ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം യാഥാര്‍ഥ്യമായി

0

ട്രഷറികളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെയും സഹകരണമേഖലയുടെയും കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്നു സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊബൈല്‍ ഫോണിലൂടെ ഇത്തരം ഇടപാടുകള്‍ നടത്താനുള്ള സംവിധാനവും ഉണ്ടാക്കും. ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ സംയോജിത ധനമാനേജ്മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതികവിദ്യാരംഗത്തു ട്രഷറി കൈവരിച്ചിരിക്കുന്നനേട്ടം അഭിമാനകരമാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ധനമാനേജ്മെന്റ് സാമ്പത്തിക സുതാര്യത ഉറപ്പാക്കും. ഇത് സര്‍ക്കാരിനു പലതരത്തില്‍ മെച്ചമുണ്ടാക്കും. ട്രഷറിയിലെ യഥാര്‍ത്ഥധനസ്ഥിതി അപ്പപ്പോള്‍ അറിയാന്‍ കഴിയുന്നതിനാല്‍, ഊഹത്തിന്റെ അടിസ്ഥാനത്തില്‍ കടമെടുക്കുന്നത് ഒഴിവാക്കാനാകും. 

പലിശയിനത്തില്‍ വലിയ തുക ഇതുവഴി ലാഭിക്കാനാകും. ആവശ്യമില്ലാത്ത കടഭാരം പേറേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് സര്‍ക്കാരിനെ സഹായിക്കും. ട്രഷറികളില്‍ അക്കൗണ്ടുള്ളവരുടെ എണ്ണം വളരെ വലുതാണ്. പുതിയ സംവിധാനത്തിലൂടെ അവര്‍ക്കെല്ലാം അവര്‍ മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്ന പ്രകാരം അതതു തീയതികളില്‍ അവരുടെ പ്രതിമാസ അടവുകള്‍ ഓട്ടോമാറ്റിക്കായി അടയ്ക്കാനുള്ള സൗകര്യം കൈവന്നിരിക്കുകയാണ്. മുഴുവന്‍ ജീവനക്കാരും ട്രഷറിയില്‍ അക്കൗണ്ട് തുടങ്ങുന്നതോടെ അവര്‍ക്കെല്ലാം ഇതു സൗകര്യമാകും. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന കൂടുതല്‍ സാങ്കേതികവിദ്യകള്‍ ഇനിയും പ്രയോഗിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ലഭ്യമായ എല്ലാ ഏജന്‍സികളുടെയും സേവനം ഉപയോഗപ്പെടുത്തി ട്രഷറിയുടെ സോഫ്റ്റ്വെയറിന്റെയും വിവരശേഖരത്തിന്റെയും പൂര്‍ണ്ണസുരക്ഷ ഉറപ്പുവരുത്തും. രാജ്യത്ത് ആദ്യമായി ഈ നേട്ടം കൈവരിച്ച ട്രഷറിവകുപ്പിനെയും അതിനു നേതൃത്വം നല്‍കിയവരെയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തെ ട്രഷറികളിലൂടെ അപ്പപ്പോള്‍ നടക്കുന്ന ധനയിടപാടുകളുടെ വിവരങ്ങള്‍ ലാപ്ടോപ്പിലൂടെ അദ്ദേഹം നേരിട്ടു നിരീക്ഷിക്കുകയും ചെയ്തു. ലോകത്ത് എവിടെനിന്നും 24 മണിക്കൂറും ഏത് അക്കൗണ്ടിലേക്കും ഇലക്ട്രോണിക്കായി പണം കൈമാറാനും ഏതു ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ഒക്കെയുള്ള സൗകര്യമാണ് കൈവന്നിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ജീവനക്കാരെല്ലാം അക്കൗണ്ട് തുറക്കുന്നത് ട്രഷറിയില്‍ ധനലഭ്യത ഉറപ്പാക്കാന്‍ സഹായിക്കും. വകുപ്പുകള്‍ക്കു നീക്കിവയ്ക്കുന്ന പണത്തില്‍നിന്ന് മുന്‍ഗണനയനുസരിച്ച് ധനം വിനിയോഗിക്കാന്‍ വകുപ്പുമേധാവികള്‍ക്കു കഴിയും. ഇതെല്ലാം ഭരണത്തിന്റെ വേഗം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീകരിച്ച പാസ്ബുക്കിന്റെയും ചെക്കുബുക്കിന്റെയും പ്രകാശനവും മുഖ്യപ്രഭാഷണവും കെ. മുരളീധരന്‍ എം.എല്‍.എ. നിര്‍വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം സംയോജിത ധനമാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി വിശദീകരിച്ചു. നഗരസഭാകൗണ്‍സിലര്‍ പാളയം രാജന്‍, ധനവിഭവസെക്രട്ടറി മിന്‍ഹാജ് ആലം, റിസര്‍വ്വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ നരസിംഹസ്വാമി, ഐറ്റി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പി. സുഗേന്ദ്രന്‍, എന്‍.ഐ.സി. സ്റ്റേറ്റ് ഇന്‍ഫോമാറ്റിക്‌സ് ഓഫീസര്‍ റ്റി. മോഹന്‍ദാസ്, ട്രഷറി ഡയറക്ടര്‍ ജെ.സി. ലീല, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എം.ആര്‍. രഘുനാഥന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ഏതു ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കുകയും നിക്ഷേപിക്കുകയും ചെയ്യാം. ഏത് അക്കൗണ്ടിലേക്കും ഇലക്‌ട്രോണിക്കായി പണം കൈമാറാം. കേന്ദ്രീകൃത പെന്‍ഷന്‍ വിതരണത്തിനും വിവിധ സേവന സംവിധാനങ്ങളിലെ ട്രഷറി അക്കൗണ്ടിലൂടെ അടയ്ക്കാനും പദ്ധതി വഴി സൗകര്യമുണ്ടാകും.