കര്‍ഷകന്റെ മകന്‍; ഇന്ന് കോടീശ്വരന്‍

0

ചില സമയത്ത് മികച്ച അധ്യാപകരുടെ അഭാവമാണ് നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതെന്ന് ജൂലിയ റോബേട്ട്‌സ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വരുണ്‍ചന്ദ്രനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതമായിരുന്നു ഏറ്റവും വലിയ അധ്യാപകന്‍. നിലനില്‍ക്കാനുള്ള ആവശ്യം ഏറ്റവും വലിയ പ്രചോദനവും. ഇന്ന് ലോകത്താകമാനം ചിറകുകള്‍ വിരിച്ച കോര്‍പൊറേറ്റ് 360 എന്ന ടെക് സ്ഥാപനത്തിന്റെ ഉടമയായ കോടീശ്വരനാണ് വരുണ്‍.

കേരളത്തിലെ കൊല്ലം ജില്ലയിലെ വനാതിര്‍ത്തിക്കടുത്തുള്ള പടം എന്നൊരു ചെറുഗ്രാമത്തിലായിരുന്നു വരുണിന്റെ ജനനം. കര്‍ഷകനായ അച്ഛനെ സഹായിക്കുകയായിരുന്നു ചെറുപ്രായം മുതല്‍ക്കെ വരുണിന്റെ ജോലി. ആവശ്യത്തിന് ഭക്ഷണം പോലും ഇല്ലാതെയാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. ജീവിക്കാനും നിലനില്‍ക്കാനുമുള്ള പോരാട്ടമാണ് അവനെ കുട്ടിക്കാലത്ത് മുന്നോട്ട് നീങ്ങാന്‍ പ്രചോദനമായത്.

വരുണിന്റെ മാതാപിതാക്കള്‍ അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ വരുണിനെ അവര്‍ ഗ്രാമത്തിനടുത്തുള്ള പത്തനാപുരം എന്ന പട്ടണത്തിലെ സ്‌കൂളില്‍ പഠിക്കാന്‍ വിട്ടു. അച്ഛനെ സഹായിക്കാന്‍ കഠിനാദ്ധ്വാനം ചെയ്തിരുന്നതിനാല്‍ അവന് സ്‌പോര്‍ട്ട്‌സിലും മറ്റും മികവ് കാണിക്കാന്‍ സാധിച്ചു. തുടര്‍ന്ന് പഠിച്ച സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിന് വരുണ്‍ മെഡലുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങി.

പത്താം ക്ലാസിന് ശേഷം കേരള സര്‍ക്കാര്‍ അവന് ഫുട്‌ബോള്‍ കളിക്കാനായി സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലായിരുന്നെങ്കില്‍ താന്‍ അവിടെ വച്ച് പഠനം നിര്‍ത്തുമായിരുന്നെന്ന് വരുണ്‍ പറഞ്ഞു. തുടര്‍ന്ന് നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത വരുണ്‍ കേരളത്തിലെ മികച്ച യുവ ഫുട്‌ബോളറായി മാറി. കേരള യൂത്ത്, കേരള യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു വരുണ്‍. എന്നാല്‍ ഒരിക്കല്‍ കളിക്കിടെ പരിക്കേറ്റതോടെ അവന്‍ ഫുട്‌ബോളും, കോളേജും ഉപേക്ഷിച്ച് ഒരു ജോലി തേടി ബാംഗ്ലൂരിലേക്ക് പോയി.

അന്ന് വീട്ടിലുള്ളവരെ കൂടി നോക്കേണ്ട ചുമതല വരുണിന് ഉണ്ടായിരുന്നു. അവന്റെ മുത്തശ്ശി ഒരു സ്വര്‍ണവള വരുണിന് നല്‍കി. അത് വിറ്റ് കിട്ടുന്ന പണം കൊണ്ട് എവിടെയെങ്കിലും പോയി ജീവിക്കാനാണ് അന്ന് മുത്തശ്ശി പറഞ്ഞത് എന്ന് വരുണ്‍ ഇന്നും വ്യക്തമായി ഓര്‍മിക്കുന്നു.

