സമയം കൃത്യമായി ഉപയോഗിക്കാന്‍ ഇതാ ഒരു ബെഞ്ചമിന്‍ മാതൃക

0


യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളാണ് ബെഞ്ചമിന്‍ ഫ്രാങ്കഌന്‍. ആധുനിക ചരിത്രത്തില്‍ വളരെയധികം സ്വാധീനമുള്ള വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. അമേരിക്കന്‍ ഭരണഘടനയുടെ രൂപീകരണത്തിനു പുറമെ എല്ലാ സംസ്ഥാനങ്ങളെയും ഒന്നിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞന്‍, പ്രമുഖ എഴുത്തുകാരന്‍, പ്രസാധകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, രാഷ്ട്രീയ തത്വചിന്തകന്‍, വ്യവസായി, നയതന്ത്രജ്ഞന്‍ തുടങ്ങിയ നിലകളില്‍ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭ കൂടിയാണ്. ബഹുമുഖ പ്രതിഭയെന്ന നിലയ്ക്ക് എല്ലാം ഒരുപോലെ കൊണ്ടുപോകുന്നതിന് സമയം ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ ബെഞ്ചമിന്‍ ഫ്രാങ്കഌന്‍ നല്ലൊരു സംഘാടകനായിരുന്നു. അദ്ദേഹം എല്ലാത്തിനും കൃത്യമായി സമയം കണ്ടെത്തിയിരുന്നു.

സ്റ്റാര്‍ട്ടപ്പുകളുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യണം. ഒരു ദിവസം അവസാനിക്കുമ്പോള്‍ ഇത്ര പെട്ടെന്ന് സമയം തീര്‍ന്നോ എന്നു അതിശയിക്കും. എന്നാല്‍ ജോലി ഒന്നും തന്നെ പൂര്‍ത്തിയായിട്ടുമുണ്ടാകില്ല. സമയത്തിന്റെ കാര്യത്തില്‍ ബെഞ്ചമിന്‍ ഫ്രാങ്കഌനെ മാതൃകയാക്കാം. അദ്ദേഹം എഴുതിയിരുന്ന ഡയറി എല്ലാവര്‍ക്കും ഉപകാരപ്രദമാണ്. എല്ലാ കാര്യത്തിനും അദ്ദേഹം കൃത്യമായി സമയം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും ഓരോ കാലഘട്ടത്തിലെ പല നേതാക്കളും അദ്ദേഹത്തിന്റെ സമയരീതി പിന്തുടരുന്നു.

ജോലികള്‍ ശരിയായ രീതിയില്‍ എങ്ങനെ ചെയ്തു തീര്‍ക്കാം എന്നുള്ളതിന് ഡയറി നിങ്ങളെ സഹായിക്കും. എങ്ങനെയാണ് സമയത്തെ ഉപയോഗപ്പെടുത്തേണ്ടത്, നിങ്ങളെങ്ങനെയാണ് സമയത്തെ ഉപയോഗിച്ചത് എന്നതൊക്കെ മനസ്സിലാക്കാന്‍ ഡയറി സഹായിക്കും. പലരും തങ്ങളുടെ ചിന്തകള്‍ പ്രകടിപ്പിക്കാനാണ് ഡയറി എഴുതുന്നത്. എന്നാല്‍ ഒരു ദിവസത്തെക്കുറിച്ചും ആ ദിവസം നിങ്ങള്‍ ഓരോന്നിനും ചെലവഴിച്ച സമയത്തെക്കുറിച്ചും ഡയറിയില്‍ എഴുതുന്നത് ഭാവിയില്‍ ഗുണകരമാകും.

ഒരു ദിവസത്തെ ജീവിതം രേഖപ്പെടുത്തി വയ്ക്കുക മാത്രമല്ല നിങ്ങളുടെ ഒരു ദിവസം എങ്ങനെയായിരിക്കണമെന്നു ആസൂത്രണം ചെയ്യുന്നതിനും ഡയറി സഹായിക്കും. രണ്ടു രീതിയില്‍ ഡയറി എഴുതാം. ഒന്നുകില്‍ ഒരു ദിവസം നിങ്ങളുടെ ജീവിതത്തില്‍ നടന്ന മുഴുവന്‍ കാര്യങ്ങളെക്കുറിച്ചോ അല്ലെങ്കില്‍ നിങ്ങളുടെ ചിന്തകളെക്കുറിച്ചോ എഴുതാം. മറ്റൊന്ന് ഓരോ ദിവസം നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് എഴുതാം. ഉദാഹരണത്തിന് എപ്പോള്‍ എഴുന്നേല്‍ക്കണം, യാത്ര, ജോലി എന്നിങ്ങനെ.

ബെഞ്ചമിന്‍ ഫ്രാങ്കഌന്‍ രണ്ടായി തരംതിരിച്ചാണ് ഡയറി എഴുതിയിരുന്നത്. ഒരു പേജിന്റെ ഇടതുവശത്ത് അദ്ദേഹം ആ ദിവസം ചെയ്ത നല്ല പ്രവ!ൃത്തിയെക്കുറിച്ച് എഴുതും. വൈകുന്നേരം ഇതിനെക്കുറിച്ച് അദ്ദേഹം ഒന്നുകൂടി ആലോചിക്കും. പേജിന്റെ മധ്യഭാഗത്ത് അദ്ദേഹം ദിവസം എഴുന്നേല്‍ക്കുന്ന സമയം രേഖപ്പെടുത്തും. വലതുവശത്ത് ഒരു ദിവസം ഓരോ മണിക്കൂറിലും താനെന്തൊക്കെ ചെയ്തുവെന്നതിനെക്കുറിച്ചാണ് എഴുതുക. മറ്റൊരു പ്രധാനപ്പെട്ട വസ്തുത എന്തെന്നാല്‍ താന്‍ വിശ്രമിക്കാന്‍ ഒരു ദിവസം എത്ര സമയമെടുത്തു എന്നതുപോലും അദ്ദേഹം കൃത്യമായി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ഒരു ദിവസം ഒന്നും ചെയ്യാതെ താന്‍ എത്ര സമയം പാഴാക്കിക്കളഞ്ഞുവെന്നത് മനസ്സിലാക്കാന്‍ ഇതദ്ദേഹത്തെ സഹായിച്ചിരുന്നു.

ഏതൊരു രംഗത്തും നല്ല ഉല്‍പ്പാദനം ഉണ്ടാകാന്‍ നിരീക്ഷണം ആവശ്യമാണ്. ഇതിനായി എഴുതുന്നതിനെക്കാള്‍ മറ്റൊരു മികച്ച കാര്യം ഇല്ല. വേണമെങ്കില്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ച് എഴുതാം. അതല്ലെങ്കില്‍ സ്‌കൂള്‍ കാലഘട്ടത്തെ എഴുത്തിലേക്ക് മടങ്ങിപ്പോകാം. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്താ ചെയ്യേണ്ടതെന്ന്? ഇപ്പോള്‍ തന്നെ ഒരു നോട്ട്ബുക്ക് കയ്യിലെടുക്കൂ. ഇന്നുതന്നെ ഡയറി എഴുതിത്തുടങ്ങൂ.