നേര്യമംഗലത്ത് പട്ടയം ലഭിച്ചവര്‍ ഏപ്രില്‍ 30നു മുമ്പ് ഭൂമി ഏറ്റുവാങ്ങണം  

0

നേര്യമംഗലത്ത് പട്ടയം ലഭിച്ച പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ ഏപ്രില്‍ 30നു മുമ്പ് അതത് ഭൂമിയില്‍ അധിവാസ നടപടികള്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള നിര്‍ദേശിച്ചു. മൊത്തം 102 പേര്‍ക്കാണ് പട്ടയം അനുവദിച്ചിരുന്നത്. എന്നാല്‍ അഞ്ചുപേര്‍ പട്ടയം തിരികെ ഏല്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഭാവിയില്‍ ഇതേ പദ്ധതികളില്‍പ്പെടുത്തി ഒരു കാരണവശാലും ഭൂമി അനുവദിക്കില്ല. നേര്യമംഗലം ടൗണില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ മാത്രം അകലെയാണ് 42 ഏക്കര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. 

ദേശീയപാതയില്‍ നിന്ന് അമ്പതു മീറ്റര്‍ മാത്രമേയുള്ളൂ ഇവിടേക്ക്. 25 ലക്ഷം രൂപവരെ വിലമതിക്കുന്ന ഭൂമിയാണ് അനുവദിച്ചിരിക്കുന്നതെന്ന് എഡിഎം സി. കെ. പ്രകാശ് വ്യക്തമാക്കി. സ്‌കൂള്‍, ആശുപത്രി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും തൊട്ടടുത്ത് ലഭിക്കും. മറ്റൊരിടത്തു നിന്നും ഭൂമി ലഭിക്കാത്തവര്‍ക്കാണ് ഇവിടെ അത് അനുവദിച്ചത്. ഒരു സെന്റിന് രണ്ടുലക്ഷം രൂപവരെ വിലയുള്ള ഭൂമിയാണിത്. പത്തുസെന്റ് വീതമാണ് എല്ലാവര്‍ക്കും അനുവദിച്ചത്. ഏപ്രില്‍ പത്തിനകം ഇനിയും പട്ടയം വാങ്ങാത്തവര്‍ അതു വാങ്ങിയിരിക്കണം. 30ന് മുമ്പ് ലഭിച്ച ഭൂമി ഏറ്റുവാങ്ങണം. ലഭിച്ച ഭൂമിയില്‍ ആദ്യം കക്കൂസ് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി ലഭിക്കുന്ന വ്യക്തിഗത അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സഹായം നല്‍കും. പട്ടികവര്‍ഗ വകുപ്പാണ് ഇതിനുള്ള ഫണ്ട് ലഭ്യമാക്കുന്നത്. പിന്നീട് വീടിനായി ലഭിക്കുന്ന മൂന്നരലക്ഷം രൂപയില്‍ നിന്ന് കക്കൂസ് നിര്‍മാണത്തിനു ലഭിച്ച തുക കുറവു ചെയ്യും. സഹായത്തിനു കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ കക്കൂസ് നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്. എല്ലാവരുടെയും ഭൂമിയിലേക്കുള്ള വഴിയില്‍ തടസം സൃഷ്ടിക്കുന്നതും ഭീഷണി സൃഷ്ടിക്കുന്നതുമായ മരങ്ങള്‍ മുറിക്കുന്നതിന് ട്രീ കമ്മിറ്റി പരിശോധിച്ച് അനുമതി നല്‍കുമെന്ന് എഡിഎം അറിയിച്ചു. അനുവദിക്കപ്പെട്ട ഭൂമിയില്‍ ഇപ്പോള്‍ പത്തുപേര്‍ താമസിക്കുന്നുണ്ട്. ഇവര്‍ അര്‍ഹരാണോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കും. വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണ്. ഇതിനുള്ള ഫണ്ട് ലഭിച്ചുകഴിഞ്ഞു. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പദ്ധതി നിര്‍മാണം ആരംഭിക്കും. മൂന്നുമാസം വരെ വൈകാന്‍ സാധ്യതയുണ്ട്. അതുവരെ വരള്‍ച്ചാ ദുരിതാശ്വാസ സഹായത്തില്‍പ്പെടുത്തി കുടിവെള്ളം വിതരണം ചെയ്യാനും എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അനുവദിച്ച ഭൂമിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എഡിഎം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ദേശീയപാതാ അതോറിറ്റിയും ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. ഇവിടെയുള്ള ഒരു പൊതുകുളം നന്നാക്കുന്നതിനും നടപ്പുവഴികള്‍ വൃത്തിയാക്കുന്നതിനും പഞ്ചായത്തുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ കോതമംഗലം തഹസില്‍ദാര്‍ കെ.വി.വിജയന്‍, ജൂനിയര്‍ സൂപ്രണ്ട് എന്‍. ആര്‍. രാജശേഖരന്‍, നേര്യമംഗലം വില്ലേജ് ഓഫീസര്‍ കെ. എസ്. ഭരതന്‍, മറ്റ് വകുപ്പുകളുടെ പ്രതിനിധികളായ സുരേഷ്‌കുമാര്‍, ടി. എന്‍. സജി, സി. രാജേഷ്, എ. എന്‍. ബാബു, ജിജി തോമസ്, ആര്‍. ജലജ എന്നിവരും പങ്കെടുത്തു. നേര്യമംഗലത്തെ ജില്ലാ പഞ്ചായത്തു വക കൃഷി ഫാമില്‍ നിന്നാണ് 42 ഏക്കര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പത്തുസെന്റ് വീതം ഭൂമിക്ക് പട്ടയം വിതരണം ചെയ്തു. തുടക്കത്തില്‍ കുടില്‍ കെട്ടുന്നതിന് 87 പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 5000 രൂപയാണ് സഹായം നല്‍കിയത്. കുടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 35 പേര്‍ക്ക് അനുവദിച്ച മുഴുവന്‍ തുകയും 39 പേര്‍ക്ക് 2500 രൂപ വീതം നല്‍കുകയും ചെയ്തു. പട്ടയം ലഭിച്ചവരില്‍ 40 കുടുംബങ്ങള്‍ വാസയോഗ്യ കുടിലുകള്‍ നിര്‍മിച്ചു. പ്രദേശത്ത് 18 കുടുംബങ്ങള്‍ സ്ഥിരതാമസമുണ്ട്. പദ്ധതി പ്രദേശത്ത് അനധികൃതമായി ആളുകള്‍ നിരോധിക്കണമെന്നും പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് പട്ടികവര്‍ഗ വികസന ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.