2002ല്‍ ചെറിയൊരു ബാഗും കുറേ പ്രതീക്ഷകളുമായി വരുണ്‍ ബാംഗ്ലൂരിലെത്തി. ഇന്റര്‍നെറ്റ് കഫെയിലൂടെ ടെക് ജോലികളെപ്പറ്റിയും സംരംഭങ്ങളെപ്പറ്റിയും വരുണ്‍ കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചു. ആവശ്യം അധികരിച്ചതോടെ ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയും അവന് മനസിലായി. തുടര്‍ന്ന് ഒരു ഡിക്ഷ്ണറി വാങ്ങി വരുണ്‍ വായനശാലകളില്‍ ഏറെ സമയം ചെലവഴിച്ച് സിഡ്‌നി ഷെല്‍ഡണ്‍, ജെഫ്രി ആര്‍ച്ചര്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിക്കുകയും ഇംഗ്ലീഷ് പഠിക്കാനായി സി.എന്‍.എന്‍ ചാനല്‍ കാണുകയും ചെയ്തിരുന്നു. ഫിക്ഷന്‍ പുസ്തകങ്ങളോടൊപ്പം മറ്റ് തരത്തിലുള്ള പുസ്തകങ്ങളും വരുണ്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അവന്റെ മനസില്‍ പുതിയൊരു സംരംഭം ആരംഭിക്കണമെന്ന മോഹമുദിച്ചത്.

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്റെ പ്രചോദനം ഫുട്‌ബോള്‍ താരം ഐ.എം വിജയനായിരുന്നെന്ന് വരുണ്‍ പറഞ്ഞു. അദ്ദേഹം തനിക്ക് ദൈവത്തെ പോലെയാണ്. തെരുവുകള്‍ തോറും സോഡയും കപ്പലണ്ടിയും വിറ്റുനടന്ന ആ വ്യക്തി പിന്നീട് ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ ആവുകയായിരുന്നു. ഇത്രയും ബുദ്ധിമുട്ടുകള്‍ക്കിടയില്‍ അദ്ദേഹത്തിന് അത് സാധിച്ചെങ്കില്‍ എന്ത് കൊണ്ട് തനിക്കായിക്കൂടാ എന്ന് വരുണും ചിന്തിച്ചു. അസാധ്യമായി യാതൊന്നുമില്ലെന്നാണ് വരുണ്‍ വിശ്വസിക്കുന്നത്. ഇന്ന് ഇന്റര്‍നെറ്റില്‍ ധാരാളം അറിവുകള്‍ ലഭ്യമാണെന്നിരിക്കെ നമുക്ക് എന്തും പഠിക്കാനാകുമെന്നാണ് വരുണ്‍ പറയുന്നത്.

ഇങ്ങനെ ചിന്തിച്ച് കുറച്ച് വര്‍ഷങ്ങള്‍ ബാംഗ്ലൂരില്‍ വരുണ്‍ ജോലി ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന് സിംഗപ്പൂരില്‍ ജോലി ലഭിച്ചു. അവസരങ്ങളുടെ ഒരു കണ്ണുതുറപ്പിക്കലായിരുന്നു വരുണിന് സിംഗപ്പൂര്‍. പുതിയ സ്ഥലത്തെ ജോലി എളുപ്പമാക്കാന്‍ അവന്‍ ഒരു പുതിയ സോഫ്റ്റ്‌വെയര്‍ ടൂള്‍ വികസിപ്പിച്ചെടുത്തു. അതിന്റെ പ്രാധാന്യം വരുണിനൊപ്പം ജോലി ചെയ്യുന്നവര്‍ക്ക് മനസിലായി. അങ്ങനെയാണ് കോര്‍പ്പറേറ്റ് 360 എന്ന സംരംഭം ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളും ടെക് സ്റ്റാര്‍ട്ടപ്പുകളും വരുണിന്റെ കമ്പനിയുടെ ക്ലൈന്റുകളാണ്.

കമ്പനി ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ വരുണിന് മികച്ച പ്രതികരണവും ലാഭവവുമാണ് ലഭിക്കുന്നത്. തന്റെ ജന്മസ്ഥലമായ പത്തനാപുരത്തും വരുണ്‍ തന്റെ സ്ഥാപനത്തിന്റെ ഒരു ശാഖ ആരംഭിച്ചിട്ടുണ്ട്. തന്റെ പട്ടണത്തിലുള്ളവര്‍ക്കും അവസരങ്ങള്‍ ലഭിക്കണമെന്നാണ് വരുണ്‍ ആഗ്രഹിക്കുന്നത്. നമുക്ക് കഴിവുകളല്ല, അവസരങ്ങളാണ് കുറവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.