെന്ന് തെരുവിലെ ആണ്‍കുട്ടികളെ മാധ്യമങ്ങളിലൂടെ പഠിപ്പിക്കണം. ക്യാമറയ്ക്കുമുന്നിലായാലും പിന്നിലായാലും സിനിമാവ്യവസായത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരേണ്ടതാണെന്ന് അഞ്ജലി ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകരും സംവിധായകരും കഥാകൃത്തുക്കളും ധനകാര്യവിദഗ്ധരുമാകാന്‍ കൂടുതല്‍ സ്ത്രീകളെ പരിശീലിപ്പിച്ചാല്‍ മാത്രമെ ഇന്ന് സ്ത്രീകളെക്കുറിച്ചുള്ള മനോഗതികള്‍ക്ക് മാറ്റം വരികയുള്ളുവെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന പ്രശസ്ത നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് പറഞ്ഞു. നടിമാരായ പത്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, മന്ത്രി ഡോ.എം കെ മുനീര്‍ തുടങ്ങി നിരവധി പ്രമുഖരാണ് സദസിലുണ്ടായിരുന്നത്.