പങ്കജ് നവാനി; ഡല്‍ഹിയിലെ പാല്‍ക്കാരന്‍

0

പശുവിനെ വളര്‍ത്തുക എന്നത് ഏറെ ബുദ്ധിമുട്ടുളള കാര്യമാണ്. അപ്പോള്‍ 240 പശുക്കളെ വളര്‍ത്തുന്ന കാര്യമോര്‍ത്താലോ? എന്നാല്‍ ഇവിടെ പശുവളര്‍ത്തല്‍ ആയാസം നിറഞ്ഞതല്ലെന്നും വരുമാനദായകമാണെന്നും മനസിലാക്കി തരികയാണ് ഉത്തരാഞ്ചലില്‍നിന്നുള്ള നാല്‍പതുകാരനായ പങ്കജ് നവാനി. പങ്കജിന്റെ ബിന്‍സാര്‍ ഫാമിലുള്ള പശുക്കളില്‍ 120 എണ്ണം കറവപ്പശുക്കളാണ്. ഇന്ന് ഡല്‍ഹിയിലെ 600 കുടുംബങ്ങള്‍ക്കാണ് ഇവയുടെ പാല്‍ വിതരണം ചെയ്യുന്നത്. പങ്കജിനോടൊപ്പം മറ്റ് രണ്ടുപേരും ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായത്തിനുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജിയില്‍ വെച്ചാണ് ഇരുവരെയും പങ്കജ് കണ്ടെത്തിയത്. 35 വയസുകാരായ സുഖ്‌വിന്ദറും ദീപക്കും. ഇരുവരും പങ്കജിനോടൊപ്പം ചേര്‍ന്നു. 2009ല്‍ ആണ് ബിന്‍സാര്‍ ഫാം പ്രവര്‍ത്തനം തുടങ്ങിയത്. ബിന്‍സാറിലെ ഒരു കുന്നിലേക്കുള്ള യാത്രയാണ് ബിന്‍സാര്‍ ഫാംസിന്റെ പ്രവര്‍ത്തനത്തിലെത്തിച്ചത്. യാത്രാ മധ്യേ തങ്ങള്‍ക്ക് മൂന്നു പേര്‍ക്കും വഴി തെറ്റി. രാവിലെ വഴി കണ്ടുപിടിക്കാനാകുന്നതുവരെ അവിടെകണ്ട ഒരു ചെറിയ കുടിലില്‍ കഴിച്ചുകൂട്ടുകയായിരുന്നു തങ്ങള്‍ ഒരു കുട്ടിക്കഥപോലെ പങ്കജ് പറയുന്നു. അവിടെവെച്ചാണ് ഉത്തരാഞ്ചലിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തങ്ങള്‍ മൂന്നുപേരും തീരുമാനമെടുത്തത്.

ആദ്യത്തെ ചിന്ത കുന്നുകളില്‍നിന്ന് ധാന്യങ്ങള്‍ ശേഖരിച്ച് അത് ഗ്രാമങ്ങളില്‍കൊണ്ടുപോയി ഗ്രാമീണര്‍ക്ക് നല്‍കണമെന്നായിരുന്നു. ഈ ആശയം ജനങ്ങളോടും സര്‍ക്കാരിനോടും അവതരിപ്പിച്ച് അവരില്‍നിന്ന് പിന്തുണയും നേടിയിരുന്നു. ആ സമയത്തും അവര്‍ മൂന്നുപേരും തങ്ങളുടെ ജോലികളില്‍ തുടരുകയായിരുന്നു. അതേസമയം തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും അവര്‍ ശ്രമിച്ചിരുന്നു. 2011ല്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ സംഭവിക്കുന്നതുവരെ ഇതേ രീതിയില്‍ തുടരുകയായിരുന്നു. ഒന്ന് തിരഞ്ഞെടുപ്പ് വര്‍ഷമായിരുന്നു അത് എന്നതാണ്. മറ്റൊന്ന് ഡെല്‍ എന്ന സ്ഥാപനത്തിലെ ജോലിയുടെ ഭാഗമായി പങ്കജ് ന്യൂസിലാന്‍ഡിലേക്ക് പോയി എന്നതാണ്. എവിടെ പോയാലും അവിടത്തെ കൃഷിപോലുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കണമെന്ന് തങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. അങ്ങനെ ന്യൂസിലാന്‍ഡില്‍ വെച്ച് ഫൊണ്ടെറ ഡയറി ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഏള്‍ റാറ്ററേയിനെ പങ്കജ് കണ്ടുമുട്ടി. അദ്ദേഹം ഇപ്പോള്‍ ബിന്‍സാരി ഫാമിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹവുമായുള്ള സംഭാഷണം ഉത്തരാഞ്ചലിന്റെ കഥ അവതരിപ്പിക്കാന്‍ പങ്കജിനെ പ്രേരിപ്പിച്ചു. പങ്കജിന്റെ ആശയങ്ങള്‍ കേട്ട ശേഷം തങ്ങളെ സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

