ഫിഡല്‍ കാസ്‌ട്രോ വിടപറഞ്ഞു

ഫിഡല്‍ കാസ്‌ട്രോ വിടപറഞ്ഞു

Sunday November 27, 2016,

2 min Read

വിപ്ലവ ഇതിഹാസമായ ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ (90) ഓര്‍മയായി. അരനൂറ്റാണ്ടുകാലം ക്യൂബയെ നയിച്ച കമ്യൂണിസ്റ്റ് ഏകാധിപതിയുടെ മരണവാര്‍ത്ത സഹോദരനും ക്യൂബെയുടെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ആണു ലോകത്തെ അറിയിച്ചത്. കാസ്‌ട്രോ നയിച്ച വിപ്ലവത്തിന്റെ ഈറ്റില്ലമായ സാന്റിയാഗോയില്‍ ഡിസംബര്‍ നാലിനാണു മൃതദേഹം ദഹിപ്പിക്കുക. തുടര്‍ന്നു ചിതാഭസ്മവുമായി, സാന്റിയാഗോയില്‍നിന്നു ഹവാനയിലേക്കു പണ്ടു കാസ്‌ട്രോയുടെ വിപ്ലവസേന നീങ്ങിയ പാതയില്‍ ഒരാഴ്ച യാത്ര നടത്തും. പത്തുവര്‍ഷം മുമ്പാണ് അനാരോഗ്യത്തെത്തുടര്‍ന്നു ഫിഡല്‍ രാജ്യത്തിന്റെ പ്രസിഡന്റ് പദവും ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സാരഥ്യവും ഇളയസഹോദരന്‍ റൗളിന് ഏല്പിച്ചുകൊടുത്തത്. പിന്നീടു വിശ്രമത്തിലായിരുന്നു.

image


അമേരിക്കന്‍ തീരത്തുനിന്ന് 145 കിലോമീറ്റര്‍ അകലെ ആറു ദശകമായി അവരുമായി പൊരുതിനിന്നതാണു ക്യൂബ. 1959–ല്‍ 32ാം വയസില്‍ അധികാരം പിടിച്ച കാസ്‌ട്രോയെ മറിച്ചിടാനും അപായപ്പെടുത്താനും അമേരിക്ക അസംഖ്യം തവണ ശ്രമിച്ചു. ഈ പരിശ്രമങ്ങളെ അതിജീവിച്ചതുതന്നെ അദ്ദേഹത്തിനു വീരപരിവേഷം നേടിക്കൊടുത്തു. ഡ്വൈറ്റ് ഡി. ഐസനോവര്‍ മുതല്‍ ബറാക് ഒബാമ വരെ 11 അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭരണം കണ്ട കാസ്‌ട്രോ അന്തരിക്കും മുമ്പ് അമേരിക്ക–ക്യൂബ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു. ഇരുരാജ്യങ്ങളും രാഷ്ട്രീയ തടവുകാരെ കൈമാറി. എന്നാല്‍, 1961–ല്‍ ക്യൂബയ്‌ക്കെതിരേ ആരംഭിച്ച സാമ്പത്തിക ഉപരോധം ഇനിയും പൂര്‍ണമായി നീക്കിയിട്ടില്ല.

ക്യൂബയില്‍ നിര്‍മിക്കുന്ന കൊഹീബ ചുരുട്ട് വലിക്കുന്ന താടിക്കാരന്‍ വിപ്ലവകാരി എന്ന പ്രതിച്ഛായ അടുത്തകാലം വരെ നിലനിര്‍ത്താന്‍ കാസ്‌ട്രോയ്ക്കു കഴിഞ്ഞു. ചെഗുവേരയുമൊത്തു നടത്തിയ ഗറിലാ യുദ്ധങ്ങളിലൂടെ ക്യൂബയില്‍ ഫുള്‍ജെന്‍സ്യോ ബത്തീസ്റ്റയുടെ ഏകാധിപത്യത്തിന് അറുതിവരുത്തി. ഒളിപ്പോരാളിയുടെ പ്രതിച്ഛായ കൈവിടാതെ സൂക്ഷിച്ച കാസ്‌ട്രോ സോഷ്യലിസം അല്ലെങ്കില്‍ മരണം എന്നാണ് അനുയായികളെ എപ്പോഴും ഓര്‍മിപ്പിച്ചിരുന്നത്.

1926 ഓഗസ്റ്റ് 13–നാണ് കിഴക്കന്‍ ക്യൂബയിലെ സ്പാനിഷ് കരിമ്പുകൃഷിക്കാരുടെ കുടുംബത്തില്‍ ഫിഡല്‍ കാസ്‌ട്രോ റൂസ് ജനിച്ചത്. ഈശോസഭക്കാരുടെ വിദ്യാലയങ്ങളില്‍ പഠിച്ചു. ഹവാന സര്‍വകലാശാലയില്‍നിന്നു നിയമത്തിലും സാമൂഹ്യശാസ്ത്രത്തിലും ബിരുദങ്ങള്‍ നേടി. 1953–ല്‍ സാന്റിയാഗോയിലെ മൊങ്കാഡ മിലിട്ടറി താവളം ആക്രമിച്ചാണു പോരാളിയുടെ ജീവിതമാരംഭിച്ചത്. ആക്രമണം പരാജയപ്പെട്ടു. ഫിഡലും സഹോദരന്‍ റൗളും പിടിക്കപ്പെട്ടു. മറ്റുള്ളവരില്‍ മിക്കവരും മരിച്ചു. സൈനിക കോടതിയില്‍ സ്വയം കേസ് വാദിക്കുകയായിരുന്നു ഫിഡല്‍. ചരിത്രം എന്നെ വെറുതേ വിടും എന്നവസാനിക്കുന്ന തന്റെ വാദം ലഘുലേഖയാക്കി നാട്ടില്‍ വിതരണം ചെയ്യിച്ച് ഫിഡല്‍ വീരപുരുഷനായി.

ജയിലില്‍നിന്നു വന്ന ഫിഡല്‍ മെക്‌സിക്കോയിലേക്കു കടന്ന് വിപ്ലവസംഘം രൂപീകരിച്ചു. 1956–ല്‍ ഗ്രാന്‍മ എന്ന നൗകയില്‍ മെക്‌സിക്കന്‍ ഉള്‍ക്കടല്‍ കടന്ന് ക്യൂബയിലെത്തി. കരയിലിറങ്ങിയപ്പോള്‍ ബത്തീസ്റ്റയുടെ പട്ടാളം അവരെ നേരിട്ടു. ഏറെ പോരാളികളെ നഷ്ടമായി. എങ്കിലും കാസ്‌ട്രോ സിയേറ മേസ്ത്ര മലനിരകളില്‍ കടന്നു വീണ്ടും വിപ്ലവസേനയെ കെട്ടിപ്പടുത്തു. 1959–ല്‍ ബത്തീസ്റ്റയെ വീഴിച്ച് ഭരണം പിടിച്ചു.