വെള്ളം ഒഴിച്ചും കാര്‍ ഓടിക്കാം

വെള്ളം ഒഴിച്ചും കാര്‍ ഓടിക്കാം

Monday November 23, 2015,

1 min Read

ദിവസവും വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നവരാണ് നമ്മളെല്ലാം. പലര്‍ക്കും സ്വന്തമായി വാഹനങ്ങളുമുണ്ട്. പെട്രോള്‍ ചിലവ് ആലോചിക്കുമ്പോള്‍ വെള്ളമൊഴിച്ചാല്‍ ഓടുന്ന വാഹനമായിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ കാണില്ല. എന്നാല്‍ ഇതാ വരുന്നു വെള്ളമൊഴിച്ചാല്‍ ഓടുന്ന വാഹനം. മധ്യപ്രദേശിലെ സാഗര്‍ ഗ്രാമത്തിലുള്ള മെക്കാനിക്കായ റായീസ് മര്‍കാനിയാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. വെള്ളവും കാര്‍ബൈഡ് ഫ്യുവലും കൊണ്ട് ഓടുന്ന കാറാണ് ഇദ്ദേഹം കണ്ടുപിടിച്ചത്. തന്റെ വര്‍ക്ക് ഷോപ്പില്‍ ആറ് മാസത്തെ ജോലിക്ക് ശേഷമാണ് പരിസ്ഥിതി സൗഹാര്‍ദ്ദ വാഹനം ഇദ്ദേഹം രൂപപ്പെടുത്തിയത്. വാഹനം ഓടാന്‍ ലിറ്ററിന് പത്തോ ഇരുപതോ രൂപ മുടക്കിയാല്‍ മാത്രം മതിയാകും.

image


അസെറ്റിലിന്‍ വാതകം ഉപയോഗിച്ചാണ് കാര്‍ ഓടുന്നത്. കാല്‍സ്യം കാര്‍ബൈഡും വെള്ളവും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ വാതകം ഉണ്ടാകുന്നത്. അസെറ്റിലിന്‍ വാതകം നിരവധി വ്യാവസായി ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നുണ്ട്. വെല്‍ഡിംഗിനും ഖനികളില്‍ വെളിച്ചമെത്തിക്കാനുമെല്ലാം ഇതുപയോഗിക്കുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപയിലധികം മുടക്കുന്ന ജനങ്ങള്‍ക്ക് തന്റെ കണ്ടുപിടിത്തം വലിയ ആശ്വാസമാകുമെന്ന് മര്‍കാനി പറയുന്നു.

ഒരു ചൈനീസ് സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മര്‍കാനി തീരുമാനിച്ചിട്ടുണ്ട്. തന്റെ കണ്ടുപിടിത്തത്തില്‍ താല്‍പര്യപ്പെട്ടാണ് സ്ഥാപനം മര്‍കാനിയെ സമീപിച്ചത്. തന്റെ ഗ്രാമത്തില്‍തന്നെ സ്ഥാപനം തുടങ്ങണമെന്ന് മര്‍കാനി അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ഇന്ധനങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമം നടക്കുമ്പോഴാണ് മര്‍കാനിയുടെ ഈ കണ്ടുപിടിത്തമെന്നത് ശ്രദ്ധേയമാണ്. തന്റെ കണ്ടുപിടിത്തത്തിന് മര്‍കാനി പേറ്റന്റും എടുത്തിട്ടുണ്ട്.