ഗ്രാമങ്ങളില്‍ വെളിച്ചം പകര്‍ന്ന് മാന്‍സി പ്രകാശ്

ഗ്രാമങ്ങളില്‍ വെളിച്ചം പകര്‍ന്ന് മാന്‍സി പ്രകാശ്

Tuesday November 17, 2015,

2 min Read

മാന്‍സിയുടെ മുഖത്ത് സദാ തെളിയുന്ന ചിരിയുടെ പ്രകാശം പോലെ തന്നെ മാന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്തിരി തിളക്കം. ഗ്രാമങ്ങളിലെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതും ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്നതുമായ ബള്‍ബുകള്‍ നല്‍കിയാണ് മാന്‍സി ഗ്രാമങ്ങള്‍ക്ക് വെളിച്ചമേകുന്നത്.

ഇരുപത്കാരിയായ മാന്‍സി പ്രകാശ് ന്യുയോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ എക്കോണിമിക്‌സില്‍ മേജര്‍ വിദ്യാര്‍ഥിയാണ്. 2010ല്‍ ഇന്ത്യയില്‍ തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ വന്നപ്പോള്‍ വൈദ്യുതി ലാഭിക്കാന്‍ നിരവധി വീടുകളില്‍ രാത്രി ലൈറ്റ് അണച്ചിട്ടിരിക്കുന്നത് മാന്‍സി കാണുകയുണ്ടായി.

image


ഇന്‍കാന്‍ഡസെന്റ് ബള്‍ബുകള്‍ക്ക് കൂടുതല്‍ വൈദ്യുതി ചെലവാകും എന്നതിനാല്‍ തന്നെ കറണ്ട് ബില്ല് അവര്‍ക്ക് താങ്ങാനാകുന്നതായിരുന്നില്ല. തന്റെ സ്വന്തം ചെലവില്‍ പത്ത് വീടുകള്‍ക്ക് വൈദ്യുതി ലാഭിക്കത്തക്ക തരത്തിലുള്ള ബള്‍ബുകള്‍ വാങ്ങിക്കൊടുക്കാന്‍ മാന്‍സി തീരുമാനിച്ചു. അവിടെ നിന്നാണ് മാന്‍സിയുടെ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയത്.

മിക്ക വീടുകളിലും ബള്‍ബുകളുണ്ട്. എന്നാല്‍ മിക്കവരും അത് ഉപയോഗിക്കാറില്ല. മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവര്‍തന്നെ ഇക്കൂട്ടത്തില്‍ കുറവാണ്. അവര്‍ക്ക് വര്‍ധിച്ച നിരക്കിലുള്ള വൈദ്യുതി ബില്‍കൂടി താങ്ങാനാകുന്നതല്ല. രണ്ട് മാസം മാത്രം നില്‍ക്കുന്ന 60 വാട്ട് ബള്‍ബിന് പകരം 11 വാട്ട് ഫല്‍റസെന്റ് ലാമ്പ് ബള്‍ബ് ഉപയോഗിച്ചാല്‍ മൂന്നോ നാലോ വര്‍ഷം പ്രവര്‍ത്തിക്കുമെന്ന് മാന്‍സിക്കറിയാമായിരുന്നു.

ഇതിന് വില കൂടുതലാണെങ്കിലും ഏറെ നാള്‍ പ്രവര്‍ത്തിക്കും എന്നത് ലാഭം തന്നെയാണ്. മാത്രമല്ല 80 ശതമാനം വരെ വൈദ്യുതി ബില്ല് കുറയ്ക്കാനാകും. കുടുംബത്തിന് ഇതില്‍നിന്ന് ലഭിക്കുന്ന ലാഭം ആരോഗ്യ സംരക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കാം.

പിന്നീട് ഇതിനായി ബ്രൈറ്റര്‍ ടുഡേ എന്ന സ്ഥാപനം തന്നെ മാന്‍സി ആരംഭിച്ചു. മാത്രമല്ല ക്ലിന്റന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ഫിലിപ്‌സ് നല്‍കുന്ന വൈദ്യുതി ലാഭിക്കുന്ന ബള്‍ബുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഗ്ലാമര്‍ മാഗസീനില്‍നിന്ന് തന്റെ പ്രോജക്ടിനായി രണ്ട് ലക്ഷം ഡോളറിന്റെ ഫണ്ട് മാന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ഛണ്ഡിഗഡിന് അടുത്തുള്ള ബെഹ്‌ലാന ഗ്രാമത്തിലെ 5300 വീടുകളില്‍ വൈദ്യുതി ലാഭിക്കാന്‍ തക്കതും ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുന്നതുമായ ബള്‍ബുകള്‍ വിതരണം ചെയ്തു. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനെക്കുറിച്ചും മാന്‍സി ആലോചിക്കുന്നുണ്ട്.

ഒരിക്കല്‍ ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ ഒരു പെണ്‍രകുട്ടി തന്റെ അടുത്തേക്ക് വന്നതിനെക്കുറിച്ച് മാന്‍സി ഓര്‍മിക്കുന്നു. അവള്‍ക്ക് സ്‌കൂളില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മാതാപിതാക്കള്‍ക്ക് അത് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. എന്നാല്‍ അവളുടെ വീട്ടില്‍ വൈദ്യുതി ബില്‍ ലാഭിക്കാന്‍ തുടങ്ങിയതോടെ അതില്‍നിന്ന് കിട്ടുന്ന മിച്ചംകൊണ്ട് അവളെ സ്‌കൂളിലയക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവുകയായിരുന്നു മാന്‍സി താന്‍ വരുത്തിയ മാറ്റത്തിന്റെ കഥ പറയുന്നു.