സമൂഹത്തിനായി ജീവിതം മാറ്റിവെച്ച് പ്രവീണ്‍ നിഗം

0

കൗമാരപ്രായത്തില്‍നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോള്‍ മിക്കവരുടെയും മനസുകളില്‍ തങ്ങളുടെ കരിയറിനെക്കുറിച്ച് ഏകദേശ ധാരണയുണ്ടാകും. ചിലര്‍ക്ക് ഡോക്ടറാകാനാകും ആഗ്രഹം, ചിലര്‍ എന്‍ജിനീയറിംഗിലേക്ക് കടക്കും. മറ്റ് ചിലര്‍ക്ക് സംരംഭകരാകാനായിരിക്കും ആഗ്രഹം. എന്നാല്‍ സമൂഹത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കണമെന്ന് ചിന്തിക്കുന്നവര്‍ അത്രപേരുണ്ടാകും. 18കാരിയായ പ്രവീണ്‍ നിഗമിന്റെ ചിന്ത ഇത്തരത്തിലായിരുന്നു. സമൂഹത്തിന് വേണ്ടി പ്രവര്‍ത്താക്കാനായിരുന്നു പ്രവീണിന്റെ തീരുമാനം.

ഇതിനായി 2011ല്‍ പ്രവിന്‍, രോഷ്‌നി എന്ന സ്ഥാപനം തുടങ്ങി. പൂനൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് രോഷ്‌നി. ചേരികളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും അവിടങ്ങളിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് രോഷ്‌നി. സ്ഥാപനത്തിലൂടെ ചേരികളിലെ കുട്ടികള്‍ക്ക് വായിക്കുന്നതിനും സംസാരിക്കുന്നതിനും ഉള്ള അറിവിലും കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഭാഷയിലും ഗണിതത്തിലും, ഭൗതികശാസ്ത്രത്തിലും പരിസ്ഥിതിപരമായും അന്തര്‍ദേശീയ വിഷയങ്ങളിലും ചിത്രരചനയിലും, നൃത്തത്തിലും സംഗീതത്തിലുമെല്ലാം ഏറെ മുന്നോട്ട് കൊണ്ടുവരാനായിട്ടുണ്ട്.

രോഷ്‌നിക്ക് വേണ്ടി നിരവധി സോഷ്യല്‍ ക്യാമ്പെയിനുകള്‍ പ്രവീണ്‍ സംഘടിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ അസമത്വവും ചൂഷണങ്ങളും അവസാനിപ്പിക്കാന്‍ ജനങ്ങളെ ബോധവാന്മാരാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

രോഷ്‌നിയുടെ മറ്റൊരു പ്രവര്‍ത്തനം സ്ത്രീകള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതായിരുന്നു. ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്റെ സര്‍വേ അനുസരിച്ച് 1226 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് മൂത്രപ്പുരകളില്ല. പൂനെ ഡില്ലയില്‍ 35 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് മൂത്രപ്പുരകളില്ല. 55 സ്‌കൂളുകളിലെ മൂത്രപ്പുരകള്‍ ഉപയോഗ ശൂന്യവുമാണ്.

നൂറ് പേര്‍ക്ക് ഒരു മൂത്രപ്പുര എന്ന പേരിലാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പൂനൈയില്‍ 9100 പേര്‍ക്ക് ഒരു മൂത്രപ്പുര എന്ന നിരക്കിലാണുള്ളത്. ഇത് ഒരു കൂട്ടം യുവാക്കളെ നഗരം വൃത്തിയാക്കണമെന്ന ആശയത്തിലേക്കെത്തിച്ചു.

ക്യാമ്പയിന്റെ ഭാഗമായി ഓരോരുത്തരും അവരവരുടെ സ്ഥാപനങ്ങളിലുള്ള വൃത്തിഹീനമായ ടോയ്‌ലറ്റുകളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് രോഷ്‌നിയിലെ വോളന്റിയര്‍മാര്‍ അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവര്‍ അവ വൃത്തിയാക്കാന്‍ തയ്യാറായില്ലെങ്കില്‍ രോഷ്‌നിയിലെ വോളന്റിയര്‍മാര്‍ തന്നെ നേരിട്ടെത്തി വൃത്തിയാക്കി കൊടുക്കുകയാണുണ്ടായത്.

രോഷ്‌നിയുടെ റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് പദ്ധതിയനുസരിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് പരീക്ഷ എഴുതികൊടുക്കാന്‍ ആളുകളെ ലഭ്യമാക്കി. കാഴ്ചവൈകല്യമുള്ളവര്‍ക്കും സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രവീണ്‍ പറയുന്നു.

