കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങള്‍ക്ക് പരിഹാരവുമായി ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍

0


ചെറുപ്രായത്തിലെ പഠനഭാരത്തില്‍ ഉഴലുന്ന നമ്മുടെ കുരുന്നുകള്‍ക്ക് പഠന വൈകല്യങ്ങളും പെരുമാറ്റ വൈകല്യങ്ങളും വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. ഇതിന് പരിഹാരവുമായെത്തുകയാണ് മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍. കുട്ടികളിലെ പഠന-പെരുമാറ്റ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാനാണ് സെന്റര്‍ ഉദ്ദേശിക്കുന്നത്. കുട്ടികളെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ഇവിടത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ ചെയ്യുന്നത്.

കുട്ടികളിലുണ്ടാകുന്ന ചെറിയ ചെറിയ അസുഖങ്ങളുടെ തുടര്‍ച്ചയാണ് അവരുടെ സ്വഭാവങ്ങളിലും പലപ്പോഴും പ്രതിഫലിക്കുന്നത്. വളരെ നേരത്തേ കണ്ടുപിടിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇത് കുട്ടിയുടെ ആരോഗ്യത്തെതന്നെ കാര്യമായി ബാധിക്കുന്നു.

ദേഷ്യം, പഠിത്തത്തിലുള്ള താത്പര്യക്കുറവ്, ശ്രദ്ധക്കുറവ്, സ്‌കൂളിലും വീട്ടിലും പ്രശ്‌നങ്ങള്‍, ഉപ്പുള്ള ഭക്ഷണങ്ങളോടും ഫാസ്റ്റ് ഫുഡിനോടുമുള്ള അമിത താത്പര്യം, അമിതമായ സിനിമാ കമ്പം, മറ്റ് പല കാര്യങ്ങളോടും ശ്രദ്ധ, ഒളിച്ചോടാനുള്ള പ്രവണത, മറ്റുള്ളവരോട് ഇടപഴകാതെയുള്ള ഏകാന്തത, എല്ലാത്തിനോടുമുള്ള താത്പര്യക്കുറവ് തുടങ്ങി കുട്ടികളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഈ ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്.

മാസം തികയാതെ പ്രസവിക്കുന്ന രണ്ടര കിലോയില്‍ താഴെ തൂക്കമുള്ള ചില കുട്ടികളിലും ജനിതകമായി പല രോഗങ്ങളുമുള്ള രക്ഷിതാക്കളുടെ കുട്ടികളിലുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലും കാണുക. ഹാര്‍ട്ട് അറ്റാക്ക്, പ്രമേഹം, ഉയര്‍ന്ന ബി പി എന്നിവ വന്ന് മരിക്കുന്ന രക്ഷിതാക്കളുടെ കുട്ടികളില്‍ ഈ രോഗങ്ങള്‍ വരാനുള്ള ചെറിയ സാധ്യതയുണ്ട്. ഈ കുട്ടികള്‍ വലുതാകുമ്പോള്‍ ഉണ്ടായേക്കാവു ഹൃദ്രോഗങ്ങളും അനുബന്ധ അസുഖങ്ങളും പ്രമേഹം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന ബി പി എന്നിവയും നേരത്തെ കണ്ടുപിടിക്കാനും ചികിത്സിക്കാനും ഈ ക്ലിനിക്കിലൂടെ കഴിയുന്നു.

മരുന്നിന്റെ ആവശ്യകത പലപ്പോഴും വേണ്ടിവരില്ല. കുട്ടിയുടെ മനസറിഞ്ഞ് അത് പഠനങ്ങള്‍ക്ക് വിധേയമാക്കി ആവശ്യമായ ചികിത്സാരീതി നടത്തുന്നു. ഇത്തരം ചികിത്സയിലൂടെ കുട്ടികളുടെ സ്വഭാവ വൈകല്യങ്ങള്‍ മാറ്റിയെടുത്ത് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നു. 0471 -2553540 എന്ന ഫോണ്‍ നമ്പറില്‍ അപ്പോയ്‌മെന്റ് എടുത്തു വേണം ഈ ചികിത്സക്കായി വരേണ്ടത്.