സമരയാത്രയില്‍ വിജയ മന്ത്രമേകി പുരുഷോത്തം റെഡ്ഡി

സമരയാത്രയില്‍ വിജയ മന്ത്രമേകി പുരുഷോത്തം റെഡ്ഡി

Wednesday May 11, 2016,

3 min Read


ഇത് 20 വര്‍ഷം മുമ്പ് 1996 ലെ സംഭവമാണ്. അവിഭക്ത ആന്ധ്രാപ്രദേശിലെ നല്‍ഗൊണ്ട ജില്ലയിലെ ഒരു ഗ്രാമത്തിലെ കര്‍ഷകരെല്ലാം ഒരു അടിയന്തിര യോഗം ചേരുകയാണ്. കര്‍ഷകരുടെ മുന്നില്‍ സമസ്യായായി നില്‍ക്കുന്ന ഫ്‌ളോറോസിസ് വിഷയത്തില്‍ ഒരു പരിഹാരം കാണാനായി ഒത്തു കൂടിയതാണവര്‍. ഫ്‌ളോറൈഡിന്റെ അംശം കൂടിയതിനാല്‍ നല്‍ഗൊണ്ട ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ജലം കുടിക്കാന്‍ പറ്റാത്ത വിധം മലിനമായതാണ് അവരെ ഒരുമിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. മാലിന്യമുക്തമായ ജലത്തിന്റെ അഭാവത്തില്‍ ഈ ജലം കുടിക്കേണ്ടി വന്ന ഗ്രാമീണര്‍ക്ക് ഫ്‌ളോറോസിസ് ബാധിക്കുന്ന അവസ്ഥ സംജാതമായി. രോഗബാധയേറ്റവരുടെ പല്ലുകള്‍ മഞ്ഞ നിറത്തിലായി. സന്ധികളില്‍ അസഹ്യമായ വേദന വരാന്‍ തുടങ്ങി. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ കൈകാലുകള്‍ വളയുന്ന അവസ്ഥയും സംജാതമായി. അസ്ഥി, പേശി സംബന്ധമായ അസുഖങ്ങള്‍ ആളുകളില്‍ സ്ഥിരമായി കണ്ടു തുടങ്ങി.

image


നാള്‍ക്കു നാള്‍ ആളുകളില്‍ അസുഖങ്ങള്‍ പ്രകടമായി. കുട്ടികളുടെ പല്ലുകള്‍ മഞ്ഞ നിറമായി. ഫ്‌ളോറൈഡ് കലര്‍ന്ന വെള്ളം കുടിച്ച ഗര്‍ഭിണികള്‍ക്ക് ഗര്‍ഭഛിദ്രം സംഭവിച്ചു. ഫ്‌ളോറൈഡ് മുക്തമായ ജലത്തിന്റെ അഭാവത്തില്‍ ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലത്ത് കൃഷി തന്നെ ചെയ്യാന്‍ കഴിയാത്ത അവസ്ഥ സംജാതമായി.

പ്രശ്‌നം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനങ്ങള്‍ക്കൊന്നും ഫലം കണ്ടില്ല. ജില്ലാ ഭരണകൂടം പ്രശ്‌നത്തോട് കണ്ണടക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായി നല്‍ഗോണ്ട ജില്ലയില്‍ നടത്തിയ ഒറ്റപ്പെട്ട സമരങ്ങളൊന്നും സര്‍ക്കാരിന്റെ ചെവിയിലെത്തിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വലിയ ഒരു പ്രക്ഷോഭം നയിക്കാന്‍ ഗ്രാമീണര്‍ തീരുമാനിച്ചു. ഇതിനായി അടുത്ത ഗ്രാമവാസികളേയും ഉള്‍പ്പെടുത്തി അവര്‍ ഒരു വലിയ യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ പലരും പല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ യോഗത്തില്‍ ഒരാള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു. അത് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു. തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമായിരുന്നു അത്. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയമായിരുന്നു അത്. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഗ്രാമീണര്‍ മത്സരിക്കുക എന്നതായിരുന്നു യോഗത്തില്‍ ഉയര്‍ന്നു വന്ന വ്യത്യസ്തമായ ആ ആശയം.