കിതാബ് എക്‌സ്പ്രസ് എന്നതാണ് രോഷ്‌നി നടത്തുന്ന മറ്റൊരു ക്യാമ്പെയിന്‍. കുട്ടികളില്‍ വായനാശീലം ഉണ്ടാക്കിയെടുക്കുന്നതിനുള്ള പദ്ധതിയാണിത്. തിരഞ്ഞെടുക്കുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പാഠ പുസ്തകങ്ങളും അതോടൊപ്പം മറ്റ് പുസ്തകങ്ങളും വിതരണം ചെയ്ത് അവരെ വായിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

പിങ്ക് പ്രോജക്ട് എന്ന പേരിലാണ് രോഷ്‌നിയുടെ മറ്റൊരു പദ്ധതി. ബ്രസ്റ്റ് ക്യാന്‍സറിനെതിരെ ജനങ്ങളെ ബോധവല്‍കരിക്കുന്നതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടക്കുന്നത്. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയുള്ളതാണ് പീരിഡ് പ്രോജക്ട്.

ഒരു എജ്യൂക്കേഷണല്‍ ടൂറിന്റെ ഭാഗമായി 2011ല്‍ പ്രവിന്‍ ആസാമിലേക്ക് പോകുകയുണ്ടായി. അവിടെവെച്ച് വിദ്യാഭ്യാസം പാതിയില്‍ അവസാനിപ്പിക്കേണ്ടിവന്ന ഒരു കൗമാരക്കാരിയെ പ്രവീണ്‍ കണ്ടുമുട്ടി. അവള്‍ ഋതുമതിയായി എന്ന കാരണം കൊണ്ടാണ് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. ഇത് ഒരു കാരണമായി കണ്ടെത്തി അവളുടെ പിതാവ് സ്‌കൂള്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു. ഇത് ഞെട്ടിപ്പിക്കുന്ന അനുഭവമാണ് പ്രവീണിന് ഉണ്ടാക്കിയത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് വൃത്തിയെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ജനങ്ങളെ ബോധവല്‍കരിക്കേണ്ടതുണ്ടെന്ന് പ്രവീണ്‍ മനസിലാക്കി. വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ മനസിലാക്കിക്കാനായിരുന്നു പ്രവീണിന്റെ തീരുമാനം.

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതോടെ പ്രവിന്‍ എന്‍ജിനീയറിംഗ് പഠനം അവസാനിപ്പിച്ച് ഹ്യുമാനിറ്റിസിന് അഡ്മിഷന്‍ നേടി. തന്റെ മാതാപിതാക്കള്‍ക്ക് താന്‍ ഹ്യുമനിറ്റീസ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ താന്‍ മികച്ച കരിയറിന് വേണ്ടി എന്‍ജിനീയറിംഗ്തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം താന്‍ മുഴുവന്‍ സമയവും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയാണുണ്ടായത്. ആസാമില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയുടെ പേരാണ് സ്ഥാപനത്തിന് നല്‍കിയത് രോഷ്‌നി.

രോഷ്‌നി ഒരു രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകള്‍ സ്വീകരിക്കാറില്ല. രോഷ്‌നിയിലെ വോളന്റിയേഴ്‌സിന്റെ പ്രവര്‍ത്തനവും അവരില്‍നിന്നുള്ള സാമ്പത്തിക സഹായവും കൊണ്ടാണ് രോഷ്‌നി പ്രവര്‍ത്തിക്കുന്നത്. ആറ് പേരില്‍ നിന്ന് തുടങ്ങിയ രോഷ്‌നിയില്‍ ഇന്ന് 250 വോളന്റിയര്‍മാരാണുള്ളത്. സമൂഹത്തില്‍ രോഷ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സ്വാധീനമാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

പ്രവീണിന് ഇപ്പോള്‍ 22 വയസാണ് പ്രായം. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും പ്രവീണിനെ തേടിയെത്തിയിട്ടുണ്ട്. 2014ല്‍ വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ഷേപ്പര്‍ ആയി പ്രവിനിനെ നിയമിച്ചു. കൂടാതെ യു എന്‍ന്റെ എ വേള്‍ഡ് അറ്റ് സ്‌കൂളിന്റെ ഗ്ലോബല്‍ യൂത്ത് അംബാസഡറായും പ്രവീണിനെ തിരഞ്ഞെടുത്തു. റോയല്‍ കോമ്മണ്‍വെല്‍ത്ത് സൊസൈറ്റിയിലെ അസോസിയേറ്റ് ഫോലോയാണ് പ്രവീണ്‍. ഇങ്ങനെ നിരവധി അംഗീകാരങ്ങളാണ് പ്രവീണിന് ലഭിച്ചിട്ടുള്ളത്.

ചേരിയിലുള്ളവര്‍ക്കായി മറ്റൊരു പദ്ധതി തുടങ്ങാനും പ്രവീണിന് ലക്ഷ്യമുണ്ട്. നമ്മുടെ സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് മികച്ച ജീവിത സാഹചര്യമുണ്ടാക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രവീണ്‍ പറയുന്നു.