സാന്‍ജോജോസിന്റെ ഹൃദയം ജിതേഷിലേക്ക്...

സാന്‍ജോജോസിന്റെ ഹൃദയം ജിതേഷിലേക്ക്...

Monday October 10, 2016,

2 min Read

മസ്തിഷ്‌ക മരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാന്‍ജോസ് ജോസഫിന്റെ (20) ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ജിതേഷിനായി(32) എത്തി. കേരളസര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ.എന്‍.ഒ.എസ്. (മൃതസഞ്ജീവനി) വഴി തമിഴ്‌നാട്ടില്‍ നിന്നും ജിതേഷിനായി ഹൃദയം എത്തിക്കുവാനുള്ള ശ്രമം കഴിഞ്ഞയാഴ്ച അവസാന നിമിഷം ഉപേക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ജിതേഷിന്റെ ജീവന്‍ നിലനിര്‍ത്താനായി ഏകദേശം 70 ലക്ഷത്തോളം രൂപ മുടക്കി വിദേശത്തു നിന്നും ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ അസിസ്റ്റ് ഡിവൈസ് (LVAD) എത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഈയൊരു വലിയതുക കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോഴാണ് സര്‍ക്കാരിന്റെ മൃതസജ്ഞീവനി പദ്ധതി വീണ്ടും തുണയായത്.

image


സണ്ണി, മിനി ദമ്പതികളുടെ മകനാണ് സാന്‍ജോസ്. രണ്ട് സഹോദരങ്ങള്‍. ഒക്‌ടോബര്‍ ആറാം തീയതി വൈകുന്നേരം 7 മണിക്ക് സാന്‍ജോസ് ഓടിച്ചിരുന്ന ബൈക്ക് ചങ്ങനാശേരി, ആലപ്പുഴ റൂട്ടില്‍ വച്ച് ട്രക്കുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ സാന്‍ജോസിനെ പെരുന്ന എന്‍എസ്എസ് ആശുപത്രിയില്‍ എത്തിച്ചശേഷം അന്നുതന്നെ പുഴ്പഗിരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന സാന്‍ജോസിന്റെ മസ്തിഷികമരണം ഇന്ന് അതിരാവിലെ (10102016) രണ്ടുമണിയോടെ വിദഗ്ധ സംഘം സ്ഥിരീകരിക്കുകയായിരുന്നു. ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകരിച്ച നാലംഗ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ആറുമണിക്കൂറിടവിട്ട് രണ്ടുതവണ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.

അവയവദാനത്തിന് സാന്‍ജോസിന്റെ കുടുംബാംഗങ്ങള്‍ തയ്യാറായതിനെത്തുടര്‍ന്ന് പുഷ്പഗിരിയിലെ ഡോക്ടര്‍മാര്‍ കെ.എന്‍.ഒ.എസിനെ (മൃതസഞ്ജീവനി) ഇക്കാര്യം അറിയിച്ചു. ഉടന്‍ തന്നെ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും സാന്‍ജോസിന്റെ അവയവങ്ങള്‍ ചേര്‍ച്ചയായവരെ കണ്ടെത്തുകയായിരുന്നു.ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള അടിയന്തിരമായി ഹൃദയം ആവശ്യമുള്ള ജിതേഷിനും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഇരുവൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിനും നല്‍കി. സാന്‍ ജോസിന്റെ ഹൃദയം പുഴ്പഗരിയില്‍ നിന്നും എടുത്ത് റോഡുമാര്‍ഗം 6.55ന് എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചിരുന്നു. 120 കിലോമീറ്റര്‍ ദൂരം പോലീസിന്റെ സഹായത്തോടെ കേവലം ഒരു മണിക്കൂര്‍ പത്ത് മിനിട്ടു കൊണ്ടാണ് ഓടിയെത്തിയത്.