ഗസലിലൂടെ ഉയരങ്ങള്‍ കീഴടക്കി മഞ്ജരി

ഗസലിലൂടെ ഉയരങ്ങള്‍ കീഴടക്കി മഞ്ജരി

Monday April 11, 2016,

2 min Read


ചുപ്‌കേ ചുപ്‌കെ രാത് ദിന്‍....... മഞ്ജരി പാടി തുടങ്ങുന്നു. ഇത്തവണ ഗസല്‍ പാടുമ്പോള്‍ അതിനൊരു പ്രത്യേകതയുണ്ട്. ഒരു അവാര്‍ഡ് തിളക്കം. പ്രമുഖ ഗാനരചയിതാവ് അദീബ് ലുധിയാന്‍വിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന 44-ാമത് അദീബ് അവാര്‍ഡ് മഞ്ജരിക്കാണ് ലഭിച്ചത്.. ഉര്‍ദു ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സ്വര്‍ണ പതക്കവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

image


ഗുല്‍സാര്‍, കൈഫി അസ്മി, അലി സുന്ദര്‍ ജാഫ്‌രി, പ്രഫ. ഗോപിചന്ദ്, മുസ്സഫര്‍ അലി, ജാവേദ് അക്തര്‍ തുടങ്ങിയവരാണ് ഇതിന് മുമ്പ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഉറുദു ഭാഷയിലെ മികച്ച നവാഗത ഗസല്‍ ഗായികയ്ക്കുള്ള പുരസ്‌കാരമാണ് മഞ്ജരിക്ക് ലഭിച്ചത്. ഇന്ത്യയില്‍ നിന്നും മഞ്ജരിയെ മാത്രമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മറ്റെല്ലാവരും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ഗുരുക്കന്‍മാരുടെ അനുഗ്രഹമായാണ് പുരസ്‌കാരത്തെ കാണുന്നതെന്ന് മഞ്ജരി പറഞ്ഞു. ഗസലിലൂടെയുള്ള തന്റെ യാത്രയില്‍ ഒത്തിരി സൗഭാഗ്യങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. തന്റെ അധ്യാപകരാണ് ഏറ്റവും വലിയ ഭാഗ്യം. ഗുരുക്കന്‍മാരില്‍ നിന്നും ലഭിച്ച പ്രോത്സാഹനമാണ് തന്നെ ഇവിടെയെത്തിച്ചത്. തന്റെ ആദ്യ ഗുരുവായ ഡോ. ശ്യാമളാ വിനോദ് കുമാറാണ് കര്‍ണാടിക് സംഗീതത്തിലേക്ക് വഴിതിരിച്ചുവിട്ടത്. ഖാലിദ് അന്‍വര്‍ ജാന്‍ ആണ് ഹിന്ദുസ്ഥാനി സംഗീതത്തിലേക്കുള്ള തന്റെ വഴിത്തിരിവിന് കാരണമായത്. അദ്ദേഹം ഇന്ന് ജീവനോടെയില്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം ഒപ്പമുള്ളതായി കരുതുന്നു.

സംഗീതത്തിനോടുള്ള ഇഷ്ടത്തില്‍ നമുക്ക് അതിര്‍ വരമ്പുകള്‍ ഇല്ല എന്നുള്ളതാണ് ഗുലാം അലി സാബിനോടുള്ള നമ്മുടെ ഇഷ്ടം കാണിക്കുന്നത്. ഇന്ത്യ- പാക്സ്ഥാന്‍ അതിര്‍ വരമ്പുകള്‍ അവിടെ പ്രശ്‌നമല്ല എന്നതു തന്നെയാണ് തന്റെ അഭിപ്രായമെന്നും മഞ്ജരി പറഞ്ഞു.

image


2005ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും മികച്ച ഗായികയ്ക്കുള്ള ഏഷ്യാനെറ്റിന്റെ അവാര്‍ഡ് രണ്ടുതവണ നേടി. മലയാളത്തിലും ഹിന്ദിയിലുമായി ആല്‍ബങ്ങളിലും മഞ്ജരി പാടി അഭിനയിച്ചു. മഞ്ജരി പാടി പാടി അഭിനയിച്ച ഹിന്ദി ഗാനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. ഇതിലൂടെ അഭിനയത്തിലുള്ള കഴിവു തെളിയിക്കാന്‍ മഞ്ജരിക്ക് സാധിച്ചു.

image


അനുരാഗമെന്ന സംഗീത ആല്‍ബത്തില്‍ മൂന്നുറോളുകള്‍ കൈകാര്യം ചെയ്തിരിക്കുകയാണ് മഞ്ജരി. പാടുകയും അഭിനയിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിരിക്കുന്നു. അനുരാഗം എന്ന സംഗീത ആല്‍ബത്തിലെ 'മഞ്ഞുപെയ്ത രാവില്‍' എന്ന പാട്ടിലാണ് മഞ്ജരി പാടി അഭിനയിച്ചു. മുംബൈയിലാണ് മഞ്ജരി താമസിക്കുന്നത്. പാട്ട് പഠിക്കാന്‍ വേണ്ടിയാണ് മുംബൈയില്‍ താമസമാക്കിയത്. കിംഗ് ലയര്‍ എന്ന ദിലീപ് ചിത്രമാണ് മഞ്ജരി പാടി ഇപ്പോള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രം.

    Share on
    close