വരട്ടാറിനു പിന്നാലെ കോലറയാറും പുനര്‍ജ്ജനിക്കുന്നു

വരട്ടാറിനു പിന്നാലെ കോലറയാറും പുനര്‍ജ്ജനിക്കുന്നു

Friday September 01, 2017,

1 min Read

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (സെപ്തംബര്‍ രണ്ട്) രാവിലെ പത്തിന് നിരണത്തിനടുത്ത് ആലംതുരുത്തിയിലെത്തി കോലറയാര്‍ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കും. വരട്ടാര്‍- ആദിപമ്പ പുനരുജ്ജീവനത്തിനുള്ള തുടര്‍പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനുമായി തിരുവല്ലയിലെത്തുന്ന മുഖ്യമന്ത്രി അതിനുശേഷമായിരിക്കും വരട്ടാറിലേക്കു പോകുക. മുഖ്യമന്ത്രിയോടൊപ്പം സ്ഥലം എം.എല്‍എ കൂടിയായ ജലവിഭവവകുപ്പുമന്ത്രി മാത്യു ടി. തോമസും മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, കെ. രാജു, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന്‍, എന്നിവരും എം. പി.മാരും എം.എല്‍.എ.മാരും കോലറയാര്‍ സന്ദര്‍ശിക്കും.

image


ജനകീയപ്രവര്‍ത്തനത്തിലൂടെ പുനരുജ്ജീവനത്തിനു തുടക്കം കുറിച്ചു മഹായജ്ഞമായി മാറിയ വരട്ടാര്‍ മാതൃക പിന്തുടര്‍ന്ന് കോലറയാറിലും പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലുള്ള അറയ്ക്കല്‍ മുയപ്പില്‍നിന്നും ആരംഭിച്ച് കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ ഏതാണ്ട് പതിനൊന്നു കിലോമീറ്റര്‍ ദൂരം താണ്ടി അരീത്തോട്ടിലെത്തിച്ചേരുന്ന പമ്പയുടെ കൈവഴിയാണ് കോലറയാര്‍. വ്യത്യസ്ത ഭാഗങ്ങളിലായി 12 മുതല്‍ 72 വരെ മീറ്റര്‍ വീതിയാണ് ആറിനുള്ളത്. വരട്ടാര്‍ പോലെ അമിതമായ മണലൂറ്റും കയ്യേറ്റങ്ങളുംതന്നെയാണ് കോലറയാറിനേയും മൃതാവസ്ഥയിലെത്തിച്ചത്. നിരണം പഞ്ചായത്തിലുള്ള രണ്ടായിരത്തോളം ഏക്കര്‍ പാടശേഖരത്തേക്കുള്ള തോടുകളെല്ലാം ഉത്ഭവിച്ചിരുന്നത് കോലറയാറില്‍നിന്നായിരുന്നു. കോലറയാറിന്റെ ദുരവസ്ഥ പാടശേഖരങ്ങളിലെ കൃഷിയേയും ഏറെപ്രതികൂലമായി ബാധിച്ചു. കോലറയാറില്‍നിന്നുള്ള ഉറവ കാരണം സമീപപ്രദേശങ്ങളിലുള്ള കിണറുകളിലെ ജലം മലിനമായതോടെ ശുദ്ധജലക്ഷാമവും രൂക്ഷമായി. പതിനഞ്ചുലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണു ജനങ്ങളുടെ മുന്‍കൈയില്‍ ഏറ്റെടുത്തിട്ടുള്ളത്. ഈ തുക സമാഹരിച്ചെടുക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. മുഖ്യമന്ത്രിയുടെയും നേതാക്കളുടേയും സന്ദര്‍ശനം പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരും.