വനിതാ സെൽഫി പ്രവർത്തനമാരംഭിക്കുന്നു  

0

സ്വന്തം പടം സ്വയം എടുക്കുന്നതിനെയാണ് സെല്‍ഫിയെടുക്കല്‍ എന്നുപറയുന്നത്. പക്ഷേ "വനിതാസെല്‍ഫി" എന്നത് കേവലം പടമെടുക്കലല്ല, പരിപാടി സംഘടിപ്പിക്കലാണ്. പരിപാടികള്‍ക്ക്, അത് വിവാഹമാകട്ടെ, പിറന്നാളാകട്ടെ, വിരുന്നാകട്ടെ, സമ്മേളനങ്ങളാകട്ടെ ഇന്നുവരെ നേതൃത്വം നല്‍കി വന്നത് നാട്ടിലെ ആണുങ്ങള്‍ മാത്രമായിരുന്നു. ആ സ്ഥാനം കയ്യടക്കി, കേരളത്തിലെ വനിതകളുടെ ആദ്യ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് - കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 17 ശനിയാഴ്ച വൈകിട്ട് പ്രവര്‍ത്തനമാരംഭിക്കുകയാണ്. കേരളത്തിലെ ശ്രദ്ധേയയായ വനിത ഡോ. ബി. സന്ധ്യ ഐ.പി.എസ് ആണ് കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കീഴിലുള്ള വനിതകളുടെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ "ആഘോഷങ്ങളെ അണിയിച്ചൊരുക്കാന്‍ വനിതാ സെല്‍ഫി" എന്ന സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

കാര്‍ഷിക – ഗ്രാമ വികസന മേഖലകളില്‍ സജീവ സാന്നിദ്ധ്യമായ ബാങ്ക് ഇതിനകം ഒരു ഡസനോളം വ്യത്യസ്തമായ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. കാര്‍ഷിക ഡിസ്പെന്‍സറിയും ഡോക്ടര്‍മാര്‍, പച്ചക്കറി നഴ്സറി, കാര്‍ഷിക ഓപ്പണ്‍ സ്കൂള്‍, നാടന്‍ മുട്ടക്കോഴി വളര്‍ത്തല്‍, ഹരിത സംഘങ്ങള്‍, ഫാം ടൂറിസം പദ്ധതി തുടങ്ങിയ വിവിധ ഇടപെടലുകളിലൂടെ ബാങ്ക് പരിധിയിലുള്ള ജനങ്ങളെ സജീവമായി സംഘടിപ്പിച്ച് വരുന്നതിനിടയിലാണ് കുടുംബശ്രീ സംരംഭങ്ങളിലൂടെ നേതൃപാടവം സിദ്ധിച്ച വനിതകളുടെ കാര്യശേഷി ഫലപ്രദമായി ഉപയോഗിക്കാതെ പാഴായിപ്പോകുന്നതായി ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാറിനും മറ്റും ബോദ്ധ്യപ്പെട്ടത്. ഇതോടൊപ്പം നാട്ടിലെമ്പാടുമുള്ള വിവാഹം, മരണം, വിരുന്ന് തുടങ്ങിയ ചടങ്ങുകളുടെ സംഘാടനത്തിലും നടത്തിപ്പിലും പുരുഷന്മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനപ്രവണത പല വീഴ്ചകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നതായും ചടങ്ങുകളിലെ ജനപങ്കാളിത്തം കുറയുന്നതായും പകരം നഗരങ്ങളിലെ ഇവന്റ് മാനേജ്മെന്റ് സംഘങ്ങളുടെ കൈകളിലേക്ക് ആഘോഷങ്ങളുടെ നടത്തിപ്പ് വഴിമാറുന്നതായും ഇവര്‍ക്ക് ബോദ്ധ്യപ്പെട്ടു. നാട്ടിന്‍പുറത്തെ സ്ത്രീകളില്‍ ഉയര്‍ന്നുവരുന്ന നേതൃശേഷിയെ വിനിയോഗിച്ച് ആഘോഷ ചടങ്ങകളുടെ സംഘാടകരായി അവരെ മാറ്റുവാനുള്ള ആശയം അങ്ങനെയാണുണ്ടായത്.

ഒരു വിവാഹമാണ് വനിതാസെല്‍ഫി ഗ്രൂപ്പിനെ നിങ്ങള്‍ ഏല്‍പ്പിക്കുന്നതെങ്കില്‍ അതിനുള്ള അനുയോജ്യരായ വധൂവരന്മാരെ കണ്ടുപിടിക്കുന്നതും ക്ഷണക്കത്ത് തെരഞ്ഞെടുത്ത് അച്ചടിക്കലും, പന്തലിടുന്നതും പാചകക്കാരെ ഏര്‍പ്പാടാക്കലും പാചകസാധനങ്ങള്‍ വാങ്ങിക്കലും പാചകവും അതിന് ശേഷം ഏറ്റവും പ്രധാനപ്പെട്ടതും പലപ്പോഴും പാളിച്ച പറ്റാറുള്ളതുമായ ഭക്ഷണം വിളമ്പി നല്‍കലും തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും മിതമായ നിരക്കില്‍ സംഘടിപ്പിക്കുവാന്‍ വനിതാ സെല്‍‍ഫി ഇവന്റ് മാനേജ്മെന്റ് ടീം സന്നദ്ധരായിക്കഴിഞ്ഞു. ബാങ്ക് പരിധിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം വരുന്ന വനിതകളാകും വനിതാ സെല്‍ഫി ഇവന്റ് മാനേജ്മെന്റ് ടീമില്‍ അംഗങ്ങളാകുക. വനിതാ സെല്‍ഫിയുടെ അദ്ധ്യക്ഷ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ മുന്‍പ്രസിഡന്റ് ഗീതാകാര്‍ത്തികേയനും സെക്രട്ടറി സി.ഡി.എസ് മുന്‍ കണ്‍വീനര്‍ അനിലാ ബോസുമാണ്. കെ. സുദര്‍ശനാബായിയുടെയും വി. പ്രസന്നന്റെയും നേതൃത്വത്തിലുള്ള ഉപദേശക സമിതിയും ഇവരുടെ മേല്‍നോട്ടത്തിനായി പ്രവര്‍ത്തിക്കുന്നു. ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തന മൂലധനം കുറഞ്ഞ പലിശനിരക്കില്‍ വായ്പയായി അനുവദിക്കാന്‍ കഞ്ഞിക്കുഴി സഹകരണ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. പരിപാടികള്‍ ഇല്ലാത്ത സമയത്തും ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ബാങ്കിന്റെ സഹായത്താല്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും മത്സ്യങ്ങളും വേവിക്കാന്‍ പാകത്തില്‍ അരിഞ്ഞ് വൃത്തിയാക്കി വിതരണം ചെയ്യുന്ന പരിപാടിയും മറ്റും ഇതോടനുബന്ധിച്ച് ആലോചിക്കുന്നുണ്ട്.

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ. എം. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍. നാസര്‍, സി.എസ്. സുജാത, ഷാനിമോള്‍ ഉസ്മാന്‍, പി.പി. ഗീത തുടങ്ങിയവരും രാഷ്ട്രീയ – പൗരപ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.