നാവിന് ഉത്സവമായി കെപ്‌കോയുടെ സ്‌നാക്‌സ് കോര്‍ണറുകള്‍

0


ചിക്കന്‍ പ്രേമികള്‍ക്ക് പുതിയ രുചികളുമായി കെപ്‌കോ. കെപ്‌കോ റസ്റ്റോറന്റുകളോട് ചേര്‍ന്ന് കെപ്‌കോയുടെ സ്‌നാക്‌സ് കോര്‍ണറുകളാണ് പുതിയ ചിക്കന്‍ വിഭവങ്ങളുമായി എത്തുന്നത്. ചിക്കന്‍ കൊണ്ടുള്ള നിരവധി പുതിയതും പഴയതുമായ സ്‌നാക്‌സ് വിഭവങ്ങളാണ് ഈ കോര്‍ണറില്‍ ഒരുക്കുന്നത്. തിരുവനന്തപുരത്ത് പേട്ടയിലുള്ള കെപ്‌കോ റസ്റ്റോറന്റിനോടനുബന്ധിച്ചാണ് ആദ്യ സ്‌നാക്‌സ് കോര്‍ണര്‍ ആരംഭിക്കുന്നത്. പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആധുനിക രീതിയില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌നാക്‌സ് കോര്‍ണറില്‍ വിപണിയില്‍ പ്രിയം നേടിയിട്ടുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്. ക്രിസ്പി ചിക്കന്‍, ലോലിപോപ്പ്, ചിക്കന്‍ കട്‌ലറ്റ്, ചിക്കന്‍ സോസേജ്, ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍ എന്നിവയാണ് ഇവിടെ ലഭിക്കുക. കൂടാതെ ജനപ്രീതി നേടിയ കെപ്‌കോ ചിക്കന്റെ മൂല്യവര്‍ധിത ഉത്പന്ങ്ങളായ ചിക്കന്‍ അച്ചാര്‍, നഗ്ഗറ്റ്‌സ് എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്.

മലയാളിയുടെ മാറുന്ന ഭക്ഷണ രീതിയും സംസ്‌കാരവും കാലത്തിന്റെ രുചിഭേദവും കണ്ടറിഞ്ഞ് കാലോചിതമാറ്റം വരുത്താനാണ് കെപ്‌കോയുടെ ഉദ്ദേശം. കേരളീയര്‍ വളരെ പ്രിയത്തോടെ കഴിക്കുന്ന ചിക്കന്‍ വിഭവങ്ങളില്‍ ഒരേ രുചി മടുപ്പുളവാക്കുന്നു എന്ന തിരിച്ചറിയലാണ് പുതിയ രുചികള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

റസ്റ്റോറന്റ് അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളോടുകൂടിയ കോര്‍ണറായിരിക്കും ഇത്. ഇവിടെയെത്തുന്നവര്‍ക്ക് ഇഷ്ടമുള്ള ചിക്കന്‍ സ്‌നാക്‌സ് തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കെപ്‌കോ റസ്റ്റോറന്റിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ സ്ഥാപനത്തിന് ജനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ആശാവഹമായ സഹകരണമാണ് സ്ഥാപത്തിന്റെ പ്രധാന വളര്‍ച്ചയെന്ന് കെപ്‌കോ ഡയറക്ടര്‍ ഡോ. വി സുനില്‍ കുമാര്‍ പറഞ്ഞു. പൊതുമേഖലയില്‍ കെ ടി ഡി സി കഴിഞ്ഞാല്‍ മാറുന്ന രുചിയുടെ ആസ്വാദ്യകരമായ വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ കെപ്‌കോ റസ്റ്റോറന്റ് എന്നും കാലത്തിനൊപ്പം സഞ്ചരിക്കുകയാണ്.

മുട്ട, കോഴിയിറച്ചി ഉത്പാദനത്തില്‍ സ്വയം പര്യപ്തത എന്നതാണ് കെപ്‌കോയുടെ പരമമായ ലക്ഷ്യം. ഉത്പാദനവും സംസ്‌കരണവും വിപണനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു കര്‍മ പരിപാടിയാണ് കെപ്‌കോ അനുവര്‍ത്തിക്കുന്നത്. ഒപ്പം വൈവിധ്യവത്കരണവും. ഇതിന്റെ ഭാഗമായിട്ടാണ് 2010ല്‍ കെപ്‌കോ എ സി റസ്റ്റോറന്റ് ആരംഭിച്ചത്. ആരോഗ്യരക്ഷക്കുള്ള ഒരു സാധ്യത എന്ന നിലക്ക് ചിക്കന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സുരക്ഷിത ഭക്ഷണം നല്‍കുന്നതില്‍ ഈ റസ്റ്റോറന്റുകള്‍ അതീവ ശ്രദ്ധ പതിപ്പിച്ചു. പിന്നീട് റസ്റ്റോറന്റിന്റെ രണ്ടാം ഘട്ട വികസനം നടപ്പാക്കുകയും ചിക്കന്‍ തന്തൂരി, ഷവായ എന്നിവ ലഭ്യമാക്കുകയും ചെയ്തു.