നിയമസഭാ സമ്മേളനം ഏഴിന് തുടങ്ങും: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

0

പതിനാലാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആഗസ്റ്റ് ഏഴിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ണമായി നിയമനിര്‍മാണം ഉദ്ദേശിച്ചാണ് സമ്മേളനം ചേരുന്നത്. 13 ദിവസമാണ് സഭ ചേരുക. പത്തു ദിവസം നിയമനിര്‍മാണ കാര്യങ്ങള്‍ക്കായും രണ്ടു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും ഒരു ദിവസം ധനകാര്യം ഉപധനാഭ്യര്‍ത്ഥനയ്ക്കായും മാറ്റിവച്ചിരിക്കുന്നു. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ശേഖരിക്കാന്‍ നിയസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. 

പൊതുജനാഭിപ്രായം സ്പീക്കറുടെ നേതൃത്വത്തില്‍ സമാഹരിക്കും. മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശ്രദ്ധയില്‍പ്പെടാത്ത കാര്യങ്ങള്‍ ഇതിലൂടെ കണ്ടെത്താനാവും. അഭിപ്രായ ശേഖരണം ഏതു മാര്‍ഗത്തിലൂടെ വേണമെന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുറപ്പെടുവിച്ച ഒന്‍പത് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ക്ക് പുറമെ പ്രധാനപ്പെട്ട മറ്റു ബില്ലുകളും സമ്മേളനത്തില്‍ പാസാക്കാനുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിവസം 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ബില്ലിന്റേയും, 2017ലെ കേരള സഹകരണ സംഘങ്ങള്‍ (ഭേദഗതി) ബില്ലിന്റേയും അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയും നടക്കും. രണ്ടാം ദിവസം 2017ലെ ചരക്ക് സേവന നികുതി ബില്ലിന്റേയും 2017ലെ കേരള മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ (ഭേദഗതി) ബില്ലിന്റേയും അവതരണം നടക്കും. മറ്റു ബില്ലുകളുടെ സമയക്രമവും ധനകാര്യ ബിസിനസിന്റെ സമയക്രമവും ആദ്യദിവസം ചേരുന്ന കാര്യോപദേശക സമിതി യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ചരക്കുസേവന നികുതി നിലവില്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രത്യേക സാഹചര്യങ്ങളെ സംബന്ധിച്ച സെമിനാര്‍ നിയമസഭാ കോംപ്ലക്‌സില്‍ സംഘടിപ്പിക്കും. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ സെമിനാറുകള്‍, മാതൃകാ നിയമസഭ, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ പുരോഗമിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഭേദഗതി ബില്‍, കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ (കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച കൂടുതല്‍ ചുമലതകള്‍) ബില്‍, കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, കേരള മാരിടൈം ബോര്‍ഡ് ബില്‍, കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്‍, കേരള ഹൈക്കോടതി (ഭേദഗതി) ബില്‍ എന്നിവയാണ് ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുന്ന മറ്റു പ്രധാന ബില്ലുകള്‍.