image


 വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കെതിരെ അങ്ങനെ ഗ്രാമീണര്‍ സ്ഥാനാര്‍ഥികളായി. ഒന്നും രണ്ടും പേരല്ല മറിച്ച് 540 നോമിനേഷനാണ് ഇലക്ഷന്‍ കമ്മീഷന്‍ ഗ്രാമീണരുടേതായി അംഗീകരിച്ചത്. ഇത് രാഷ്ട്രീയ ലോകത്ത് ഒരു പ്രകമ്പനം തന്നെ സൃഷ്ടിച്ചു. മാധ്യമങ്ങള്‍ നല്‍ഗൊണ്ടയെക്കുറിച്ച് വാര്‍ത്തയെഴുതി. ലോകം മുഴുവന്‍ നല്‍ഗോണ്ടയിലേക്ക് ഉറ്റു നോക്കുന്ന സ്ഥിതി സംജാതമായി. തിരഞ്ഞെടുപ്പു പോലുള്ള സുപ്രധാന ഘട്ടത്തില്‍ ഗ്രാമീണരെ പിണക്കാന്‍ കഴിയാതെ മൂന്ന് ലക്ഷം ഏക്കര്‍ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാനും 500 ഗ്രാമങ്ങളില്‍ ശുദ്ധമായ കുടിവെള്ളമെത്തിക്കാനുമുള്ള നടപടിയായി. വര്‍ഷങ്ങളായി പരിഹാരം കാണാതെ കിടന്ന വിഷയത്തിന് വ്യത്യസ്തമായ ഒരു സമരമാര്‍ഗ്ഗത്തിലൂടെ പരിഹാരമായി.

image


ഇതിന് പിന്നിലുള്ള ബുദ്ധികേന്ദ്രം വിദ്യാഭ്യാസ പണ്ഡിതനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പുരുഷോത്തം റെഡ്ഡി എന്ന സോഷ്യോളജിസ്റ്റ് പ്രൊഫസറായിരുന്നു. അറിവും രാഷ്ട്ടീയ പരിജ്ഞാനവും പ്രായോഗികതയും കൊണ്ട് റെഡ്ഡി വിജയിപ്പിച്ചെടുത്ത സമരങ്ങള്‍ നിരവധിയാണ്. സമരങ്ങളില്‍ നേരിട്ട് ഇടപെട്ടു കൊണ്ടല്ല മറിച്ച് അതിനുള്ള ആശയവും ഊര്‍ജ്ജവും നല്‍കിയാണ് റെഡ്ഡി പല സമരങ്ങളും വിജയിപ്പിച്ചെടുക്കുന്നത്. തങ്ങള്‍ക്ക് മുകളില്‍ ആരുമില്ലെന്ന് കരുതിയിരുന്ന രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥ വൃന്ദത്തിനും പുരുഷോത്തമ റെഡ്ഡിയുടെ ശക്തി മനസിലാക്കേണ്ടി വന്നിട്ടുണ്ട്. 

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷനും ഇത്തരത്തില്‍ റെഡ്ഡിയുടെ പോരാട്ട വീര്യം നേരിട്ടറിഞ്ഞവരാണ്. തിരഞ്ഞെടുപ്പ് നടത്താനാവാതെയും ജനങ്ങളുടെ പ്രക്ഷോഭം കണ്ടറിഞ്ഞ് നല്‍ഗൊണ്ട ജില്ലയില്‍ പരിഹാരം ഏര്‍പ്പെടുത്തേണ്ടി വന്നു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള കാശ് സമാഹരിക്കാനും കര്‍ഷകര്‍ മടി കാട്ടിയില്ല. കൃഷി നാശം ഉണ്ടായാല്‍ തങ്ങളെന്തു ചെയ്യുമെന്ന് ചിന്തിച്ചപ്പോള്‍ തങ്ങള്‍ക്ക് ആ വിഷയത്തേയും തരണം ചെയ്യാനായെന്ന് കര്‍ഷകര്‍ പറയുന്നു. റെഡ്ഡിയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന തന്ത്രം ഫലത്തില്‍ വിജയം കണ്ടു.

കാര്‍ഷിക വിജയത്തില്‍ താന്‍ കൈവരിച്ച വിജയം തന്നെയാണ് ആണവോര്‍ജ്ജ റിയാക്ടറിനെതിരെ നടത്തിയ സമരത്തിലും റെഡ്ഡി കൈവരിച്ചത്. കൃഷ്ണ നദിയില്‍ നാഗാര്‍ജ്ജുന്‍ സാഗര്‍ അണക്കെട്ടിന് സമീപം പണികഴിപ്പിക്കാന്‍ പദ്ധതിയിട്ട റിയാക്ടറിനെതിരെ റെഡ്ഡി തന്റെ സ്വതസിദ്ധമായ രീതിയില്‍ സമരം നടത്തുകയായിരുന്നു. പക്ഷോഭം ജനകീയ സമരമായി മാറിയപ്പോള്‍ പ്രൊഫ. ശിവജി റാവു, ഗോവര്‍ധന്‍ റെഡ്ഡി ഡോ. കെ ബാലഗോപാല്‍ തുടങ്ങിയ പ്രമുഖ പ്രക്ഷോഭകാരികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി. സമരം വിജയിക്കുക തന്നെ ചെയ്തു. 

