ഉടമയറിയാതെയുള്ള ചരക്ക് കടത്ത്; തടയാനുള്ള മാര്‍ഗം വികസിപ്പിച്ച്‌ സിഡാക്

ഉടമയറിയാതെയുള്ള ചരക്ക് കടത്ത്; തടയാനുള്ള മാര്‍ഗം വികസിപ്പിച്ച്‌ സിഡാക്

Thursday December 10, 2015,

1 min Read

ഉടമയറിയാതെയുള്ള ചരക്ക് കടത്ത് തടയാനുള്ള മാര്‍ഗവുമായി സിഡാക്. ചരക്ക് വാഹനങ്ങളെ നിരീക്ഷിക്കാനുള്ള ഇലക്ട്രോണിക് കണ്‍ട്രോളര്‍ സംവിധാനമാണ് ഇതിനായി സിഡാക് തയ്യാറാക്കിയിരിക്കുന്നത്. ജി പി എസിലൂടെ വാഹനത്തെ പിന്തുടര്‍ന്ന് വാഹനം എവിടെയാണെന്ന് കണ്ടെത്തുന്നതിലുപരി വാഹനത്തില്‍ എത്ര ചരക്ക് അവശേഷിക്കുന്നുണ്ടെന്ന് കണ്ടെത്താനും ഉപകരിക്കുന്നതാണ് ഈ സംവിധാനം. ഉടമയറിയാതെയുള്ള ചരക്ക് കടത്തിന് തടയിടാന്‍ കഴിയുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ക്വാറികളിലും ഖനികളിലും ഫലപ്രദമായി ഉപയോഗിക്കാവുന്ന സംവിധാനമാണിത്.

image


ജി പി എസ് സംവിധാനം പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓട്ടോമോട്ടീവ് യൂണിഫൈഡ് ഇലക്ട്രോണിക് കണ്‍ട്രോളറാണ് സിഡാക് വികസിപ്പിച്ചെടുത്തത്. വാഹനത്തില്‍ എത്ര ടണ്‍ ചരക്കുണ്ട്, എത്ര ടണ്‍ ലോഡ് ഇറക്കി, ബാക്കി എത്ര ടണ്‍ ഉണ്ട്, വാഹനം വഴി തിരിച്ച് വിടുന്നുണ്ടോ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഈ ഇലക്ട്രോണിക് കണ്‍ട്രോളറില്‍ രേഖപ്പെടുത്തും. ഇത് ഉടമകള്‍ക്ക് തല്‍സമയം വീട്ടിലിരുന്ന് പരിശോധിക്കാനാവും.

image


അമിത ഭാരം നിറച്ച വാഹനങ്ങളില്‍ മുന്‍കൂട്ടി നിര്‍ദേശം നല്‍കുകയും അപകട സാധ്യത ഒഴിവാക്കുകയും ചെയ്യുന്നതിന് ഇത് സഹായിക്കും. ഡ്രൈവര്‍ക്ക് ദിശ തെറ്റിയാല്‍ മാര്‍ഗനിര്‍ദേശം നല്‍കാനും ഈ സംവിധാനത്തിന് കഴിയും. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന് വേണ്ടിയാണ് ഓട്ടോമോട്ടീവ് യൂണിഫൈഡ് ഇലക്ട്രോണിക് കണ്‍ട്രോളര്‍ സിഡാക് രൂപകല്പന ചെയ്തത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബി ഇ എം എല്‍ ഖനികളില്‍ നിന്ന് ധാതുക്കളും ലോഹങ്ങളും പ്രത്യേകതരം ചരക്ക് വാഹനങ്ങളില്‍ സംഭരിച്ച് സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നുണ്ട്. സിഡാക്ക് ഇവര്‍ക്ക് വേണ്ടി പത്ത് വര്‍ഷം മുമ്പ് തയ്യാറാക്കിയ ഇലക്ട്രോണിക് സംവിധാനത്തെ നവീകരിച്ചാണ് പുതിയ ഉപകരണം വികസിപ്പിച്ചത്.

image


ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡില്‍ നിന്നും നല്ല പ്രതികരണമാണ് ഇലക്ട്രോണിക് കണ്‍ട്രോളറിന് ലഭിച്ചിരുക്കുന്നതെന്നും അവരില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചാല്‍ ഇതിന്റെ സാങ്കേതികത അവര്‍ക്ക് കൈമാറുമെന്നും പ്രോജക്ട് ഹെഡ് ബിജു സി ഉമ്മന്‍ പറഞ്ഞു.ബി ഇ എം എല്‍ ഈ സാങ്കേതിക വിദ്യ ഏറ്റെടുത്താല്‍ ഇലക്‌ട്രോണിക് കണ്‍ട്രോള്‍ ഘടിപ്പിച്ച ചരക്ക് വാഹനങ്ങള്‍ അവര്‍ക്ക് വിപണിയില്‍ എത്തിക്കാനാവും.