അതേസമയം ഉത്തരാഞ്ചലില്‍ തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരുന്ന പാര്‍ട്ടി പരാജയപ്പെട്ടു. അതുവരെ തങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങളെല്ലാം ഒറ്റരാത്രി കൊണ്ട് നഷ്ടപ്പെടുകയായിരുന്നു. തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടില്ലെന്ന് അവര്‍ക്ക് തോന്നിയ നിമിഷമായിരുന്നു അത്. പ്രതീക്ഷകള്‍ മുഴുവന്‍ നഷ്ടപ്പെട്ട മൂവരും മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ തുടങ്ങി. ആ അവസരത്തിലാണ് ഏള്‍ തങ്ങളെ സഹായിച്ചതെന്ന് ഇവര്‍ പറയുന്നു. അദ്ദേഹത്തിന്റെ അനുഭവ പരിചയത്തില്‍നിന്ന് തങ്ങളോട് ഡയറി ഫാം തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ 2010ല്‍ മൂവരും ചേര്‍ന്ന് ബിന്‍സാര്‍ ഫാം തുടങ്ങുകയായിരുന്നു. മൂന്ന് പേര്‍ക്കും തുല്യ പാര്‍ട്‌നര്‍ഷിപ്പാണുള്ളത്. അവരുടെ ഗ്രാമത്തിന്റെ പ്രതീകാത്മകമായാണ് ബിന്‍സാര്‍ എന്ന പേര് തന്നെ നല്‍കിയിരിക്കുന്നത്. മാത്രമല്ല ബിന്‍സാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉദയം എന്നാണ്.

പങ്കജിനെ പോലെ തന്നെ ദീപക്കിന്റെയും സുഖ് വീന്ദറിന്റെയും കുടുംബങ്ങളും സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു. മാത്രമല്ല സുഖ് വീന്ദറിന്റെ പൂര്‍വികര്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരുമായിരുന്നു. ദീപകിന്റെ പിതാവ് ഹരിയാനക്ക് സമീപം സോനാപതില്‍ ഒരു ഭൂഉടമ ആയിരുന്നു. അദ്ദേഹം തന്റെ പത്ത് ഏക്കര്‍ സ്ഥലം ഇവര്‍ക്ക് പാട്ടത്തിന് നല്‍കാന്‍ തയ്യാറായി.

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയും ഏളിന്റെ ഉപദേശങ്ങളുടെയും ഫലമായി ആ വര്‍ഷം തന്നെ ബിന്‍സാറില്‍നിന്ന് വരമാനം ലഭിച്ച് തുടങ്ങി. ഉദാഹരണത്തിന് ഇതിനടുത്തായി 80 ഏക്കര്‍ സ്ഥലത്ത് തങ്ങള്‍ ചോളം, വരക്, കരിമ്പ്, മധുരമുളങ്കി എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ടായിരുന്നു. മധുരമുളങ്കി കന്നുകാലികള്‍ക്ക് മികച്ച തീറ്റയാണ്. ഇവയെല്ലാം ബീജസങ്കലത്തിനു മുമ്പ് കന്നുകാലികള്‍ക്ക് കൊടുക്കുന്നതുവഴി ആരോഗ്യമുള്ള കന്നുകുട്ടികളെ ജനിപ്പിക്കാനായി.

80 ഏക്കര്‍ സ്ഥലത്തില്‍നിന്ന് 40 ഏക്കര്‍ തദ്ദേശീയരായ കൃഷിക്കര്‍ക്ക് കൃഷി ചെയ്യുന്നതിന് വേണ്ടിയും ഇവര്‍ നല്‍കി. ഇവര്‍ക്ക് തങ്ങള്‍ വിത്തുകളും വളങ്ങളുമെല്ലാം വിതരണം ചെയ്ത് പകരം അവരില്‍നിന്ന് അവരുടെ വിളവുകള്‍ വാങ്ങി. ഈ അഞ്ച് കൃഷിക്കാര്‍ക്ക് ഇപ്പോള്‍ ഒരു സ്ഥിരവരമാനവുമായി.

