ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവനം: സര്‍ക്കാര്‍തലപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ 

0

പമ്പാനദിയുടെ കൈവഴികളായ ആദിപമ്പയേയും വരട്ടാറിനേയും നാശോന്‍മുഖമായ അവസ്ഥയില്‍നിന്ന് പുനരുജ്ജീവിപ്പിക്കുന്ന ബൃഹദ് സര്‍ക്കാര്‍തലപദ്ധതിയുടെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ രണ്ട്) രാവിലെ 11 മണിക്ക് തിരുവല്ലയ്ക്കടുത്ത് ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിനു സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആദിപമ്പ, വരട്ടാര്‍ കരകളിലൂടെയുള്ള നടപ്പാത നിര്‍മ്മാണം, ശാസ്ത്രീയമായി പുഴയുടെ ആഴവും വീതിയും വര്‍ദ്ധിപ്പിക്കല്‍, ഇരുവശങ്ങളിലും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, ടൂറിസം പദ്ധതി എന്നിവയുള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പദ്ധതി. ജനകീയമായി നടത്തിയ പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണീ പദ്ധതി. ജനകീയപ്രവര്‍ത്തനങ്ങളുടെ വിജയപ്രഖ്യാപനം കൂടി നടക്കും. ഇതുവരെ നടന്ന പ്രവര്‍ത്തനത്തിന്റെ വിവരങ്ങളടങ്ങുന്ന 'വരട്ടാര്‍ നാള്‍വഴിയുടെ' പ്രകാശനവും നടക്കും.

ജലവിഭവവകുപ്പുമന്ത്രി മാത്യു ടി. തോമസിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ മുഖ്യപ്രഭാഷണവും ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വരട്ടാര്‍ നാള്‍വഴിയുടെ പ്രകാശനവും വനംവകുപ്പുമന്ത്രി കെ. രാജു വൃക്ഷത്തൈ നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. വീണാ ജോര്‍ജ്ജ് എം.എല്‍.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ ജനപങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ജലസേചനവകുപ്പ് ചീഫ് എന്‍ജിനിയര്‍ കെ. എ. ജോഷി പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടും അവതരിപ്പിക്കും.

എം. പി. മാരായ സുരേഷ് ഗോപി, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ. മാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരും ജലവിഭവവകുപ്പു സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷ ഡോ. ടി. എന്‍. സീമ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പത്തനംതിട്ട കളക്ടര്‍ ആര്‍ ഗിരിജ, ആലപ്പുഴ കളക്ടര്‍ റ്റി. വി. അനുപമ, ചെങ്ങന്നൂര്‍ നഗരസഭയുടെയും ത്രിതല പഞ്ചായത്തുകളിലേയും ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍, പത്തനംതിട്ട ജില്ലാ ആസൂത്രണസമിതിയിലെ സര്‍ക്കാര്‍ നോമിനി അഡ്വ. എന്‍. രാജീവന്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന്‍ പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.