നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0

ആര്‍. ശങ്കരനാരായണന്‍ തമ്പി, ഇ.കെ. നായനാര്‍, ജി. കാര്‍ത്തികേയന്‍ എന്നിവരുടെ പേരിലുള്ള ഈ വര്‍ഷത്തെ നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

മംഗളം ദിനപത്രത്തിലെ (മലപ്പുറം) റിപ്പോര്‍ട്ടര്‍ വി.പി. നാസര്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി അച്ചടി മാധ്യമ അവാര്‍ഡിന് അര്‍ഹനായി. 2016 ഡിസംബര്‍ 27 മുതല്‍ 31 വരെ പ്രസിദ്ധീകരിച്ച ഊരിലുമുണ്ട് ഉജ്ജ്വല രത്‌നങ്ങള്‍ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. ശങ്കരനാരായണന്‍ തമ്പി ദൃശ്യ മാധ്യമ അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസിലെ സി.അനൂപ് അര്‍ഹനായി. 2016 ഡിസംബര്‍ രണ്ട്, 11, 25 തിയതികളില്‍ സംപ്രേഷണം ചെയ്ത വാക്ക് പൂക്കും കാലം എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.

ഇ.കെ. നായനാര്‍ അച്ചടി മാധ്യമ അവാര്‍ഡിന് മലയാളമനോരമ ദിനപത്രത്തിലെ (കോട്ടയം) എ.എസ്. ഉല്ലാസ്‌കുമാര്‍ അര്‍ഹനായി. 2016 നവംബര്‍ 15 മുതല്‍ 19 വരെ പ്രസിദ്ധീകരിച്ച തിന്നുന്നതെല്ലാം മീനല്ല എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. ഏഷ്യാനെറ്റ് ന്യൂസിലെ (വയനാട്) ജെയ്‌സണ്‍ മണിയങ്ങാടിനാണ് ഇ.കെ. നായനാര്‍ ദൃശ്യമാധ്യമ അവാര്‍ഡ്. 2016 സെപ്റ്റംബര്‍ അഞ്ചിന് സംപ്രേഷണം ചെയ്ത തോല്‍ക്കുന്ന ജനത എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.

നിയമസഭാ റിപ്പോര്‍ട്ടിങ്ങിനുള്ള ജി. കാര്‍ത്തികേയന്‍ അച്ചടി മാധ്യമ അവാര്‍ഡിന് കേരള കൗമുദി ദിനപത്രത്തിലെ (തിരുവനന്തപുരം) സി.പി. ശ്രീഹര്‍ഷന്‍ അര്‍ഹനായി. 2016 ഒക്ടോബര്‍ 21, നവംബര്‍ നാല്, ഒമ്പത് തിയതികളില്‍ പ്രസിദ്ധീകരിച്ച നിയമസഭയില്‍ എന്ന റിപ്പോര്‍ട്ടിങ്ങിനാണ് അവാര്‍ഡ്. മാതൃഭൂമി ന്യൂസ് തിരുവനന്തപുരം യൂണിറ്റിലെ സീജി ജി.എസിനാണ് ജി. കാര്‍ത്തികേയന്‍ സ്മാരക ദൃശ്യമാധ്യമ അവാര്‍ഡ്. 2016 ഫെബ്രുവരി ആറ്, 12, ജൂണ്‍ 24, ജൂലൈ 15, ഒക്ടോബര്‍ 26 തിയതികളില്‍ സംപ്രേഷണം ചെയ്ത വിവിധ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് അര്‍ഹമായത്. മലയാള മനോരമ ന്യൂസ് (തിരുവനന്തപുരം) റിപ്പോര്‍ട്ടര്‍ അനൂപ് കെ. എസ്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 2016 നവംബര്‍ 21 ന് സംപ്രേഷണം ചെയ്ത ഔഷധക്കൂട്ടുമായി വനമുത്തശ്ശി എന്ന റിപ്പോര്‍ട്ടാണ് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായത്. ഡോ. ജെ. പ്രഭാഷ്, ആര്‍.എസ്. ബാബു, സണ്ണിക്കുട്ടി എബ്രാഹം, സി.എല്‍. തോമസ്, കെ.പി. രാമനുണ്ണി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.