അന്തര്‍ദേശീയ തരത്തിലുള്ള നിരവധി സ്ഥപനങ്ങളുടെ പോളിസി ബിന്‍സാര്‍ കന്നുകാലി വളര്‍ത്തലില്‍ പിന്തുടരുന്നുണ്ട്. കന്നുകാലികളുടെ തീറ്റക്കാണ് തങ്ങള്‍ എറ്റവും പ്രാധാന്യം നല്‍കിയത്. പച്ചപ്പുല്ലാണ് കൂടുതലായും ഇവയ്ക്ക് നല്‍കുന്നത്. കന്നുകാലികള്‍ക്കായി എടുക്കുന്നതിന് 21 ദിവസം മുമ്പ് വരെ യാതൊരു തരത്തിലുള്ള കീടനാശിനികളും കൃഷിക്ക് ഉപയോഗിക്കരുതെന്ന് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്നുകാലി ഷെഡും വളരെ ആലോചിച്ച് പഠനം നടത്തി നിര്‍മിച്ചവയാണ്. അതിനാല്‍ തന്നെ ഷെഡുകളില്‍ വെള്ളം കെട്ടിക്കിടക്കുകയോ ചെളിയുണ്ടാകുകയോ ഒന്നുമില്ല.

മിക്ക ഡയറി ഫാമുകളും ഷെഡ് മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്യാറാണുള്ളത്. എന്നാല്‍ ഇത് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. അതിനാല്‍ തങ്ങള്‍ പ്രത്യേക രീതിയിലാണ് തറ ഒരുക്കിയിരിക്കുന്നത്. ഇത് കന്നുകാലികളുടെ കാലുകള്‍ക്ക് അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതല്ല. കോണ്‍ക്രീറ്റ് ഷെഡ് നിര്‍ികികുന്നതിനാല്‍ തന്നെ മറ്റ് ഡയറികളുടെ വരുമാനത്തിന്റെ ഒരു ഭാഗം പശുക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പോഷകങ്ങള്‍ നല്‍കുന്നതിനും വേണ്ടിവരാറുണ്ട്.

600 പശുക്കളെ വരെ പാര്‍പ്പിക്കാവുന്ന തരത്തിലാണ് ബിന്‍സാറില്‍ ഷെഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പശുവളര്‍ത്തലില്‍ താല്‍പര്യമുള്ള പ്രാദേശിക ജനങ്ങള്‍ക്ക് പശുക്കളെ സംഭാവന ചെയ്യാനും മൂവരും ഉദ്ദേശിക്കുന്നുണ്ട്. ഇവരില്‍നിന്ന് പാല്‍ ബിന്‍സാര്‍ വാങ്ങും. ഇത് ജനങ്ങള്‍ക്ക് അധിക വരുമാനമുണ്ടാക്കാന്‍ സഹായിക്കും.

ബിന്‍സാറിന് ഇപ്പോള്‍ 12 ഡയറിഫാമുകളാണ് ഹരിയാനയിലും പഞ്ചാബിലുമായുള്ളത്. ഗുണമേന്മയുള്ള പാലും പാലുല്‍പ്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.പാലിന് പുറമെ നെയ്യ്, വെണ്ണ, തൈര് എന്നിവയും ബിന്‍സാര്‍ തയ്യാറാക്കുന്നുണ്ട്. തങ്ങള്‍ സഹകരിച്ചിട്ടുള്ള ഓരോ ഫാമിനും ബിന്‍സാറിനെ പോലെ ഓരോ കഥകള്‍ പറയാനുണ്ടെന്ന് മൂവരും പറയുന്നു. ഇവരില്‍ ചിലര്‍ വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കുന്നവരാണ്. 200 പശുക്കള്‍ ഉള്ള ചെറിയ ഫാമുകള്‍ വരെ ഇവര്‍ക്കുണ്ട്. തങ്ങളുടെ ഉല്‍പാദന രീതി മറ്റ് ഫാമുകളിലേക്ക് കൂടി വ്യാപിപ്പിച്ചതിന്റെ ഫലമായി ആയിരം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞു. പശുക്കള്‍ക്ക് നല്‍കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കും അവയില്‍നിന്നും കിട്ടുന്ന പാലും. പണം മാത്രമല്ല പുതുതലമുറ ലക്ഷ്യമിടുന്നതെന്നും അതോടൊപ്പം സാമൂഹ്യ സേവനത്തിനും സ്വപ്‌ന സാക്ഷാത്കാരങ്ങള്‍ക്കുമെല്ലാം പങ്കുണ്ടെന്ന് തെളിയിക്കുകയാണ് മൂവര്‍ സംഘം.