കോട്ട, കൈഗ, കൂടംകുളം തുടങ്ങിയ സ്ഥലങ്ങളില്‍ സമരം ചെയ്‌തെങ്കിലും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഈ വിജയം. തന്റെ വിജയരഹസ്യം എന്താണെന്ന് റെഡ്ഡി തന്നെ വെളിപ്പെടുത്തുന്നു.ഗ്രാമങ്ങള്‍ തോറും വീടു വീടാന്തരം കയറി ന്യൂക്ലിയര്‍ റിയാക്ടറിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരിച്ചു. റിയാക്ടറില്‍ നിന്ന് എന്തെങ്കിലും ചോര്‍ച്ച ഉണ്ടായാല്‍ ആ പ്രദേശത്തെ ആവാസ വ്യവസ്ഥ മുഴുനും നശിക്കുമെന്നും അത് മനുഷ്യരാശിക്കുണ്ടാക്കുന്ന ആഘാതം എത്രമാത്രമായിരിക്കുമെന്ന് റെഡ്ഡി ജനങ്ങളെ പറഞ്ഞു മനസിലാക്കി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി പ്രൊഫ. പുരുഷോത്തം റെഡ്ഡി പരിസ്ഥിതി സംരക്ഷണത്തിനും അതിനായുള്ള പൊതു അവബോധം സൃഷ്ടിക്കാനായും പ്രവര്‍ത്തിക്കുകയാണ്. 1943 ഫെബ്രുവരി 14നാണ് പുരുഷോത്തം റെഡ്ഡിയുടെ ജനനം. ഒരു സമ്പന്ന കര്‍ഷക കുടുംബത്തില്‍ രാജാ റെഡ്ഡി, കൗസല്യ ദേവി ദമ്പതികളുടെ മകനായാണ് റെഡ്ഡി ജനിച്ചത്. തന്റെ മാതാപിതാക്കള്‍ തന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് റെഡ്ഡി പറയുന്നു. മണ്ണും പണവും കൊണ്ട് കാര്യമില്ല മറിച്ച് പഠനമാണ് ജീവിതത്തില്‍ ഗുണപ്പെടുക എന്ന് തന്റെ അച്ഛന്‍ തന്നോട് എപ്പോഴും പറയുമായിരുന്നു എന്ന് റെഡ്ഡി ഓര്‍ക്കുന്നു. 

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സ്‌കോളര്‍ഷിപ്പോടെ മെഡിക്കല്‍ കോളജ് പ്രവേശനം നേടിയ റെഡ്ഡി രണ്ടു വര്‍ഷത്തെ പഠനത്തിനു ശേഷം തന്റെ എം ബി ബി എസ് പഠനം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തു. ഡോക്ടറായി ജനങ്ങളെ സേവിക്കുന്നതിനേക്കാള്‍ തനിക്ക് സാമൂഹ്യ സേവനത്തിലൂടെ ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കഴിയുമെന്ന് റെഡ്ഡി ഉറപ്പിച്ചു. തന്റെ തീരുമാനത്തെ കുടുംബത്തില്‍ പലരും ചോദ്യം ചെയ്തു. എന്നാല്‍ പൊളിറ്റിക്കല്‍ സയന്‍സ് എടുത്ത് ബി എ പഠിക്കാനായിരുന്നു റെഡ്ഡി തീരുമാനിച്ചത്. രാഷ്ട്രമീമാംസ റെഡ്ഡിക്ക് തന്റെ ജീവിതത്തിന്റെ അര്‍ഥം തന്നെയായി മാറി. മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കി എം എ, എം ഫില്‍, പി എച്ച് ഡി എന്നിവ ചെയ്ത റെഡ്ഡി, ഉസ്മാനിയ സര്‍വകലാശാലയില്‍ ഏതാണ്ട് മൂന്ന് ദശാബ്ദത്തോളം കാലം വിദ്യാര്‍ഥികളെ പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്ന അധ്യാപകനായി മാറി. അണയാത്ത പോരാട്ട വീര്യവുമായി പുരുഷോത്തം റെഡ്ഡി ഇന്നും തന്റെ സമരയാത്രകള്‍ തുടരുകയാണ്.