ദില്ലി ഹാട്ടിലേക്ക് വരൂ മ്യാന്‍മാറിലെ ബൊമ്മക്കുട്ടികളും കൈത്തറിയും വാങ്ങി മടങ്ങാം

0

തലസ്ഥാനത്തെ ദില്ലി ഹാട്ട് പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണങ്ങളും വിവിധ സംസ്ഥാനങ്ങളിലെ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും പ്രസിദ്ധമാണ്. ഇപ്പോള്‍ ദില്ലി ഹാട്ടിലെത്തിയാല്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മ്യാന്‍മാറില്‍ നിന്നുള്ള ഒരുപിടി നല്ല ഉല്‍പ്പന്നങ്ങളും നമ്മെ കാത്തിരിക്കുന്നു. നൃത്തം ചെയ്യുന്ന ബൊമ്മക്കുട്ടികളും വെല്‍വെറ്റില്‍ തീര്‍ത്ത മുത്തുക്കുടകളും കണ്ണുചിമ്മുന്ന നിറക്കൂട്ടുമായി നിരവധി അലങ്കാര വസ്തുക്കളും അക്കൂട്ടത്തിലുണ്ട്. ദില്ലി ഹാട്ടില്‍ ആരംഭിച്ച ദസ്‌ക്കരി ഹാട്ട് ക്രാഫ്റ്റ് ബസാറിലാണ് മ്യാന്‍മറിലെ അലങ്കാര വിസ്മയങ്ങള്‍ നിരത്തിയിട്ടുള്ളത്. 

ദസ്‌ക്കരി ഹാട്ട് സമിതിയും മ്യാന്‍മറിലെ മിനിസ്ട്രി ഓഫ് എക്‌സ്‌ടേണല്‍ അഫയേഴ്‌സുമായി സഹകരിച്ച് നടത്തുന്ന മേളയുടെ മുപ്പതാമത് എഡിഷനാണ് ദില്ലിഹാട്ടില്‍ നടന്നു വരുന്നത്. പരമ്പരാഗത കരകൗശല വസ്തുക്കളായ ഷെല്‍ ക്രാഫ്്റ്റ്, നെയ്ത്ത്, കൈത്തറി വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം മേളയിലുണ്ട്. ഇരു രാജ്യങ്ങളിലെയും പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളുടെ പരസ്പരസഹകരണവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അടുപ്പവുമാണ് മേള വഴി ഉറപ്പുവരുത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ അധികൃതര്‍ പറയുന്നു. മ്യാന്‍മറിലെ കലാകാരന്‍മാര്‍ക്ക് നമ്മുടെ വിദ്യകളും അവരില്‍നിന്നുള്ള അറിവ് നമുക്കും പഠിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് ദസ്‌ക്കരി ഹാട്ട് സമിതിയുടെ സ്ഥാപകകൂടിയായ ജയ ജയ്റ്റ്‌ലി പറയുന്നു.

മ്യാന്‍മറില്‍ നിന്നുള്ള കരകശൗല ഉല്‍പ്പന്നങ്ങളും അവയ്ക്കു സമാനമായ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും സമന്വയിപ്പിച്ച് സ്‌കില്‍ ഡവലപ്‌മെന്റ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇതുവഴി ഉല്‍പ്പന്നങ്ങല്‍ സമന്വയിപ്പിച്ച് പുതിയവ ഉണ്ടാക്കുന്നതിനും സാധ്യമാകുമെന്ന് ജയ ജയ്റ്റ്‌ലി പറയുന്നു. ഇതുവഴിയുണ്ടാകുന്ന അടുപ്പം കൊണ്ട് സാമ്പത്തിക നേട്ടവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും ഊഷ്മളമാക്കാമെന്നും അവര്‍ പറയുന്നു. വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നെയ്ത്ത് മ്യാന്‍മറിലേതിനു സമാനമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മ്യാന്‍മറിലും വിപണയുണ്ടാകും. ഇത്തരം മേള മ്യാന്‍മറില്‍ സംഘടിപ്പിക്കാനും ശില്‍പശാലകള്‍ വഴിതുറക്കും. തുന്നലും നെയ്ത്തും ഉള്‍പ്പെടയുള്ളവയുടെ തല്‍സമയ പ്രദര്‍ശനവും മേളയില്‍ ഒരുക്കുന്നുണ്ട്. 12 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. കൈത്തറി കലാകാരന്‍മാരോട് സംസാരിക്കാനും അവയുടെ ഉല്‍പ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. മേളയോടൊപ്പം കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള നാടോടി സംഗീതം, ജിപ്‌സി ഡാന്‍സ്, വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ട്രൈബല്‍ സംഘത്തിന്റെ നൃത്തം എന്നിങ്ങനെ നിരവധി നാടന്‍ കലകളുടെ ആസ്വാദനവും ദസ്‌ക്കരി ഹാട്ട് ക്രാഫ്റ്റ് ബസാറില്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്നിന് ആരംഭച്ച മേള 15ന് സമാപിക്കും.