15ാം വയസില്‍ എംഎസ്‌സി, സുഷമ വര്‍മയെന്ന മിടുക്കി രാജ്യത്തെ വിസ്മയിപ്പിക്കുന്നു

0

ബാബസാഹിബ് ഭിമാരോ അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയിലെ എംഎസ് സി വിദ്യാര്‍ഥിനിയാണ് സുഷമ വര്‍മ. ഇതില്‍ അത്ഭുതമൊന്നുമില്ല, എന്നാല്‍ സഹപാഠികളെക്കാള്‍ എട്ടു വയസ് ഇളപ്പമുള്ള സുഷമയുടെകഥ അല്‍പം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ് 15കാരി സുഷമ. പ്രതിസന്ധികള്‍ നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നാണ് ഈ ചെറുപ്രായത്തില്‍ സുഷമ നേട്ടങ്ങള്‍ കൊയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ലഖ്‌നൗവിലെ ബര്‍ഗവാന്‍ മേഖലയിലുള്ള ഒരു സാധാരണ ശുചീകരണ തൊഴിലാളിയുടെ മകളാണ് ഈ കൊച്ചുമിടുക്കി. മൈക്രോബയോളജിയില്‍ ഉന്നതപഠനം നടത്തുന്ന സുഷമയുടെ ലക്ഷ്യം നാടിനെ പച്ചപ്പണിയിക്കുക എന്നതാണ്. അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജിയില്‍ ഗവേഷണം നടത്തി നാട്ടിലെ തരിശു നിലങ്ങള്‍ ഹരിതാഭമാക്കാനാണ് താന്‍ പഠിക്കുന്നതെന്ന് പറയുകയാണ് സുഷമ. ഇന്ന് കൃഷിയിടങ്ങളെല്ലാം നശിക്കുകയാണ്. അതിനെ തിരിച്ചു പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുഷമ വര്‍മ പറയുന്നു.

സുഷമയുടെ കോളെജില്‍ തന്നെ ദിവസ വേതന അടിസ്ഥാനത്തില്‍ ശുചീകണ ജോലി ചെയ്യുകയാണ് അവളുടെ പിതാവ് തേജ് ബഹദൂര്‍. സുഷമയുടെ കോളെജ് വൈസ്ചാന്‍സിലര്‍ ഡോ.ആര്‍.വി സോബ്ദി മുന്‍കൈ എടുത്ത് തേജ് ബഹദൂറിന്റെ ജോലി സ്ഥിരപ്പെടുത്തി. സുഷമയെ കൂടാതെ തന്റെ മറ്റു രണ്ടു മക്കളും പഠനത്തില്‍ മികവു കാണിക്കുന്നവരാണ് എന്നു പറയുമ്പോള്‍ തേജ് ബഹദൂറിന്റെ കണ്ണുകളില്‍ അഭിമാനത്തിളക്കം. സുഷമയുടെ ജേഷ്ഠന്‍ 14ാമത്തെ വയസില്‍ ബിസിഎ പൂര്‍ത്തിയാക്കി ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ ഏറ്റവും ഇളയമകളും അപാര ബുദ്ധി സാമര്‍ഥ്യം കാണിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. മൂന്നര വയസ് മാത്രം പ്രായമുള്ള കുട്ടി എട്ടാം ക്ലാസിലെ പാഠഭാഗങ്ങള്‍ വരെ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. സഹേദരങ്ങളുടെ റെക്കോഡുകള്‍ മറികടന്ന് അവളും ഉന്നത ഡിഗ്രികള്‍ ചെറുപ്രായത്തില്‍ തന്നെ നേടുമെന്ന് മാതാപിതാക്കള്‍ക്ക് സംശയമില്ല.