പരസ്യങ്ങളിലൂടെ വില്‍പന തന്ത്രവുമായി ഫ്‌ലിപ്കാര്‍ട്ട്

പരസ്യങ്ങളിലൂടെ വില്‍പന തന്ത്രവുമായി  ഫ്‌ലിപ്കാര്‍ട്ട്

Saturday March 12, 2016,

2 min Read


മൊബൈല്‍ ആപ്ലിക്കേഷനുകളിലെ പരസ്യങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ഫ്‌ലിപ്കാര്‍ട്ടിന്റെ പുത്തന്‍ ചുവടുവയ്പുമായാണ് ബ്രാന്‍ഡ് സ്റ്റോറി ആഡ്‌സ്. ഓണ്‍ലൈന്‍ പരസ്യ കമ്പനിയായ അഡല്‍ക്വിറ്റിയെ ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ പുതിയ പരീക്ഷണം. ഫ്‌ലിപ്കാര്‍ട്ടിന്റെ പുതിയ ബിസിനസ് തന്ത്രം ഏറെക്കുറെ വിജയിച്ച മട്ടാണ്. ഇതിനകം തന്നെ 50 ലധികം വന്‍കിട കമ്പനികളുടെ പരസ്യം ഫ്‌ലിപ്കാര്‍ട്ട് നേടിയെടുത്തു കഴിഞ്ഞു.

image


ഓണ്‍ലൈന്‍ പരസ്യരംഗത്ത് കഴിഞ്ഞ വര്‍ഷമാണ് ഫ്‌ലിപ്കാര്‍ട്ട് എത്തിയത്. പ്രോഡക്ട് ലിസ്റ്റിങ് ആസ്ഡ് (പിഎല്‍എഎസ്) ലൂടെയായിരുന്നു ഫ്‌ലിപ്കാര്‍ട്ടിന്റെ രംഗപ്രവേശം. പരസ്യത്തിലൂടെ മാത്രം ഒരു മില്യന്‍ ഡോളര്‍ മാസവരുമാനമായി കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നാണ് അടുത്തിടെ കമ്പനി വ്യക്തമാക്കിയത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ പരസ്യ രംഗത്ത് ഒന്നാം നമ്പര്‍ കമ്പനിയായി വളരുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്‌ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബെന്‍സാല്‍ അടുത്തിടെ പറഞ്ഞിരുന്നു.

ബ്രാന്‍ഡ് സ്റ്റോറി ആഡ്‌സ്

ഓരോ കമ്പനികള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് വളരെ ലളിതമായി ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ബ്രാന്‍ഡ് സ്റ്റോറി പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ലേഖനവും ചിത്രവും വളരെ ചുരുങ്ങിയ രീതിയില്‍ ബ്രാന്‍സ് സ്റ്റോറിയില്‍ നല്‍കുന്ന പരസ്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മനസ്സിലാകും. പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ ഉല്‍പ്പന്നത്തെക്കുറിച്ചും അതിനു താഴെയായി മറ്റുള്ള ഉല്‍പ്പന്നങ്ങളെക്കുറിച്ചും വിവരങ്ങളും വിലയും കാണാം.

യെസ് ബാങ്ക്, എല്‍ ഒറിയല്‍, മൈക്രോമാക്‌സ്, ഇന്റല്‍, ഗില്ലെറ്റ്, ഡാറ്റ്‌സണ്‍, സോണി തുടങ്ങിയവ ഇതിനകം തന്നെ തങ്ങളുടെ പരസ്യങ്ങള്‍ ബ്രാന്‍ഡ് സറ്റോറി ആഡ്‌സിനു നല്‍കാന്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി, ബിഎഫ്എസ്‌ഐ, ആട്ടോ ആന്‍ഡ് ടെലികോം എന്നീ കമ്പനികള്‍ക്കും ബ്രാന്‍സ് സ്റ്റോറി ആഡ്‌സിലൂടെ പരസ്യങ്ങള്‍ നല്‍കാവുന്നതാണ്.

ബ്രാന്‍ഡ് സ്റ്റോറി ആഡ്‌സിന്റെ വരവോടെ കൊമേഴ്‌സ് അഡ്വര്‍ടൈസിങ് എന്ന പുതിയ പരസ്യ രീതിക്കാണ് ഫ്‌ലിപ്കാര്‍ട്ട് തുടക്കമിട്ടത്. പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെയിടയില്‍ കൂടുതല്‍ ശ്രദ്ധ നേടി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന രീതിയാണിത്. ഇത്തരമൊരു പരസ്യപ്രചാരണത്തില്‍ തുടക്കക്കാരാണ് ഫ്‌ലിപ്കാര്‍ട്ട്. 50 മില്യന്‍ ഉപഭോക്താക്കളെ ഇത്തരം പരസ്യങ്ങളിലൂടെ വിവിധ കമ്പനികള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ അവകാശവാദം.

രാജ്യത്തിലെ മികച്ച ഉപഭോക്താക്കളെ ബ്രാന്‍ഡ് സ്റ്റോറി ആഡ്‌സിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് രവി ഗരികിപാഠി പറയുന്നത്. ഉപഭോക്താക്കള്‍ ഇത്തരം പരസ്യങ്ങളില്‍ ഉറപ്പായും ക്ലിക്ക് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

image


ഫ്‌ലിപ്കാര്‍ട്ടിന്റെ 75 ശതമാനവും വിറ്റുവരവും മൊബൈലിലൂടെയാണ് നടക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. 85,000ത്തിലധികം കമ്പനികള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ റജിസ്റ്റര്‍ ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ മൊബൈലിലൂടെയുള്ള പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ ബ്രാന്‍ഡ് സ്റ്റോറിയുടെ വരവോടെ 60 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഫ്‌ലിപ്കാര്‍ട്ട് പറയുന്നത്. 2020 ആകുമ്പോഴേക്കും മൊബൈല്‍ വഴി പരസ്യങ്ങള്‍ക്കായി ചെലവാക്കുന്ന തുക 15 മുതല്‍ 20 ശതമാനം വരെയാകുമെന്നാണ് ഡിലൊയ്റ്റിന്റെ കണക്കുകള്‍ പറയുന്നത്.

അതേസമയം, പ്രതിമാസം ഒരു മില്യന്‍ ഡോളറിന്റെ വരുമാനം പരസ്യത്തിലൂടെ ഫ്‌ലിപ്കാര്‍ട്ടിന് ലഭിക്കുന്നുണ്ടെതിനെ കളിയാക്കുകയാണ് ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ സ്‌നാപ്ഡീല്‍. പ്ലിപ്കാര്‍ട്ട് പറയുന്നത് അവര്‍ക്ക് ഒരു മാസം ഒരു മില്യന്‍ ഡോളറിന്റെ പരസ്യവരുമാനം ഉണ്ടെന്നാണ്. കേള്‍ക്കാന്‍ സന്തോഷമുള്ള കാര്യമാണിത്. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി സ്‌നാപ്ഡീലിന് പ്രതിമാസം ഒരു മില്യന്‍ ഡോളറിന്റെ പരസ്യ വരുമാനമുണ്ടെന്ന് സ്‌നാപ്ഡീല്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആസിഫ് അലി വ്യക്തമാക്കി.