വിവാഹിതല്ലാത്ത പങ്കാളികള്‍ക്കും ഒരുമിച്ചു തങ്ങാന്‍ സൗകര്യമൊരുക്കി ഓയോ റൂംസ്

7

വിനോദയാത്രക്കിടെ സുനിലിനും അമൃതക്കും ഒരു രാത്രി ഒരുമിച്ച് തങ്ങാനായി ഒരു ഹോട്ടലിലും മുറി ലഭിക്കുന്നില്ല. കാരണം ലളിതമാണ്, അവര്‍ വിവാഹിതരല്ല. ഇന്ത്യയില്‍ കല്യാണം കഴിക്കാത്ത ഒരു ആണിനും പെണ്ണിനും ഒരുമിച്ചു താമസിക്കാന്‍ മുറി ലഭിക്കുക എന്നത് ഇന്നും ദുഷ്‌കരമായ സമസ്യയാണ്. സദാചാര സംരക്ഷകര്‍ക്ക് തുല്യമായി ഹോട്ടലിലെ ജീവനക്കാരുടെ ഭാഗത്തു നിന്നും നിരവധി ചോദ്യങ്ങളാണ് ഇത്തരം പങ്കാളികള്‍ നേരിടേണ്ടി വരുന്നത്. നിങ്ങള്‍ കല്യാണം കഴിഞ്ഞിട്ടുള്ളവരാണോ..കഴുത്തില്‍ താലി കാണുന്നില്ലല്ലോ തുടങ്ങി കല്യാണ സര്‍ട്ടിഫിക്കറ്റു വരെ ചോദിക്കുന്ന തരത്തില്‍ നിരവധി ചോദ്യങ്ങളുടെ പട്ടികയാണ് പ്രായപൂര്‍ത്തിയായ ഒരു ആണും പെണ്ണും മുറിയെടുക്കാന്‍ ചെന്നാല്‍ നേരിടേണ്ടി വരിക.

ഉഭയ സമ്മതപ്രകാരമുള്ള വിവാഹപൂര്‍വ ലൈംഗികതക്ക് ഇന്നും സാമൂഹ്യമായ വിലക്ക് നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതു കൊണ്ടു തന്നെ പ്രായപൂര്‍ത്തിയായ വിവാഹിതല്ലാത്ത പങ്കാളികള്‍ക്ക് ഇന്ത്യയില്‍ രാത്രി താമസത്തിന് ഹോട്ടല്‍ മുറി കിട്ടുക എന്നതും വലിയ തടസമാണ്. ഇതിന് ഒരു പരിഹാരവുമായാണ് ഓയോ റൂം റിലേഷന്‍ മോഡ് എന്ന പരിഹാരവുമായി രംഗത്തെത്തിയിട്ടുളളത്. റിലേഷന്‍ മോഡില്‍ നിങ്ങള്‍ക്ക് ഇത്തരക്കാര്‍ക്ക് മുറി ലഭിക്കുന്ന ഹോട്ടലുകളുടെ ഒരു വലിയ പട്ടിക തന്നെ ലഭ്യമാകും. പ്രാദേശികമായ ഒരു തിരിച്ചറിയല്‍ രേഖയുടെ സഹായത്തോടെ ഈ ഹോട്ടലില്‍ ഇവര്‍ക്ക് റൂം ലഭ്യമാകും. ഹോട്ടലിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്ന് കൃത്യമായി അറിയാത്തതിനാല്‍ അവസാന നിമിഷം ഇത്തരക്കാര്‍ക്ക് മുറി ലഭിക്കാതെ പോകുന്ന അവസ്ഥ ധാരാളമായി ഉണ്ടാകുന്നുണ്ടെന്ന് ഓയോയുടെ ചീഫ് ഗ്രോത്ത് ഓഫീസര്‍ കവികൃത് ചൂണ്ടിക്കാട്ടുന്നു. ഓയോ റൂമുമായി സഹകരിക്കുന്ന ഓരോ ഹോട്ടലിനേയും വിശ്വാസത്തിലെടുത്തു കൊണ്ടു തന്നെയാണ് ഓയോ ഇത്തരം ഒരു സംരംഭത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്. വിവാഹം കഴിക്കാത്ത ചെറുപ്പക്കാര്‍ക്കോ ഹോട്ടല്‍ ഇരിക്കുന്ന സ്ഥലത്ത് താമസിക്കുന്നവര്‍ക്കോ മുറി കൊടുക്കാന്‍ പാടില്ലെന്ന് ഇന്ത്യയില്‍ നിയമമില്ല. ഓയോയുമായി സഹകരിക്കുന്ന ചില ഹോട്ടലുകള്‍ ഇതിനോട് സഹകരിക്കാത്ത അവസ്ഥയുമുണ്ട്. അതു കൊണ്ടു തന്നെ ഏതെല്ലാം ഹോട്ടലില്‍ ഇത്തരത്തിലുള്ള പങ്കാളികള്‍ക്ക് മുറി കിട്ടുമെന്ന കാര്യം ഓയോ റൂംസ് തങ്ങളുടെ വെബ് സൈറ്റിലൂടെയും ആപ്പിലൂടെയും വ്യക്തമാക്കിയാണ് ഓയോ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ഓയോ ചീഫ് ഗ്രോത്ത് ഓഫീസര്‍ കവികൃത് വ്യക്തമാക്കുന്നു.

ആപ്പിലെ റിലേഷന്‍ഷിപ്പ് മോഡ് ആപ്പിലെ മൈ അക്കൗണ്ടില്‍ ലഭ്യമാണ്. ഉപഭോക്തൃ സൗഹൃദമായ ഒരു ബിസിനസ് എന്ന നിലയില്‍ സമീപനത്തിലൂടെ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയുമെന്നാണ് ഓയോ കരുതുന്നത്. പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇത്തരം പങ്കാളികള്‍ക്ക് മുറി അനുവദിക്കുന്ന തരത്തിലാണ് ഓയോ പുതിയ സംരംഭത്തിന് തുടക്കമിട്ടിട്ടുള്ളത്. ഇന്ത്യയില്‍ നിലവിലുള്ള ഓയോ റൂമുകളില്‍ 60 ശതമാനവും കപ്പിള്‍ ഫ്രണ്ട്‌ലി ഹോട്ടലുകളാണ്. ഇവയെല്ലാം നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമായാണ് നിലകൊള്ളുന്നത്. 200 നഗരങ്ങളിലായി 6500 ഹോട്ടലുകളില്‍ 70,000 മുറികളിലാണ് ഓയോ തങ്ങളുടെ സേവനം വ്യാപിപ്പിച്ചിട്ടുള്ളത്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സദാചാര പ്രവര്‍ത്തകരുടെ ആക്രമണോത്സുകതയെ നേരിട്ടു വേണം ഓയോ റൂമിന് ഈ സംരംഭം നടത്തിക്കൊണ്ട് പോകാന്‍ എന്നതാണ് യാഥാര്‍ഥ്യം.