'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് തുടക്കമായി

'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് തുടക്കമായി

Saturday July 22, 2017,

2 min Read

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ മന്ത്രിമാര്‍ തൈനട്ടു, 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത പച്ചക്കറിയാല്‍ വിഭവങ്ങളൊരുക്കാന്‍ സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനകീയമായി കൃഷി പ്രോത്‌സാഹിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടേറിയറ്റ് വളപ്പില്‍ തന്നെ ജീവനക്കാരുടെ സഹകരണത്തോടെ പച്ചക്കറി കൃഷിക്കാണ് ഉദ്ഘാടനത്തോടെ തുടക്കമായത്.

image


 മുഖ്യമന്ത്രിക്ക് പുറമേ, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, തോമസ് ചാണ്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, ജെ. മെഴ്‌സിക്കുട്ടി അമ്മ, കെ.കെ. ശൈലജ ടീച്ചര്‍, എ.സി. മൊയ്തീന്‍, കെ. രാജു, ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, ജി. സുധാകരന്‍, പി. തിലോത്തമന്‍ എന്നിവര്‍ തൈ നട്ടു. ദര്‍ബാര്‍ ഹാളിന് സമീപമാണ് കൃഷിക്കായി സ്ഥലമൊരുക്കിയത്. കൃഷി ചെയ്യുകയെന്നത് സാമൂഹിക ഉത്തരവാദിത്വമായി വളര്‍ത്തിയെടുക്കണമെന്ന് തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാനും വിഷരഹിത പച്ചക്കറി ലഭ്യമാക്കാനും ജീവനക്കാരും വീട്ടമ്മാരും എല്ലാതലത്തിലുമുള്ള ജനങ്ങളും ലഭ്യമായ സ്ഥലത്ത് കൃഷിക്കായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. ബിജുക്കുട്ടന് നല്‍കി നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് സൗജന്യ പച്ചക്കറിവിത്ത് വിതരണത്തിനുള്ള വിത്തുപെട്ടിയുടെ ഉദ്ഘാടനം തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചടങ്ങില്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടീക്കാറാം മീണ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന്റെ മട്ടുപ്പാവിലും 1000 ഗ്രോബാഗുകളില്‍ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. ഹരിതകേരള മിഷനുമായി ബന്ധപ്പെടുത്തി കുടുംബശ്രീകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, പച്ചക്കറി ക്ലസ്റ്ററുകള്‍, ഉദേ്യാഗസ്ഥര്‍, വിവിധ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. 63 ലക്ഷം വിത്ത്പായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരുലക്ഷത്തിലേറെ ഗ്രോബാഗുകള്‍ എന്നിവയാണ് വിതരണം ചെയ്യപ്പെടുന്നത്. ഓരോ കുടുംബവും കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഈ ഓണത്തിന് സ്വന്തമായി ഉത്പാദിപ്പിച്ച് ഓണസദ്യയ്ക്കുളള വിഭവം തയ്യാറാക്കണമെന്നതാണ് ലക്ഷ്യം. ഇത് സ്ഥിരസംവിധാനമാക്കി വിഷരഹിത ഭക്ഷണം ശീലമാക്കുക എന്ന ആശയമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.